Festival | കോഴിക്കോട് ജില്ലാ സാഹിത്യോത്സവത്തിന് വർണാഭമായ തുടക്കം
പാഠപുസ്തകങ്ങളിൽ നിന്നുപോലും ചരിത്രം അപ്രത്യക്ഷമാകുന്നത് ചരിത്ര ബോധമുള്ള വിദ്യാർത്ഥികളെ വളർത്തിയെടുക്കുന്നതിന് തടസ്സമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോഴിക്കോട്: (KVARTHA) 31-ാമത് എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവം കൊടുവള്ളിയിൽ ചരിത്രകാരൻ ഡോ. എം ആർ രാഘവവാര്യർ ഉദ്ഘാടനം ചെയ്തു. 14 ഡിവിഷനുകളിൽ നിന്നായി 2500-ലധികം പ്രതിഭകൾ പങ്കെടുക്കുന്ന ഈ വലിയ സാഹിത്യ സംഗമം ജാതി, മത, വർണ ഭേദങ്ങളില്ലാതെ മനുഷ്യരെ ഒന്നിപ്പിക്കുന്ന ഭാഷയുടെയും സാഹിത്യത്തിന്റെയും ശക്തിയെ ഉയർത്തിക്കാട്ടുന്നു.
ഡോ. രാഘവവാര്യർ തന്റെ പ്രസംഗത്തിൽ നമ്മുടെ നാട്ടിലെ പ്രാചീന സംസ്കാരങ്ങൾ അപ്രത്യക്ഷമാകുന്നതിനെക്കുറിച്ചും അവയെ വീണ്ടെടുക്കാനുള്ള അവസരമായി സാഹിത്യോത്സവങ്ങളെ കാണേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സൂചിപ്പിച്ചു. പാഠപുസ്തകങ്ങളിൽ നിന്നുപോലും ചരിത്രം അപ്രത്യക്ഷമാകുന്നത് ചരിത്ര ബോധമുള്ള വിദ്യാർത്ഥികളെ വളർത്തിയെടുക്കുന്നതിന് തടസ്സമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വാഗതസംഘം ചെയർമാൻ എ കെ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. പി ടി എ റഹീം എം എൽ എ മുഖ്യാതിഥിയായിരുന്നു. എസ് എസ് എഫ് കേരള പ്രസിഡന്റ് ഫിർദൗസ് സഖാഫി കടവത്തൂർ സന്ദേശ പ്രഭാഷണം നടത്തി. മജീദ് പൂത്തൊടി, ശംസുദ്ദീൻ സഅദി കൂരാച്ചുണ്ട്, ഡോ. എം എസ് മുഹമ്മദ്, ഡോ. അബൂബക്കർ നിസാമി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. എസ് എസ് എഫ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി എ അഫ്‌സൽ ഹുസൈൻ പറമ്പത്ത് സ്വാഗതവും എസ് എസ് എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി ശാദില്‍ നൂറാനി ചെറുവാടി നന്ദിയും പറഞ്ഞു.
ഞായറാഴ്ച വൈകിട്ട് നാലിന് നടക്കുന്ന സാഹിത്യോത്സവ് സമാപന സംഗമം സയ്യിദ് ത്വാഹ തങ്ങൾ അസ്സഖാഫി ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ്് റാഫി അഹ്‌സനി കാന്തപുരത്തിന്റെ അധ്യക്ഷതയിൽ നടക്കുന്ന സംഗമത്തിൽ സി മുഹമ്മദ് ഫൈസി മുഖ്യഥിതിയാകും. ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി അനുമോദന പ്രഭാഷണം നടത്തും. സി കെ റാഷിദ് ബുഖാരി സംസാരിക്കും. മുഹമ്മദ് ഫായിസ് എം എം പറമ്പ് സ്വാഗതവും സലീം അണ്ടോണ നന്ദിയും പറയും.