Allegation | തിരൂര്‍ സതീഷ് കൊടകര വെടിപൊട്ടിച്ചത് ശോഭാ സുരേന്ദ്രന് വേണ്ടിയോ?
● തിരൂർ സതീഷ് കൊടകര കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തി
● തിരൂർ സതീഷ്, ബിജെപിക്ക് കള്ളപ്പണം കൊണ്ടുവന്നെന്നാരോപിച്ചു
● സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാരയെന്ന് കോൺഗ്രസ്
അർണവ് അനിത
(KVARTHA) പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയപ്രതീക്ഷ വര്‍ദ്ധിക്കുന്നതിനിടെയാണ്, തൃശൂര്‍ ജില്ലാ കമ്മിറ്റി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് കെ സുരേന്ദ്രന്‍ സാക്ഷിയായ കൊടകര കുഴല്‍പ്പണ കേസിലെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. ഇത് ബിജെപിയെ മാത്രമല്ല, സിപിഎമ്മിനെയും വെട്ടിലാക്കിയിരിക്കുകയാണ്. മൂന്ന് ചാക്കുകളിലായി തെരഞ്ഞെടുപ്പ് സാമഗ്രികളെന്ന പേരില്‍ ധര്‍മരാജന്‍ കള്ളപ്പണം എത്തിച്ചെന്നാണ് വെളിപ്പെടുത്തല്‍. ധര്‍മരാജന്‍ പിന്നീട് കെ സുരേന്ദ്രന്റെ മകനെയും വിളിച്ചിരുന്നു.വെന്നാണ് പറയുന്നത്. ഈ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കിയെങ്കിലും കള്ളപ്പണക്കേസായതിനാല്‍ ഇഡിയാണ് മറ്റ് നടപടികള്‍ സ്വീകരിക്കേണ്ടത്.
ഇഡി കേസെടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. അതേസമയം സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുകയാണെന്ന് യുഡിഎഫ് ആരോപിക്കുന്നു. കരുവന്നൂര്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്കെതിരായ കേസ്, ലാവ്‌ലിന്‍ കേസ് എല്ലാം ഒരു വഴിക്കും എത്താത്തതിന് പിന്നില്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടി 40 കോടി രൂപയാണ് ധര്‍മരാജന്‍ ബിജെപിക്ക് വേണ്ടി കൊണ്ടുവന്നെന്നാണ് ആരോപണം. ധര്‍മരാജന്‍ മദ്യമുതലാളിയാണ്. മാത്രമല്ല, കെ.സുരേന്ദ്രന്റെ അടുപ്പക്കാരനാണ്.
ഇഡി അന്വേഷണം നടത്തിയാല്‍ തെരഞ്ഞെടുപ്പ് കേസിന്റെ പരിധിയില്‍ കൊടകരക്കേസ് വരുമെന്ന് ഉറപ്പാണ്. കാരണം ഒരു നിയമസഭാ മണ്ഡലത്തില്‍ 40 ലക്ഷം രൂപ മാത്രമേ ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാനാകൂ എന്നതാണ് നിയമം. അത് മറികടന്നാണ് കോടിക്കണക്കിന് കള്ളപ്പണം കൊണ്ടുവന്ന് ചെലവഴിക്കുന്നത്. ഇലക്ടറല്‍ ബോണ്ടിലൂടെ 6500 കോടിയോളം രൂപയാണ് ബിജെപി സമാഹരിച്ചിരിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കും മറ്റ് പാര്‍ട്ടികളിലെ എംഎല്‍എമാരെ ചാക്കിലാക്കാനും മറ്റും ഉപയോഗിക്കുകയാണെന്നാണ് ആക്ഷേപം.
ബംഗളൂരുവില്‍ നിന്നാണ് ധര്‍മരാജന്‍ പണം കൊണ്ടുവന്നതെന്ന് പറയുന്നു. അന്വേഷണം നടത്തിയാല്‍ ആരാണ് ധര്‍മരാജന് പണം നല്‍കിയതെന്ന് കണ്ടെത്തേണ്ടിവരും. അത് ബിജെപിക്ക് വലിയ നാണക്കേടായി മാറുമെന്നാണ് ആക്ഷേപം. ഇതിലെല്ലാം യാഥാര്‍ത്ഥ്യം ഉള്ളത് കൊണ്ടാണ് തിരൂര്‍ സതീഷ് പാര്‍ട്ടിക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തല്‍ നടത്തിയിട്ടും ബിജെപി കേസ് കൊടുക്കാത്തത് എന്ന് പ്രതിപക്ഷം പറയുന്നു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കള്ളപ്പണം ഉപയോഗിക്കുന്നു എന്നത് ഗൗരവതരമായ കുറ്റകൃത്യമാണ്. അതാണ് ബിജെപിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. അതിന്റെ പ്രത്യാഘാതം അറിയാവുന്നത് കൊണ്ടാണ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് അനീഷ്‌കുമാറും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും വാര്‍ത്താസമ്മേളനം നടത്തിയത്. വെളിപ്പെടുത്തല്‍ സുരേന്ദ്രന്‍ ക്യാമ്പിനെ വെട്ടിലാക്കിയതോടെ മറ്റ് നേതാക്കളാരും പ്രതിരോധിക്കാന്‍ രംഗത്തെത്തിയില്ല എന്നതും ശ്രദ്ധേയമാണ്.
ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടിനെ സംബന്ധിച്ച് മുമ്പും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. തൃശൂരിലെ ഒരു നേതാവ് പഞ്ചായത്ത് മുതല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വരെ മത്സരിക്കും, എല്ലാ തെരഞ്ഞെടുപ്പിലും തോല്‍ക്കുകയും ചെയ്യും. എന്നാല്‍ ഇലക്ഷന്‍ കഴിയുന്നതോടെ തൃശൂര്‍ നഗരത്തില്‍ ഇദ്ദേഹം ഫ്‌ലാറ്റോ, ബില്‍ഡിംഗോ സ്വന്തമാക്കിയിരിക്കും എന്നാണ് പ്രവർത്തകർ തന്നെ പറയുന്നത്. ബാങ്കിലൂടെയോ, മറ്റോ പണം കൈമാറിയാല്‍ കണക്ക് കൃത്യമായിരിക്കും അതുകൊണ്ടാണ് കറന്‍സിയായി തെരഞ്ഞെടുപ്പ് ഫണ്ട് കൊണ്ടുവരുന്നത്. ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലേറിയ ശേഷം ഇത് വളരെ എളുപ്പും നടക്കുകയും ചെയ്യും.
അതേസമയം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഖെയുടെ ഹെലികോപ്ടറില്‍ വരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിച്ചിരുന്നു. എന്നാല്‍ മറ്റ് ബിജെപി നേതാക്കളുടെ വാഹനങ്ങളിലൊന്നും പരിശോധന നടത്തിയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോടിക്കണക്കിന് രൂപയാണ് ബിജെപി കേരളത്തില്‍ ചെലവഴിച്ചത്. തിരുവനന്തപുരം മണ്ഡലം സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്നെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശിതരൂര്‍ ആരോപിച്ചിരുന്നു.
മഞ്ചേശ്വരം കോഴക്കേസിലും ബിജെപി സംസ്ഥാന അധ്യക്ഷനാണ് പ്രതി. മറ്റൊരു സ്ഥാനാര്‍ത്ഥി പിന്മാറാന്‍ കോഴ വാഗ്ദാനം ചെയ്‌തെന്നാണ് കേസ്. പോലീസ് ശരിയായി കേസ് അന്വേഷിച്ചില്ലെന്നും പ്രോസിക്യൂഷന്‍ നടപടികളും കാര്യക്ഷമമല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കോടതി സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയെങ്കിലും ഹൈക്കോടതി ആ നടപടി റദ്ദാക്കി. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാരയുടെ മികച്ച ഉദാഹരണമാണിതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. തെരഞ്ഞെടുപ്പിന്റെ മൂര്‍ധന്യഘട്ടത്തില്‍ പക്ഷെ, ബിജെപിയെയും സിപിഎമ്മിനെയും വെട്ടിലാക്കിയത് കോണ്‍ഗ്രസ് അല്ലെന്നാണ് പാണന്‍മാര്‍ പാടി നടക്കുന്നത്.
ബിജെപി സംസ്ഥാന നേതൃത്വത്തിലുള്ള രൂക്ഷമായ ഭിന്നതയാണ് ഇതിന് പിന്നിലെന്ന് അറിയുന്നു. പാലക്കാട്ട് ശോഭാസുരേന്ദ്രനെ മത്സരിപ്പിക്കണമെന്നാണ് പ്രബല വിഭാഗം ആഗ്രഹിച്ചിരുന്നത്, അവര്‍ 2016ല്‍ പാലക്കാട് മത്സരിച്ച് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. എന്നാല്‍ ശോഭയ്‌ക്കെതിരെ കെ സുരേന്ദ്രന്‍ കളിച്ചു. അദ്ദേഹത്തിന്റെ അനുയായിയായ സി.കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയെന്നാണ് പാർട്ടിക്കുള്ളിലെ വിമർശനം. ഇതോടെ തന്റെ വലംകയ്യും ഡ്രൈവറും ആയിരുന്ന തിരൂര്‍ സതീഷിനെ ഉപയോഗിച്ച് ശോഭാ സുരേന്ദ്രന്‍ വെടിക്കെട്ട് നടത്തിയെന്നാണ് ആരോപണം.
#KeralaPolitics #Corruption #BJP #CPM #ElectionFunding
മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ബിജെപി കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധമാർച്ച് pic.twitter.com/RJfYQZoG9C
— BJP KERALAM (@BJP4Keralam) October 4, 2024