Criticism | മുഖ്യമന്ത്രിയെ 'ഇകഴ്ത്തി' സംസാരിച്ച ഗവര്‍ണര്‍ക്ക് പൊലീസിന്റെ അസാധാരണ മറുപടി
● ഗവര്‍ണര്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് വിശദീകരണം
● വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത് പിടികൂടിയ സ്വര്‍ണത്തിന്റെയും ഹവാലപ്പണത്തിന്റെയും കണക്ക് മാത്രം
തിരുവനന്തപുരം: (KVARTHA) ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മുഖ്യമന്ത്രി-ഗവര്‍ണര്‍ പോര് വീണ്ടും തുടരുകയാണ്. ഇരുവരുടേയും പോരില്‍ പങ്കുചേര്‍ന്ന് അപൂര്‍വ നടപടിയുമായി എത്തിയിരിക്കയാണ് കേരളാ പൊലീസും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോടു പറഞ്ഞ കാര്യത്തിനാണ് പൊലീസ് വാര്‍ത്താകുറിപ്പിലൂടെ രംഗത്തെത്തിയിരിക്കുന്നത്. ഗവര്‍ണര്‍ പറഞ്ഞതായി ഇലക്ട്രോണിക് മാധ്യമത്തില്‍ വന്ന പ്രസ്താവനയ്ക്കുള്ള വിശദീകരണം എന്ന നിലയിലാണ് വാര്‍ത്താക്കുറിപ്പ്.
സാധാരണയായി ഗവര്‍ണര്‍ പറയുന്ന കാര്യങ്ങള്‍ക്ക് കേരളാ പൊലീസ് ഇത്തരത്തില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കി മറുപടി നല്‍കാറില്ല. ചില സാഹചര്യങ്ങളില്‍ എന്തെങ്കിലും വിശദീകരണം നല്‍കണമെങ്കില്‍ ആഭ്യന്തര സെക്രട്ടറി വഴി ചീഫ് സെക്രട്ടറിയാണ് മറുപടി നല്‍കേണ്ടത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ പൊലീസ് നേരിട്ടു തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ഗവര്‍ണര്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നാണ് പൊലീസിന്റെ വിശദീകരണം. ഗവര്‍ണര്‍ മാധ്യമങ്ങളോട് സംസാരിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് പൊലീസിന്റെ മറുപടി എന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്ത് സ്വര്‍ണക്കടത്തിലൂടെ വരുന്ന പണം നിരോധിത സംഘടനകള്‍ക്കു വേണ്ടിയാണ് ഉപയോഗിക്കപ്പെടുന്നതെന്ന് കേരളാ പൊലീസിന്റെ വെബ് സൈറ്റില്‍ പറഞ്ഞിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണക്കുറിപ്പില്‍ പറയുന്നത്. മറിച്ച് സംസ്ഥാനത്ത് പിടികൂടിയ സ്വര്‍ണത്തിന്റെയും ഹവാലപ്പണത്തിന്റെയും കണക്കു മാത്രമാണ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു.
സ്വര്‍ണക്കടത്തിലൂടെയും മറ്റും വരുന്ന പണം നിരോധിത സംഘടനകള്‍ക്കു ലഭിക്കുന്നുവെന്ന് കേരള പൊലീസിന്റെ വെബ്സൈറ്റിലുണ്ടെന്നാണ് കഴിഞ്ഞദിവസം ഗവര്‍ണര്‍ മാധ്യമങ്ങളോടു പറഞ്ഞത്. സ്വര്‍ണം, ലഹരിമരുന്ന്, കള്ളപ്പണം എന്നിവ കടത്തുന്നതു നാടിനെതിരായ കുറ്റമാണ് എന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് വീഡിയോയിലുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.
#GovernorCriticism, #KeralaPolitics, #CMVsGovernor, #KeralaPoliceResponse, #GoldSmuggling, #KeralaNews