പരാതിക്ക് ഫലം കണ്ടു; കുറ്റവിമുക്തരായവരുടെ വിവരങ്ങൾ പോലീസ് രേഖകളിൽ നിന്ന് ഒഴിവാക്കും


● പിസിസി ലഭിക്കുന്നതിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കും.
● ആർഎസ്പി നേതാവ് അജോ കുറ്റിക്കനാണ് പരാതി നൽകിയത്.
● 2024 ജൂലൈ 1-ന് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു.
● പുതിയ മാറ്റങ്ങൾ സാധാരണക്കാർക്ക് ഗുണം ചെയ്യും.
തിരുവനന്തപുരം:(KVARTHA) ക്രിമിനൽ കേസുകളിൽ പ്രതികളാകുകയും പിന്നീട് കോടതി വെറുതെ വിടുകയും ചെയ്യുന്നവരുടെ വിവരങ്ങൾ പൊലീസ് രേഖകളിൽനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ സമർപ്പിച്ച പരാതിയിൽ സംസ്ഥാന പോലീസ് മേധാവി വിശദീകരണം നൽകി. കുറ്റവിമുക്തരായവരുടെ വിവരങ്ങൾ പൊലീസ് സ്റ്റേഷൻ രജിസ്റ്ററുകളിൽനിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരുന്നതായും ഇതിനായി കാലാനുസൃതമായി പൊലീസ് മാനുവൽ പരിഷ്കരിക്കുന്നുണ്ടെന്നും സംസ്ഥാന പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു.
വിഷയം സംബന്ധിച്ച് ആർ.എസ്.പി. നേതാവും ഇടുക്കി സ്വദേശിയുമായ അജോ കുറ്റിക്കൻ നൽകിയ പരാതിയിലാണ് പൊലീസ് മേധാവിയുടെ മറുപടി. കേസുകളിൽ പ്രതിയാക്കപ്പെടുകയും പിന്നീട് കോടതി വെറുതെ വിടുന്ന കേസുകളിൽ പലതിലും വർഷങ്ങൾ കഴിഞ്ഞിട്ടും പോലീസ് രേഖകളിൽ തിരുത്തലുകൾ വരുത്താതിനാൽ പല ആളുകൾക്കും പി.സി.സി. (പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്) ലഭിക്കുന്നതിനും മറ്റും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

പൊലീസ് രേഖകൾ പരിഷ്കരിക്കും
പരാതി സമഗ്രമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ, ക്രിമിനൽ കേസുകളിൽ കുറ്റവിമുക്തരാക്കപ്പെടുന്നവരുടെ വിവരങ്ങൾ ചില പൊലീസ് സ്റ്റേഷൻ രജിസ്റ്ററുകളിൽനിന്ന് നീക്കം ചെയ്യാത്തതിനാൽ, (Certificate of Involvement / Non-Involvement in Offences പോലുള്ള) കേസുകളിൽ പ്രതിയാണോ അല്ലയോ എന്ന് സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റുകൾ നൽകുന്ന സമയത്ത് പഴയ കേസുകളുടെ വിവരങ്ങൾ കൂടി രേഖപ്പെടുത്തി നൽകുന്നത് സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് പോലീസ് മേധാവി വ്യക്തമാക്കി.
ഇതിന് പരിഹാരമായി, കുറ്റവിമുക്തരാക്കപ്പെടുന്നവരുടെ വിവരങ്ങൾ പോലീസ് സ്റ്റേഷൻ രജിസ്റ്ററിൽനിന്ന് നീക്കം ചെയ്യുന്നതിനും പഴയ കേസുകളുടെ വിവരങ്ങൾ ഒഴിവാക്കുന്നതിനും കേരള പൊലീസ് മാന്വൽ (Kerala Police Manual) പരിഷ്കരിക്കാൻ നടപടി സ്വീകരിച്ച് വരികയാണ്. 2024 ജൂലൈ 1 മുതൽ പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നതിനെ തുടർന്ന് നിലവിലുള്ള കേരള പോലീസ് മാനുവൽ കാലഹരണപ്പെട്ടതിനാലാണ് ഇത്തരമൊരു സമഗ്രമായ പരിഷ്കരണത്തിന് തീരുമാനിച്ചത്.
പുതിയ മാനുവലിൽ നിർദേശങ്ങൾ ഉൾപ്പെടുത്തും
ഈ പരിഷ്കരണത്തിന്റെ ഭാഗമായി, ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കമ്മിറ്റികൾ രൂപീകരിച്ച് വിവിധ ഭാഗങ്ങളായുള്ള കേരള പോലീസ് മാനുവലിന്റെ പരിഷ്കരണ ജോലികൾ പുരോഗമിക്കുകയാണ്. കോടതി വിചാരണയിൽ കുറ്റവിമുക്തരാക്കപ്പെടുന്ന വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ അഥവാ കേസ് തീർപ്പാക്കൽ സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട രജിസ്റ്ററുകളിൽ യഥാസമയം ചേർക്കേണ്ടതാണെന്നുള്ള നിർദ്ദേശം കൂടി പുതിയ മാനുവലിന്റെ കരടിൽ ഉൾപ്പെടുത്തുവാൻ (Director KEPAക്ക്) നിർദേശം നൽകിയതായും പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു. പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് എസ് ശ്രീജിത്ത് ഐ പി എസ്, അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ്, ഫോർ ഡയറക്ടർ ജനറൽ ഓഫ് പോലീസ്-കം-സ്റ്റേറ്റ് പോലീസ് ചീഫ് എന്ന നിലയിലാണ് കമ്മീഷന് മറുപടി നൽകിയത്.
ഈ വിഷയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Police to remove records of acquitted persons from database.
#KeralaPolice, #HumanRights, #PoliceManual, #PCC, #CriminalJustice, #KeralaNews