അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് കോഴിക്കോട് വേദിയായി; പ്രവാചക പ്രകീർത്തനങ്ങളുടെ വൈവിധ്യ അനുഭവങ്ങൾ


● സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.
● ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി.
● യു.എൻ. പൊതുസഭയിലെ ഫലസ്തീൻ പ്രമേയത്തെ പിന്തുണച്ച ഇന്ത്യൻ നിലപാടിനെ ഗ്രാൻഡ് മുഫ്തി പ്രശംസിച്ചു.
● ആത്മഹത്യ, ലഹരി തുടങ്ങിയ സാമൂഹിക വിപത്തുകൾക്കെതിരെ പ്രവാചക അധ്യാപനങ്ങളെ ഉയർത്തിപ്പിടിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
● 1500 കലാപ്രതിഭകൾ അണിനിരന്ന മെഗാ ദഫ് ഘോഷയാത്രയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.
● പ്രശസ്ത അറബ് ഗായക സംഘമായ അൽ ഹുബ്ബ് ട്രൂപ്പിന്റെ മൗലിദ് ഗാനങ്ങൾ സമ്മേളനത്തെ വേറിട്ട അനുഭവമാക്കി.
കോഴിക്കോട്: (KVARTHA) പ്രവാചക പ്രകീർത്തനങ്ങളുടെ വൈവിധ്യ അനുഭവങ്ങൾ സമ്മാനിച്ച് അന്താരാഷ്ട്ര മീലാദ് സമ്മേളനം കോഴിക്കോട്ട് സമാപിച്ചു. 'തിരുവസന്തം 1500' എന്ന പ്രമേയത്തിൽ മർകസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിലെ ഗായക സംഘങ്ങളും മൗലിദ് ട്രൂപ്പുകളും അവിസ്മരണീയ പ്രകടനങ്ങൾ കാഴ്ചവെച്ചു. കേരളത്തിന്റെ ആഗോള ബന്ധങ്ങളുടെ കവാടമായ കോഴിക്കോട്, ഈ സമ്മേളനം ലോകശ്രദ്ധ ആകർഷിക്കുന്ന വേദിയായി മാറി.

സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരാണ് വാർഷിക മദ്ഹുറസൂൽ പ്രഭാഷണം നിർവഹിച്ചത്. ആത്മഹത്യ, ലഹരി, കുറ്റകൃത്യങ്ങൾ എന്നിവ സമൂഹത്തിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ ധാർമിക മൂല്യങ്ങളും ആത്മീയ ബോധവും നിറഞ്ഞ പ്രവാചക അധ്യാപനങ്ങൾ ഉൾക്കൊള്ളാൻ എല്ലാവരും തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
യുഎന്നിലെ സ്വതന്ത്ര ഫലസ്തീൻ പ്രമേയം; ഇന്ത്യൻ നിലപാട് മനുഷ്യത്വപരം
യുഎന്നിലെ സ്വതന്ത്ര ഫലസ്തീൻ പ്രമേയത്തെ പിന്തുണച്ച ഇന്ത്യയുടെ നിലപാട് ശ്‌ളാഘനീയമാണെന്ന് ഗ്രാൻഡ് മുഫ്തി പറഞ്ഞു. യുദ്ധക്കെടുതിയിൽ സർവവും നഷ്ടപ്പെട്ട ജനതക്കൊപ്പം നിൽക്കാൻ ലോകമാകെ മുന്നോട്ടുവരേണ്ടതുണ്ട്. ഗസ്സക്ക് പുറമെ ഖത്വർ, യമൻ, ലബനാൻ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിൽ അശാന്തി പടർത്തുന്ന ഇസ്രായേൽ നടപടി ഒരിക്കലും നീതീകരിക്കാനാവില്ല. ലക്ഷക്കണക്കിന് പ്രവാസികൾ ജോലി ചെയ്യുന്ന മേഖലയിലെ അസ്ഥിരത കണക്കിലെടുത്ത് സമാധാനം പുനഃസ്ഥാപിക്കാൻ സർക്കാർ മുന്നോട്ടുവരണമെന്നും ആഗോള തലത്തിൽ ഇന്ത്യക്കുള്ള സ്വാധീനം സമാധാന ശ്രമങ്ങളെ വേഗത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കലാപ്രകടനങ്ങൾ ശ്രദ്ധേയമായി
വൈകുന്നേരം നാല് മണിക്ക് 1500 കലാപ്രതിഭകൾ അണിനിരന്ന മെഗാ ദഫ് ഘോഷയാത്രയോടെയാണ് സമ്മേളന ചടങ്ങുകൾക്ക് തുടക്കമായത്. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാരംഭ പ്രാർഥന നിർവഹിച്ചു. പ്രശസ്ത അറബ് ഗായക സംഘമായ അൽ ഹുബ്ബ് ട്രൂപ്പിന്റെ ഗ്രാൻഡ് മൗലിദ് സമ്മേളനത്തെ അപൂർവ അനുഭവമാക്കി.
സമ്മേളനത്തിന് മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, പേരോട് അബ്ദുറഹ്മാൻ സഖാഫി, ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, മജീദ് കക്കാട്, റഹ്മത്തുല്ല സഖാഫി എളമരം, സി പി ഉബൈദുല്ല സഖാഫി എന്നിവർ സംസാരിച്ചു. വിവിധ രാഷ്ട്രങ്ങളിലെ പണ്ഡിതരും സാമൂഹിക-സാംസ്‌കാരിക നായകരും നയതന്ത്ര പ്രതിനിധികളും സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങൾ, അബൂ ഹനീഫൽ ഫൈസി തെന്നല, വി പി എം ഫൈസി വില്യാപ്പള്ളി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, പിവി മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ലിയാർ താഴപ്ര, പിഎസ്‌കെ മൊയ്തു ബാഖവി മാടവന, അലവി സഖാഫി കൊളത്തൂർ, മുഹമ്മദ് കുഞ്ഞു സഖാഫി കൊല്ലം, അബ്ദുന്നാസ്വിർ അഹ്‌സനി ഒളവട്ടൂർ, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി, സയ്യിദ് കെ എസ് കെ തങ്ങൾ, ഹാജി ഇഹ്‌സാൻ ഗാഡവാല, ഹാജി ഹസീൻ അഗാഡി മഹാരാഷ്ട്ര, ഹാജി അഫ്താബ് സോപാരിവാല, അബ്ദുൽ ഖാദിർ മദനി പള്ളങ്കോട് എ പി അബ്ദുൽ കരീം ഹാജി ചാലിയം, ഉസ്മാൻ സഖാഫി തിരുവത്ര, എൻ അലി അബ്ദുല്ല, പ്രൊഫ. എകെ അബ്ദുൽ ഹമീദ്, എ സൈഫുദ്ദീൻ ഹാജി തുടങ്ങിയ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുത്തു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ.
Article Summary: International Milad conference concludes, Grand Mufti praises India.
#Kozhikode #MiladConference #GrandMufti #Kanthapuram #Kerala #Markaz