റീൽസ് യുഗത്തിൽ സ്ഥാനാർത്ഥികൾ താരങ്ങൾ; സോഷ്യൽ മീഡിയ വാർ റൂമുകൾ സജീവം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിലെത്തിനിൽക്കെ സോഷ്യൽ മീഡിയ പ്രചാരണം ശക്തമാക്കി.
● കണ്ണൂർ കോർപറേഷൻ ഭരണം ലക്ഷ്യമിട്ട് മുന്നണികൾ ത്രീഡി ഡിജിറ്റൽ വീഡിയോകൾ പുറത്തിറക്കി.
● എം വി നികേഷ് കുമാർ, ബി ആർ എം ഷഫീർ, ബി ഗോപാലകൃഷ്ണൻ തുടങ്ങിയ ചാനൽ ചർച്ചാ താരങ്ങളും പ്രചാരണ രംഗത്തുണ്ട്.
● വി ഡി സതീശൻ, എം വി ഗോവിന്ദൻ മാസ്റ്റർ, രാജീവ് ചന്ദ്രശേഖർ തുടങ്ങിയ പ്രമുഖ നേതാക്കൾ കണ്ണൂരിൽ പ്രചാരണത്തിന് എത്തി.
● ലൈഫ് ഭവനപദ്ധതി, ക്ഷേമ പെൻഷൻ എന്നിവ എൽ ഡി എഫ് വിഷയമാക്കിയപ്പോൾ, ശബരിമല സ്വർണക്കൊള്ള യു ഡി എഫ് ഉയർത്തി.
● ദേശീയ പാത നിർമ്മാണത്തിൻ്റെ ക്രെഡിറ്റ് സ്വന്തം അക്കൗണ്ടിൽ ചേർക്കാൻ എൻ ഡി എയും മത്സരിക്കുന്നുണ്ട്.
കണ്ണൂർ: (KVARTHA) തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൻ്റെ പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ, സ്ഥാനാർത്ഥികളും മുന്നണികളും തങ്ങളുടെ പ്രചാരണ രീതികളിൽ കളം മാറ്റി ചവിട്ടുകയാണ്. റീൽസുകളും ഷോട്ടുകളുമായി ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും നിറഞ്ഞ് ഡിജിറ്റൽ പ്രചാരണമാണ് ഇപ്പോൾ സംസ്ഥാനത്ത് കൊഴുക്കുന്നത്. ഇതിനായി പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാതലങ്ങളിൽ മുന്നണികൾ സോഷ്യൽ മീഡിയ വാർ റൂമുകൾ തന്നെ തുറന്നിട്ടുണ്ട്.
ഇത്തരം സോഷ്യൽ മീഡിയ കണ്ടന്റുകളെ ഇലക്ഷൻ കമ്മീഷൻ നിരീക്ഷിക്കുന്നുണ്ടെങ്കിലും അത് പ്രചാരണത്തിൻ്റെ ആവേശത്തെ തെല്ലുപോലും കുറയ്ക്കുന്നില്ല. മുന്നണികളുടെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളും സ്ഥാനാർത്ഥികളുടെ വീടുകയറിയുള്ള പ്രചരണങ്ങളും വോട്ടഭ്യർത്ഥനകളുമൊക്കെ ഇപ്പോൾ റീൽസുകളിലൂടെയാണ് വോട്ടർമാരിലേക്ക് എത്തുന്നത്. അമിതമായി പോസ്റ്റുകൾ ഇടുന്നതിലൂടെ തുടർച്ചയായി സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ വെറുപ്പിക്കുന്ന സ്ഥാനാർത്ഥികളുമുണ്ട്. വാർഡ് തലങ്ങളിലെ സ്ഥാനാർത്ഥികൾ പോലും താരപരിവേഷത്തോടെയാണ് സോഷ്യൽ മീഡിയയിലൂടെ അവതരിപ്പിക്കപ്പെടുന്നത്.
പ്രകടന പത്രികകൾ ഡിജിറ്റലായി
മുന്നണികളും ഏതാണ്ട് പൂർണമായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് മാറിക്കഴിഞ്ഞു. മുൻകാലങ്ങളിൽ പ്രകടന പത്രികകളായിരുന്നെങ്കിൽ വോട്ടർമാരിലേക്ക് ഇപ്പോൾ എത്തുന്നത് ത്രീഡി ഡിജിറ്റൽ വീഡിയോ ദൃശ്യങ്ങളാണ്. കണ്ണൂർ കോർപറേഷൻ ഭരണം കിട്ടിയാൽ നഗരസവികസനം എങ്ങനെ നടപ്പിലാക്കുമെന്ന ത്രീഡി ഡിജിറ്റൽ വീഡിയോ എൽ.ഡി. എഫ് പുറത്തിറക്കിയതിനു പിന്നാലെ യു.ഡി. എഫും അതേ മാതൃകയിലിറക്കി.
ചാനൽ ചർച്ചകളിലെ താരങ്ങളെയും കളത്തിലിറക്കി പ്രചരണം കൊഴുപ്പിക്കാനും മുന്നണികൾ ശ്രദ്ധിക്കുന്നുണ്ട്. എൽ.ഡി. എഫിനായി എം.വി നികേഷ് കുമാറും യു. ഡി. എഫിനായി ബി. ആർ. എം ഷഫീറും ബി. ജെ.പിക്ക് വേണ്ടി ബി. ഗോപാലകൃഷ്ണനും പ്രചാരണ രംഗത്ത് സജീവമാണ്.
പ്രമുഖ നേതാക്കൾ രംഗത്ത്
കൊട്ടിക്കലാശത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ അവസാനലാപ്പിലും സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചരണം ശക്തമാക്കുകയാണ് മുന്നണികൾ. മുതിർന്ന നേതാക്കളൊക്കെ ഇതിനകം വടക്കൻ ജില്ലകളിൽ പ്രചരണത്തിനെത്തിയിട്ടുണ്ട്. യു.ഡി. എഫിനായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ. സുധാകരൻ എം പി, സണ്ണി ജോസഫ്, പി.കെ കുഞ്ഞാലിക്കുട്ടി, കെ. എം ഷാജി, തുടങ്ങിയവരും എൽ.ഡി. എഫിനായി എം വി ഗോവിന്ദൻ മാസ്റ്റർ ഉൾപ്പെടെയുള്ള നേതാക്കളും എൻ.ഡി. എയ്ക്ക് വേണ്ടി രാജീവ് ചന്ദ്രശേഖറും ഒന്നാംഘട്ട പ്രചരണത്തിനെത്തി. അടുത്ത ദിവസം മുഖ്യമന്ത്രി പിണറായി വിജയനും കണ്ണൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കും.
പ്രചാരണായുധങ്ങൾ
എൽ.ഡി. എഫ് സംസ്ഥാന സർക്കാരിൻ്റെ വികസന നേട്ടങ്ങളായ ലൈഫ് ഭവനപദ്ധതിയും ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചതും അതിദാരിദ്ര്യ നിർമാർജ്ജനവും രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പീഡനകേസും പ്രചാരണത്തിനായി അവതരിപ്പിക്കുമ്പോൾ, ശബരിമല സ്വർണ്ണക്കൊള്ളയും സംസ്ഥാന സർക്കാരിനെതിരെ പ്രത്യേകിച്ചും മുഖ്യമന്ത്രിക്കെതിരെയുള്ള അഴിമതി ആരോപണങ്ങളുമാണ് യു.ഡി. എഫ് പ്രധാന പ്രചാരണായുധമാക്കുന്നത്. കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കുന്ന വികസിത ഭാരതത്തിന്റെ ചുവട് പിടിച്ചു വികസിത കേരളവും വികസിത കണ്ണൂരുമാണ് എൻ.ഡി എ പ്രചാരണവിഷയമാക്കുന്നത്. ദേശീയ പാത നിർമ്മാണത്തിൻ്റെ ക്രെഡിറ്റ് സ്വന്തം അക്കൗണ്ടിൽ ചേർക്കാൻ എൻ.ഡി. എയും മത്സരിക്കുന്നുണ്ട്.
നിങ്ങളുടെ വാർഡിലെ സ്ഥാനാർത്ഥികൾ സോഷ്യൽ മീഡിയ പ്രചാരണത്തിൽ സജീവമാണോ? ഈ വാർത്ത ഷെയർ ചെയ്ത് അഭിപ്രായം അറിയിക്കുക.
Article Summary: Kerala Local Polls campaign shifts to digital; reels, 3D videos dominate.
#LocalBodyElection #KeralaPolitics #DigitalCampaign #Kannur #LDF #UDF
