Controversy | ഇതിഹാസങ്ങളുടെ രണ്ട് തലകൾ ഉരുണ്ട ഞായർ; പന്ത് ഇനി പൊലീസിൻ്റെ ഗ്രൗണ്ടിൽ

 
Malayalam Film Industry Faces Crisis

Photo Credit: Facebook/ Ranjith Director fans , Sidhique

* രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചു.
* സിദ്ദിഖ് എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു.
* രണ്ട് പേർക്കും എതിരെ ലൈംഗിക ചൂഷണ ആരോപണങ്ങൾ ഉയർന്നു.

 

ഭാമനാവത്ത് 

കണ്ണൂർ: (KVARTHA) ഇതിഹാസമെന്ന് ന്യായീകരിച്ചു മെഴുകിയ സാംസ്കാരികമന്ത്രി സജി ചെറിയാനും സർക്കാരിനും തിരച്ചടിയായി കൊണ്ടാണ് സംവിധായകൻ രഞ്ജിത്ത് സർക്കാർ നൽകിയ പദവി രാജിവെച്ചത്. ഇതോടെ ബംഗാളി നടിയുടെ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് സമ്മതിക്കുകയാണ് വിഖ്യാത ചലച്ചിത്രകാരനായ രഞ്ജിത്ത്. വിവാദം കൊടുമ്പിരി കൊള്ളുന്ന പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന നേതൃത്വം രാജി ആവശ്യപ്പെട്ടുവെന്നാണ് വിവരം.

Malayalam Film Industry Faces Crisis

സർക്കാരിൻ്റെ പ്രതിച്ഛായ പാർട്ടി സഹയാത്രികരാൽ കളങ്കപ്പെടുന്നത് നേതൃത്വത്തിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയർമാൻ പദവി നൽകിയത് പാർട്ടിയാണെന്ന പരാമർശം സാംസ്കാരിക മന്ത്രി സജി ചെറിയാൻ സൂചിപ്പിച്ചിരുന്നു. ഇതിനെതിരെ സി.പി.എമ്മിനുള്ളിൽ തന്നെ അതൃപ്തി പടർന്നിരുന്നു. ഇതിനെ തുടർന്നാണ് അടിയന്തിര രാജി ആവശ്യപ്പെട്ടതെന്നാണ് സൂചന. 

താൻ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെയ്ക്കുന്നതായി സംവിധായകൻ രഞ്ജിത് സാംസ്കാരിക മന്ത്രി സജി ചെറിയാനെയാണ് ഞായറാഴ്ച രാവിലെ അറിയിച്ചത്. ഇതിനായി കത്തുനൽകിയിട്ടുണ്ട്. ബം​ഗാളി നടിയുടെ ലൈംഗികാരോപണം ഉയർന്നതിന് പിന്നാലെ രഞ്ജിത് രാജിവക്കണമെന്ന മുറവിളികൾ ശക്തമായിരുന്നു. സത്യം പുറത്ത് വരുമെന്ന് രഞ്ജിത്ത് രാജി സന്ദേശത്തിൽ പറയുന്നു. 

ഞായറാഴ്ച രാവിലെ തന്നെ എഎംഎംഎ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചിരുന്നു. ബം​ഗാളി നടിയായ ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരെ ​ഗുരുതര ലൈം​ഗിക ആരോപണവുമായി രം​ഗത്തെത്തിയത്. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി പറയുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര മാധ്യമങ്ങളോട് പറഞ്ഞു.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെയിലെ അഭിനയം കണ്ടാണ് രജ്ഞിത്ത് പാലേരി മാണിക്യത്തിലേക്ക് വിളിക്കുന്നത്. ഓഡിഷൻ എല്ലാം കഴിഞ്ഞതായിരുന്നു. രാവിലെ സംവിധായകൻ രഞ്ജിത്തുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി. മലയാള സിനിമ വളരെ ഇഷ്ടമായിരുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ പോകുന്നതിന്റെ സന്തോഷമുണ്ടായിരുന്നു. വൈകീട്ട് അണിയറപ്രവർത്തകർക്കായി പാർട്ടിയുണ്ടായിരുന്നു. അവിടെ എത്തിയപ്പോൾ നിരവധി ആളുകൾ ഉണ്ടായിരുന്നു. നിർമാതാവാണ് ക്ഷണിച്ചത്. ഇവിടെ വെച്ച് തൻറെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്കസ് ചെയ്യാനാണെന്നാണ് ഞാൻ കരുതിയത്. റൂമിലെത്തിയതും അദ്ദേഹം കൈയിൽ തൊട്ടു, വളകൾ പിടിച്ചു. അത് വളരെ പ്രയാസമുണ്ടാക്കി.

പെട്ടെന്ന് പരിഭ്രമത്തിൽ പ്രതികരിക്കാൻ സാധിച്ചില്ല. ഇതിന് പിന്നാലെ രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. ഉടനെ തന്നെ മുറിയിൽ നിന്നും ഇറങ്ങിപ്പോയി. ആ രാത്രി പേടിയോടെയാണ് ഹോട്ടൽ മുറിയിൽ കഴിഞ്ഞത് ഒരിക്കലും ആ ദിവസം തനിക്ക് മറക്കാനാവില്ല. ഭർത്താവിനോടോ കുടുംബത്തിനോടോ ഇക്കാര്യങ്ങൾ പറയാൻ പറ്റിയില്ല. അന്ന് കടന്ന് പോയ മാനസികാവസ്ഥയെക്കുറിച്ച് ആർക്കും മനസിലാക്കാനാവില്ല. ഡോക്യുമെൻ്ററി സംവിധായകൻ ജോഷി ജോസഫിനോടാണ് പരാതി പറഞ്ഞത്. പാലേരി മാണിക്യം സിനിമയിലും, മറ്റു മലയാളം സിനിമകളിലും പിന്നീട് അവസരം കിട്ടിയില്ല. മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചത്. തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ല. പിറ്റേന്ന് ഒറ്റയ്ക്കാണ് നാട്ടിലേക്ക് മടങ്ങിയത്, മിത്ര പറയുന്നു.

കഴിഞ്ഞ ദിവസം യുവനടി ഉയർത്തിയ ലൈംഗികാരോപണത്തിന്റെ അടിസ്ഥാനത്തിലാണ് സിദ്ദിഖ് എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കുന്നത്. യുവനടി രേവതി സമ്പത്ത് ആണ് സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ചത്. പ്ലസ് ടു പഠിക്കുന്ന സമയത്താണ് സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയതെന്നും 2019ല്‍ തന്നെ ഇക്കാര്യം പൊതു സമൂഹത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നും രേവതി മാധ്യമങ്ങളോട് പറഞ്ഞു. പീഡനം നേരിട്ടുവെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

#MalayalamCinema #RenjithResigns #SiddiqueResigns #KeralaNews #BollywoodNews #IndianCinema

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia