Strong Room | ജനഹിതമറിയാന്‍ മിനുടുകള്‍ മാത്രം; സ്‌ട്രോങ് റൂമുകള്‍ തുറന്നു; വോടെണ്ണല്‍ നടപടികള്‍ ആരംഭിച്ചു
8 മണിയോടെ പോസ്റ്റല്‍ വോടുകള്‍ എണ്ണിത്തുടങ്ങും
പിന്നാലെ വോടിങ് മെഷീനുകളും എണ്ണിത്തുടങ്ങും
കൗണ്ടിങ് സൂപര്‍വൈസര്‍ വോടിങ് യന്ത്രം പരിശോധിച്ച് കേടുപാടുകള്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മുദ്ര പൊട്ടിക്കും.
തിരുവനന്തപുരം: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ജനഹിതമറിയാന്‍ മിനുടുകള്‍ മാത്രം. വോടെണ്ണല്‍ നടപടികളുടെ ആദ്യ പടിയായ സ്‌ട്രോങ് റൂമുകള്‍ തുറന്നു തുടങ്ങി. തിരുവനന്തപുരത്തും എറണാകുളത്തും മലപ്പുറത്തും കോഴിക്കോടും വടകരയിലും കാസര്‍കോടും സ്‌ട്രോങ് റൂമുകള്‍ തുറന്നു. റിടേണിങ് ഓഫീസര്‍, അസിസ്റ്റന്റ് റിടേണിങ് ഓഫിസര്‍, സ്ഥാനാര്‍ഥികള്‍, തിരഞ്ഞെടുപ്പ് ഏജന്റുമാര്‍, തിരഞ്ഞെടുപ്പ് കമിഷന്‍ നിരീക്ഷകര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്‌ട്രോങ്ങ് റൂം തുറന്നത്. ലോഗ് ബുകില്‍ എന്‍ട്രി രേഖപ്പെടുത്തിയശേഷം വീഡിയോ കവറേജോടെയാണ് ലോക് തുറന്നത്.
തിരുവനന്തപുരത്ത് സര്‍വോദയ സ്‌കൂളിലും എറണാകുളത്ത് മഹാരാജാസ് കോെളജിലുമാണ് വോടിങ് മെഷീനുകള്‍ സൂക്ഷിച്ചത്. രാവിലെ ആറ് മണിയോടെയാണ് സ്‌ട്രോങ് റൂമുകള്‍ തുറന്ന് തുടങ്ങിയത്. എട്ട് മണിയോടെയാണ് വോടെണ്ണല്‍ കേന്ദ്രത്തിലേക്ക് വോടിങ് മെഷീനുകള്‍ മാറ്റുക. എട്ട് മണിയോടെ പോസ്റ്റല്‍ വോടുകള്‍ (ഇടിപിബി) എണ്ണിത്തുടങ്ങും. ഇതിന് പിന്നാലെ വോടിങ് മെഷീനുകളും എണ്ണിത്തുടങ്ങും. കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ കൗണ്ടിങ് സൂപര്‍വൈസര്‍ വോടിങ് യന്ത്രം പരിശോധിച്ച് കേടുപാടുകള്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മുദ്ര പൊട്ടിക്കും.
ഓരോ റൗണ്ടിലും എല്ലാ വോടിങ് മെഷീനുകളും എണ്ണിത്തീര്‍ന്ന ശേഷം തിരഞ്ഞെടുപ്പ് കമീഷന്റെ നിരീക്ഷകന്‍ അതില്‍ നിന്നും ഏതെങ്കിലും രണ്ടു മെഷീന്‍ എടുത്ത് അതിലെ കൗണ്ട് രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് ഉറപ്പാക്കും. അതു കഴിഞ്ഞാല്‍ ആ റൗണ്ടിന്റെ ടാബുലേഷന്‍ നടത്തി ആ റൗണ്ടിന്റെ റിസല്‍റ്റ് റിടേണിങ് ഓഫിസര്‍ പ്രഖ്യാപിച്ച് രേഖപ്പെടുത്തും.
എല്ലാ റൗണ്ടിലെയും വോടിങ് മെഷീനുകളിലെ വോടെണ്ണല്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ വിവിപാറ്റ് സ്ലിപുകളുടെ വെരിഫികേഷന്‍ നടത്തൂ. എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും റാന്‍ഡമായി തിരഞ്ഞെടുത്ത ഏതെങ്കിലും അഞ്ച് പോളിങ് സ്റ്റേഷനിലെ വിവിപാറ്റ് സ്ലിപുകള്‍ എണ്ണുമെന്നാണ് കണക്ക്. ഒരു വിവിപാറ്റ് മെഷീനിലെ സ്ലിപുകള്‍ എണ്ണിത്തീരാന്‍ ഒരു മണിക്കൂറെങ്കിലും എടുക്കും. ഇതിനുശേഷമാവും അന്തിമവിധി പ്രഖ്യാപനം.