Arrested | വ്യാജ ബോംബ് ഭീഷണിയുമായി യുവാവിന്റെ പ്രതികാരം; എയര്‍ ഇന്‍ഡ്യയെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തിയതിന് പിന്നിലെ കഥ ഇങ്ങനെ
യാത്രക്കിടയില്‍ വിമാനത്തില്‍ നിന്നും ഭക്ഷ്യവിഷബാധയുണ്ടായെന്ന് പരാതി.
'മടക്ക യാത്രാ ടികറ്റിന് എയര്‍ ഇന്‍ഡ്യ കൂടുതല്‍ തുക ആവശ്യപ്പെട്ടു'.
കുടുംബത്തോടൊപ്പം ലന്‍ഡനിലേക്ക് യാത്ര ചെയ്യാനെത്തിയപ്പോഴാണ് യുവാവിനെ പിടികൂടിയത്.
കൊച്ചി: (KVARTHA) നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ലന്‍ഡനിലേക്കുള്ള എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനത്തില്‍ ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. മലപ്പുറം സ്വദേശി സുഹൈബിനെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗം പിടികൂടിയത്. എയര്‍ ഇന്‍ഡ്യയെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തിയ ബോംബ് ഭീഷണിക്ക് പിന്നില്‍ യുവാവിന് വിമാന കംപനിയോടുള്ള പ്രതികാരമായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. സുഹൈബിന്റെ പേരില്‍ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: സുഹൈബും ഭാര്യയും കുട്ടിയും ഒരാഴ്ച മുമ്പ് ലന്‍ഡനില്‍ നിന്നും എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ നാട്ടിലെത്തിയിരുന്നു. യാത്രക്കിടയില്‍ വിമാനത്തില്‍ നിന്നും ഭക്ഷ്യവിഷബാധയുണ്ടായെന്നാണ് ഇയാള്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എയര്‍ ഇന്‍ഡ്യ അധികൃതരെ ബന്ധപ്പെടുകയും മടക്ക യാത്രാ ടികറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റി കൊടുക്കണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. എന്നാല്‍, ഇതിന് എയര്‍ ഇന്‍ഡ്യ കൂടുതല്‍ തുക ആവശ്യപ്പെട്ടുവെന്നാണ് വിവരം. ഇതില്‍ പ്രകോപിതനായാണ് സുഹൈബ് ബോംബ് ഭീഷണി ഉയര്‍ത്തിയത്. തുടര്‍ന്ന് ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം ലന്‍ഡനിലേക്ക് യാത്ര ചെയ്യാനെത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.