Financial Assistance | കുവൈത് ദുരന്തം: അരുണ്‍ ബാബുവിന്റെ കുടുംബത്തിന് ധനസഹായം കൈമാറി


തിരുവനന്തപുരം: (KVARTHA) കുവൈതിലെ (Kuwait) മംഗഫില്‍ (Mangaf) തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ അഗ്നിബാധയില്‍ (Fire Accident) മരിച്ച നെടുമങ്ങാട് പൂവത്തൂര്‍ സ്വദേശി അരുണ്‍ ബാബുവിന്റെ കുടുംബത്തിന് സര്‍കാര്‍ ധനസഹായം (Financial Assistance) നല്‍കി. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ കുടുംബത്തിന് ധനസഹായം കൈമാറി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അഞ്ച് ലക്ഷം രൂപയും നോര്‍ക്ക ധനസഹായമായ ഒന്‍പത് ലക്ഷം രൂപയും ഉള്‍പ്പെടെ പതിനാല് ലക്ഷം രൂപയുടെ ചെക്കാണ് അരുണ്‍ ബാബുവിന്റെ ഭാര്യ വിനീതയ്ക്ക് നല്‍കിയത്.
പ്രമുഖ വ്യവസായിയും നോര്‍ക്ക വൈസ് ചെയര്‍മാനുമായ എം.എ യൂസഫലി അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോര്‍ക്ക ഡയറക്ടറുമായ രവി പിള്ള രണ്ട് ലക്ഷം രൂപയും ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്റുമായ ബാബു സ്റ്റീഫന്‍ രണ്ട് ലക്ഷം രൂപയുമാണ് നോര്‍ക്ക മുഖേന ധനസഹായമായി നല്‍കിയത്.
അരുണ്‍ബാബുവിന്റെ മാതാവിന്റെയും, മക്കളായ അഷ്ടമി, അമേയ എന്നിവരുടെയും സാന്നിധ്യത്തിലാണ് ചെക്ക് കൈമാറിയത്. ജി. സ്റ്റീഫന്‍ എം.എല്‍.എ, നോര്‍ക്ക സി.ഇ.ഒ അജിത്ത് കോളശേരി എന്നിവരും സന്നിഹിതരായിരുന്നു. ജൂണ്‍ 12നുണ്ടായ അഗ്‌നിബാധയില്‍ 24 മലയാളികള്‍ ഉള്‍പെടെ 46 ഇന്‍ഡ്യക്കാരും 3 ഫിലിപീന്‍സുകാരുമാണ് മരിച്ചത്.