Heavy Rain | വടക്കന്‍ കേരളത്തില്‍ മഴ കനക്കുന്നു; കോഴിക്കോട് കനത്തമഴയിലും ചുഴലിക്കാറ്റിലും വ്യാപകനാശനഷ്ടം; 7 വീടുകള്‍ തകര്‍ന്നു, മരങ്ങളും കടപുഴകി വീണു, കൃഷിഭൂമിയിലും നഷ്ടം, തോണി മറിഞ്ഞും അപകടം
മഴ കനത്തതോടെ പുഴകളിലെ ജലനിരപ്പും ഉയര്‍ന്നു.
കോടഞ്ചേരി ചെമ്പു കടവ് പാലത്തില്‍ വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടു.
കോഴിക്കോട്: (KVARTHA) സംസ്ഥാനത്ത് വടക്കന്‍ കേരളത്തില്‍ മഴ (Rain) കനക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മഴയ്ക്ക് നേരിയ ശമനം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ വീണ്ടും ശക്തി പ്രാപിച്ചിരിക്കയാണ്. കോഴിക്കോട് മലയോര മേഖലയിലുണ്ടായ കനത്തമഴയിലും ചുഴലിക്കാറ്റിലും (Cyclone) വ്യാപകനാശനഷ്ടമുണ്ടായതായുള്ള (Extensive damage) റിപോര്‍ടുകളും (Report) പുറത്തുവരുന്നുണ്ട്.
കനത്ത കാറ്റില്‍ താമരശ്ശേരി അമ്പായത്തോട് മേഖലയില്‍ ഏഴ് വീടുകള്‍ തകര്‍ന്നു. മരങ്ങളും കടപുഴകി വീണു. കൃഷിഭൂമിയിലും വ്യാപകനാശ നഷ്ടങ്ങളാണ് റിപോര്‍ട് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച പുലര്‍ചെയാണ് പ്രദേശത്ത് ചുഴലിക്കാറ്റുണ്ടായത്. എന്നാല്‍ വലിയ ശബ്ദം കേട്ടതോടെ ആളുകള്‍ വീടിന് പുറത്തിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി.
മഴ കനത്തതോടെ പുഴകളിലെ ജലനിരപ്പും ഉയര്‍ന്നു. കോടഞ്ചേരി ചെമ്പു കടവ് പാലത്തില്‍ വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടു. കരുവന്‍തുരുത്തി പെരവന്‍മാട് കടവില്‍ ശക്തമായ കാറ്റിലും മഴയിലും പെട്ട് തോണി മറിഞ്ഞും അപകടമുണ്ടായി. തോണിയില്‍ ഉണ്ടായിരുന്ന മൂന്ന് പേരേയും രക്ഷപ്പെടുത്തി.
മലപ്പുറത്ത് ചാലിയാര്‍ പുഴയിലും ജലനിരപ്പ് ഉയരുകയാണ്. പുഴയ്ക്കു സമീപം താമസിക്കുന്നവര്‍ക്ക് റവന്യൂ ഉദ്യോഗസ്ഥര്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലപ്പുറത്തും കണ്ണൂരിലും മലയോര മേഖലയില്‍ മഴ കനത്തതിനാല്‍ പുഴകള്‍ നിറഞ്ഞൊഴുകുകയാണ്. കാസര്‍കോട് ജില്ലയില്‍ കനത്ത കാറ്റ് തുടരുന്നു. മഴയ്ക്ക് ശമനമുണ്ട്.
വയനാട്ടിലും വിവിധ ഭാഗങ്ങളില്‍ ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. മഴ കനത്തതോടെ മേപ്പാടിയില്‍ മൂന്ന് സ്‌കൂളുകള്‍ക്ക് അവധി നല്‍കി. വെള്ളാര്‍മല വെകേഷണല്‍ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍, പുത്തുമല, മുണ്ടക്കൈ യുപി സ്‌കൂളുകള്‍ക്കാണ് കലക്ടര്‍ അവധി നല്‍കിയത്.
കനത്ത മഴയെ തുടര്‍ന്ന് മാനന്തവാടി ഗവ വൊകേഷണല്‍ ഹയര്‍സെകന്‍ഡറി സ്‌കൂളില്‍ നിന്ന് കൂവളം കുന്നിലേക്ക് പോകുന്ന റോഡിന് സമീപം പുഴയരികിലും മുണ്ടക്കൈയില്‍ ജനവാസമില്ലാത്ത മേഖലയിലും മണ്ണിടിച്ചില്‍ ഉണ്ടായി. ഇതേതുടര്‍ന്ന് മുന്‍കരുതല്‍ എന്ന നിലയ്ക്ക് പുത്തുമല കാശ്മീര്‍ ദ്വീപിലെ മൂന്ന് കുടുംബങ്ങളെയും മുണ്ടക്കൈ പുഞ്ചിരിമട്ടം കോളനിയിലെ അഞ്ചു കുടുംബങ്ങളെയും ക്യാംപുകളിലേക്ക് മാറ്റി.
ബാണാസുര സാഗര്‍ അണക്കെട്ടില്‍ നിലവില്‍ 772.85 ആണ് ജലനിരപ്പ്. 773 മീറ്റര്‍ ആയാല്‍ അണക്കെട്ടില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിക്കും.