കൊച്ചി കപ്പലപകടം: കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ, ഇന്ധന ചോർച്ച; തീരദേശത്ത് ജാഗ്രതാ നിർദ്ദേശം


● ക്യാപ്റ്റൻ ഉൾപ്പെടെ 3 പേർ നാവികസേനയുടെ കപ്പലിൽ തുടരും.
● കണ്ടെയ്‌നറുകൾ തീരത്തേക്ക് ഒഴുകിയെത്താൻ സാധ്യത.
● മറൈൻ ഗ്യാസ് ഓയിൽ ചോർന്നു.
● വെരി ലോ സൾഫർ ഫ്യുവൽ ഓയിലും ചോർന്നു.
● ആലപ്പുഴ-എറണാകുളം തീരത്ത് ജാഗ്രത.
കൊച്ചി: (KVARTHA) അറബിക്കടലിൽ അപകടത്തിൽപെട്ട എംഎസ്സി എൽസ 3 കപ്പലിൽ നിന്ന് കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ വീഴുകയും സ്ഥിതി വഷളാകുകയും ചെയ്തതിനെത്തുടർന്ന് നാവിക സേനയുടെ അടിയന്തര ഇടപെടൽ. കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റനടക്കം മൂന്ന് ജീവനക്കാരെ നാവികസേനാ കപ്പലായ ഐഎൻഎസ് സുജാതയിലേക്ക് മാറ്റി. ശനിയാഴ്ച കപ്പലിൽ നിന്ന് വീണ് കടലിൽ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകൾ ആലപ്പുഴ -എറണാകുളം തീരത്ത് അടിയാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കൊല്ലം മുതൽ തിരുവനന്തപുരം വരെയുള്ള തീരത്ത് അടിയാൻ കുറഞ്ഞ സാധ്യതയും കൽപ്പിക്കുന്നു.
തീരദേശത്ത് ജാഗ്രതാ നിർദ്ദേശം; ഇന്ധന ചോർച്ച ആശങ്കയിൽ
കണ്ടെയ്‌നറുകൾ കേരള തീരത്ത് അടിഞ്ഞാൽ ആരും അടുത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. 112 ലേക്ക് ഉടൻ വിളിച്ച് വിവരം പറയാനും നിർദേശമുണ്ട്. അതേസമയം, കപ്പൽ അപകട നില തരണം ചെയ്തതായാണ് വിവരം. സ്ഥിതി നിരീക്ഷിക്കാൻ ക്യാപ്റ്റൻ ഉൾപ്പടെ മൂന്ന് പേർ നാവികസേനയുടെ കപ്പലിൽ തുടരുന്നുണ്ട്. കപ്പൽ കമ്പനി ആവശ്യപ്പെടുന്ന സമയം വരെ ഇവർ കപ്പലിൽ തുടരും. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററും നാവിക സേനയുടെ കപ്പലുകളും രക്ഷാദൗത്യത്തിനുണ്ട്. കപ്പൽ കമ്പനിയുടെ ഒരു മദർ ഷിപ്പ് കൂടി അപകടം സംഭവിച്ച കപ്പലിന് അടുത്തെത്തിയിട്ടുണ്ട്.
കൊച്ചി തീരത്ത് ചെരിഞ്ഞ കപ്പലിൽ നിന്ന് കണ്ടെയ്‌നറുകൾ രാവിലെ മുതൽ മാറ്റിത്തുടങ്ങും. കണ്ടെയ്‌നറുകൾ നീക്കി അപകടാവസ്ഥ പൂർണ്ണമായും ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ്. നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും മൂന്ന് കപ്പലുകളും ഒരു വിമാനവുമാണ് രക്ഷാപ്രവർത്തനത്തിനായി രംഗത്തുള്ളത്. കപ്പലിൽ നിന്ന് മറൈൻ ഗ്യാസ് ഓയിലും (MGO) വെരി ലോ സൾഫർ ഫ്യുവൽ ഓയിലും (VLSFO) ചോർന്നതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് വിവരം ലഭിച്ചിരുന്നു. കണ്ടെയ്‌നറുകൾ കേരളത്തിന്റെ തീരത്തേക്ക് ഒഴുകിയെത്താനുള്ള സാധ്യതയുണ്ട്. തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തീരപ്രദേശങ്ങളിൽ കഴിയുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
എന്താണ് 'ബങ്കർ ഫ്യുവൽ'? സൾഫർ പുറന്തള്ളൽ നിയന്ത്രണങ്ങൾ
കൊച്ചി തീരത്ത് കപ്പൽ ചരിഞ്ഞതോടെ അറബിക്കടലിൽ പടർന്ന എണ്ണയെക്കുറിച്ചാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച. എംഎസ്സി എൽസ 3 ഫീഡർ കപ്പലിൽ നിന്ന് മറൈൻ ഗ്യാസ് ഓയിൽ (എംജിഒ), വെരി ലോ സൾഫർ ഫ്യുവൽ ഓയിൽ (വിഎൽഎസ്എഫ്ഒ) എന്നിവ ചോർന്നതായാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിരിക്കുന്ന മുന്നറിയിപ്പ്. എറണാകുളം ആലപ്പുഴ തീരത്തേക്ക് കണ്ടെയ്‌നറുകൾ ഒഴുകിയെത്താൻ സാധ്യതയുണ്ടെന്നും കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്താണ് മറൈൻ ഗ്യാസ് ഓയിൽ (എംജിഒ)? എന്താണ് വെരി ലോ സൾഫർ ഫ്യുവൽ ഓയിൽ (വിഎൽഎസ്എഫ്ഒ)? എന്താണ് ബങ്കർ ഫ്യുവൽ?
ബങ്കർ ഫ്യുവൽ
മറൈൻ ഗ്യാസ് ഓയിൽ (എംജിഒ), മറൈൻ ഡീസൽ ഓയിൽ (എംഡിഒ), ഇന്റർമീഡിയറ്റ് ഫ്യുവൽ ഓയിൽ (ഐഎഫ്ഒ), മറൈൻ ഫ്യുവൽ ഓയിൽ (എംഎഫ്ഒ), ഹെവി ഫ്യുവൽ ഓയിൽ (എച്ച്എഫ്ഒ) എന്നിവയാണ് ബങ്കർ ഫ്യുവൽ എന്ന് പൊതുവെ അറിയപ്പെടുന്നത്. ഇതിൽ എച്ച്എഫ്ഒ ആണ് വലിയ കപ്പലുകളിൽ ഇന്ധനമായി മുൻപ് ഉപയോഗിച്ചിരുന്നത്. സൾഫറിന്റെ അംശം കൂടുതലാണ് ഈ ഇന്ധനത്തിനെന്നതാണ് പ്രത്യേകത. 1960-കൾ മുതലാണ് എച്ച്എഫ്ഒ വ്യവസായ മേഖലയിൽ ഉപയോഗിച്ചു തുടങ്ങിയത്. മറ്റ് ഇന്ധനങ്ങളെ അപേക്ഷിച്ച് 30% വിലക്കുറവാണ് എന്നതാണ് എച്ച്എഫ്ഒയെ വ്യവസായികൾക്കിടയിൽ സ്വീകാര്യമാക്കിയത്.
മറൈൻ ഗ്യാസ് ഓയിൽ (MGO)
എച്ച്എഫ്ഒയ്ക്ക് പകരം വലിയ കപ്പലുകൾ ഇന്ധന സ്രോതസ്സായി ഉപയോഗിക്കുന്ന മറ്റൊരു എണ്ണയാണ് മറൈൻ ഗ്യാസ് ഓയിൽ (എംജിഒ). കുറഞ്ഞ സൾഫർ ഉള്ള ശുദ്ധീകരിക്കപ്പെട്ട ഇന്ധന എണ്ണയാണ് എംജിഒ. 2020-ന് മുൻപ്, സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന വലിയ കപ്പലുകൾ സാധാരണയായി ഹെവി ഫ്യുവൽ ഓയിൽ (എച്ച്എഫ്ഒ) ആണ് ഉപയോഗിച്ചിരുന്നത്. എന്നാൽ 2020-ൽ ഇന്റർനാഷനൽ മാരിടൈം ഓർഗനൈസേഷൻ കൊണ്ടുവന്ന നിയമങ്ങളിലൂടെ കപ്പലുകൾക്ക് ഇന്ധനമായി മറൈൻ ഗ്യാസ് ഓയിൽ (എംജിഒ) ഉപയോഗിക്കണമെന്ന് നിബന്ധന മുന്നോട്ട് വയ്ക്കുകയായിരുന്നു.
സൾഫറിന്റെ അളവ് കുറവായതിനാൽ എംജിഒ രാജ്യാന്തര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട്. കപ്പലുകളിൽ ഉപയോഗിക്കുന്ന ഇന്ധനങ്ങളിൽ 0.50% ൽ താഴെ സൾഫർ ഉണ്ടാകാൻ പാടുള്ളൂ എന്നതാണ് മാരിടൈം ഓർഗനൈസേഷന്റെ നിബന്ധന. മറൈൻ ഗ്യാസ് ഓയിൽ ഡീസലിന് സമാനമാണ്, പക്ഷേ ഉയർന്ന സാന്ദ്രതയാണ് ഇതിന്റെ പ്രത്യേകത.
വെരി ലോ സൾഫർ ഫ്യുവൽ ഓയിൽ (VLSFO)
വെരി ലോ സൾഫർ ഫ്യുവൽ ഓയിൽ (വിഎൽഎസ്എഫ്ഒ) എന്നത് എംജിഒയെ പോലെ 0.5% സൾഫർ അടങ്ങിയ കപ്പൽ ഇന്ധനമാണ്. 2020 ജനുവരി 1 മുതൽ കപ്പൽ ഇന്ധനങ്ങളുടെ സൾഫറിന്റെ അളവ് 3.5% ൽ നിന്ന് 0.5% ആയി കുറയ്ക്കണമെന്ന് ഇന്റർനാഷനൽ മാരിടൈം ഓർഗനൈസേഷൻ നിർദേശിച്ചതിന്റെ ഭാഗമായാണ് വിഎൽഎസ്എഫ്ഒ ഇന്ധനം നിർമ്മിച്ചത്. ഉയർന്ന സൾഫർ അടങ്ങിയ ഇന്ധനങ്ങൾ വായു മലിനീകരണത്തിനും ശ്വസന പ്രശ്‌നങ്ങൾക്കും കാരണമാകുമെന്നും കപ്പലുകളിൽ നിന്നുള്ള സൾഫർ ഓക്‌സൈഡ് പുറന്തള്ളൽ കുറയ്ക്കുക എന്നതും ലക്ഷ്യമിട്ടാണ് വിഎൽഎസ്എഫ്ഒ ഇന്ധനം ഇന്റർനാഷനൽ മാരിടൈം ഓർഗനൈസേഷൻ മുന്നോട്ട് വച്ചത്. ഇതോടെ അതുവരെ ഉപയോഗിച്ചിരുന്ന ഹൈ സൾഫർ ഫ്യുവൽ ഓയിൽ (എച്ച്എസ്എഫ്ഒ) യുടെ ഉപയോഗത്തിൽ നിയന്ത്രണം വന്നു.
സൾഫർ പുറംന്തള്ളൽ മാനദണ്ഡങ്ങൾ പാലിക്കണമെങ്കിൽ കപ്പലുകൾക്ക് ഇതോടെ വിഎൽഎസ്എഫ്ഒയിലേക്കോ എംജിഒയിലേക്കോ മാറേണ്ടി വന്നു. എന്നാൽ എംജിഒ ഇന്ധനം കൂടുതൽ ശുദ്ധീകരിക്കപ്പെട്ടതാണ്, അതുകൊണ്ട് വിലയും കൂടുതലാണ്. വിഎൽഎസ്എഫ്ഒയുടെ ഇന്ധനക്ഷമത വില കൂടിയ എംജിഒയേക്കാൾ കുറവാണ്.
കപ്പലപകടങ്ങളിൽ നിന്ന് ഇന്ധനം ചോരുന്നതിനാല്‍ തീരദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ ദുരന്തനിവാരണ അതോറിറ്റിക്ക് കൂടുതൽ എന്ത് ചെയ്യാൻ കഴിയും? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: The MSC Elsa 3 container ship off Kochi is worsening, with more containers falling. Navy rescued three crew. Oil spill concerns led to alerts along Kerala coast. Details on bunker fuels and sulfur regulations were also provided.
#KochiShipAccident #OilSpill #ContainerShip #KeralaCoast #NavyRescue #MaritimeSafety