സെക്രട്ടേറിയേറ്റ് ഉപരോധം ആരംഭിച്ചു; തലസ്ഥാന നഗരി സ്തംഭിച്ചു

 


തിരുവനന്തപുരം: സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജിയാവശ്യപ്പെട്ട് ഇടതുപക്ഷം നയിക്കുന്ന സെക്രട്ടേറിയേറ്റ് ഉപരോധം ആരംഭിച്ചു. ഏതാണ്ട് മുപ്പതിനായിരത്തിലേറെ പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റും അനുബന്ധറോഡുകളും ഉപരോധിക്കുകയാണ്. സെക്രട്ടേറിയറ്റ് ഗേറ്റുകള്‍ക്കു മുന്നില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഞായറാഴ്ച വൈകുന്നേരം മുതല്‍ നിലയുറപ്പിച്ചപ്പോള്‍ സെക്രട്ടേറിയറ്റിനും പരിസരത്തും പ്രത്യേക സുരക്ഷ ഒരുക്കി പോലീസും ഉച്ചയോടെ രംഗത്തെത്തി. ഏതു നിമിഷവും എന്തും സംഭവിക്കാമെന്ന അവസ്ഥ. തിങ്കളാഴ്ച പുലര്‍ച്ചെ നാലുമുതലാണ് സെക്രട്ടേറിയേറ്റിലേക്കുള്ള റോഡുകളില്‍ ഉള്‍പ്പെടെ പൂര്‍ണമായ ഉപരോധസമരം.

മുഖ്യമന്ത്രി രാജിവയ്ക്കുന്നതുവരെയുള്ള സമരമായിരിക്കുമെന്നാണു നേതാക്കള്‍ അറിയിച്ചിട്ടുള്ളത്. സമരത്തിന്റെ ഔപചാരിക ഉദ്ഘാടനം രാവിലെ 9.30നു മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ നിര്‍വഹിക്കും. ദേശീയ നേതാക്കളായ പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, എ.ബി. ബര്‍ദന്‍, ഡി. രാജ തുടങ്ങിയവരൊക്കെ എത്തിച്ചേരുന്നുണ്ട്. രാവിലെ ഒമ്പതിനു സെക്രട്ടേറിയറ്റില്‍ പ്രത്യേക മന്ത്രിസഭായോഗം ചേരും. മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും സെക്രട്ടേറിയറ്റിലെത്തുന്ന കന്റോണ്‍മെന്റ് ഗേറ്റും ഇതിന് അനുബന്ധമായ വഴിയും ഇന്നലെത്തന്നെ പോലീസ് നിയന്ത്രണത്തിലാക്കി. ഈ ഭാഗത്തേക്കു സമരക്കാരെ അടുപ്പിച്ചിട്ടില്ല. ഇതുവഴിയാകും മന്ത്രിമാരെ പ്രവേശിപ്പിക്കുന്നതെന്നാണു പോലീസ് അധികൃതര്‍ നല്‍കുന്ന സൂചന.

സെക്രട്ടേറിയേറ്റ് ഉപരോധം ആരംഭിച്ചു; തലസ്ഥാന നഗരി സ്തംഭിച്ചുസമരക്കാരെ എവിടെ തടയുന്നോ അവിടെ കുത്തിയിരുന്നു സമരം നടത്തുമെന്നും സംഘര്‍ഷത്തിനുവേണ്ടിയല്ല സമരവുമെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ഇന്നലത്തെ വാക്കുകള്‍തന്നെ അക്രമത്തിന് ഇല്ലെന്നതിന്റെ സൂചനയായാണു കാണുന്നത്. സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം ഏതുവിധേനയും പൂര്‍ണമായി സ്തംഭിപ്പിക്കുമെന്നായിരുന്നു പിണറായി ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നല്‍കിയിരുന്ന സൂചന. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ചല്ലാതെ സമരത്തില്‍നിന്നു പിന്‍മാറില്ലെന്ന എല്‍ഡിഎഫ് നിലപാടില്‍ മാറ്റമില്ല.

അക്രമമുണ്ടായില്ലെങ്കില്‍ കേന്ദ്രസേനയെ ഇറക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ വ്യക്തമാക്കിയിരുന്നു. സമരക്കാരുമായി മുഖാമുഖം എത്തേണ്ടതില്ലെന്നു കേന്ദ്രസേനയ്ക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. ക്രമസമാധാനത്തിന്റെ പൂര്‍ണ ചുമതല കേരള പോലീസിനു മാത്രമായിരിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ അയ്യായിരത്തോളം പോലീസുകാരുടെ വിന്യാസം പൂര്‍ത്തിയായി. കരുതല്‍തടങ്കലിന്റെ ഭാഗമായി ഏതാനും പേരെ പോലീസ് കസ്‌റഡിയില്‍ എടുത്തിട്ടുണ്ട്.

രാത്രിയോടെ കാല്‍ലക്ഷത്തോളം ഇടതുമുന്നണി പ്രവര്‍ത്തകര്‍ നഗരത്തിലെത്തിയതായാണു കണക്ക്. രാത്രി ഏഴോടെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റേഷനിലെത്തിയ രണ്ടു ട്രെയിനുകളില്‍ മാത്രം 1500ഓളം പ്രവര്‍ത്തകരെത്തി. ചെറുപ്പക്കാരില്‍ മാത്രം കേന്ദ്രീകരിക്കാതെ, ഒട്ടേറെ സമരങ്ങളില്‍ പങ്കെടുത്തിട്ടുള്ള മുതിര്‍ന്ന പ്രവര്‍ത്തകരും കൂടുതലായി എത്തിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ പാര്‍ട്ടി തയാറായിരിക്കണമെന്നു സിപിഎം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Keywords: Kerala news, Thiruvananthapuram, Secretariat, Boycott, LDF, Ministers, Roads,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia