വളപട്ടണം സ്റ്റേഷനിലെ മർദനം: വർക്ക്‌ഷോപ്പ് മാനേജർ ഉൾപ്പെടെ രണ്ട് പേർ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്; കേൾവിശക്തി നഷ്ടപ്പെട്ടതായി പരാതി


● അന്ന് എസ്ഐ ആയിരുന്ന ശ്രീജിത്ത് കൊടേരിക്ക് എതിരെ ആരോപണം.
● പരാതി നൽകിയിട്ടും നടപടിയില്ല; കോടതി നിർദേശപ്രകാരമാണ് കേസ്.
● മറ്റൊരു കേസിലെ ഇരയായ എം.എസ്. വിനീതും ആരോപണവുമായി രംഗത്ത്.
● പോലീസിനെതിരെ പരാതി നൽകിയതിന് കള്ളക്കേസിൽ കുടുക്കിയെന്ന് വിനീത്.
● 10 വർഷം കോടതിയിൽ കയറിയിറങ്ങിയാണ് നിരപരാധിത്വം തെളിയിച്ചത്.
കണ്ണൂർ: (KVARTHA) വളപട്ടണം പോലീസ് സ്റ്റേഷനിൽ വെച്ച് ക്രൂരമായ മർദനമേറ്റെന്ന് ആരോപിച്ച് വർക്ക്ഷോപ്പ് മാനേജർ ഉൾപ്പെടെ രണ്ട് പേർ രംഗത്തെത്തി. നാറാത്ത് സ്വദേശിയായ കെ.ടി. അഷ്‌റഫാണ് വളപട്ടണം പോലീസ് സ്റ്റേഷനിൽ അന്ന് എസ് ഐയായിരുന്നതും ഇപ്പോഴത്തെ കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടറുമായ ശ്രീജിത്ത് കൊടേരിക്ക് എതിരെ ഗുരുതര ആരോപണവുമായി മാധ്യമങ്ങളെ സമീപിച്ചത്. വർക്ക്‌ഷോപ്പ് വാടകയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാനെന്ന പേരിൽ വിളിച്ചുവരുത്തി തന്നെ അതിക്രൂരമായി മർദിച്ചെന്നാണ് അഷ്‌റഫിന്റെ പരാതി.

ഈ മർദനത്തിൽ തൻ്റെ വലത് ചെവിയുടെ കർണപുടം (eardrum) തകർന്നു. കനത്ത അടിയിൽ തൻ്റെ കേൾവിശക്തിക്ക് 35 ശതമാനം കുറവുണ്ടായെന്നും അഷ്‌റഫ് പറയുന്നു. 'ലോക്കപ്പിന്റെ അടുത്ത മുറിയിൽ കസേരയിൽ ഇരിക്കാൻ അന്ന് എസ്‌ഐയായിരുന്ന ശ്രീജിത്ത് പറഞ്ഞു. കസേരയിലിരിക്കാൻ തുടങ്ങിയപ്പോൾ രണ്ട് കൈ കൊണ്ടും ചെവിക്ക് അടിച്ചു. ഇന്നും അതിന്റെ പ്രശ്നങ്ങൾ എനിക്കുണ്ട്,' അഷ്‌റഫ് വെളിപ്പെടുത്തി. തന്നെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറഞ്ഞെന്നും, നോമ്പായതിനാൽ മർദിക്കരുതെന്ന് അപേക്ഷിച്ചിട്ടും പോലീസുകാരൻ ക്രൂരമായി മർദിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. പിന്നീട് കോടതിയുടെ നിർദേശപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും അഷ്‌റഫ് വ്യക്തമാക്കി.
വർഷങ്ങൾക്ക് മുമ്പ് പോലീസ് മർദനത്തിന് ഇരയായ മറ്റൊരു വ്യക്തിയും ഈ വിഷയത്തിൽ പ്രതികരിക്കാൻ രംഗത്തെത്തി. ഇരിട്ടി സ്വദേശിയായ എം.എസ്. വിനീതാണ് പോലീസ് മർദനത്തിനെതിരെ പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനെതിരെ രംഗത്തെത്തിയത്. പോലീസിനെതിരെ പരാതി നൽകിയതിന്റെ പ്രതികാരമായി കള്ളക്കേസിൽ കുടുക്കി മർദിച്ചെന്നായിരുന്നു വിനീതിന്റെ പരാതി. പോലീസിനെ ആക്രമിച്ചെന്ന കേസിൽ കസ്റ്റഡിയിലെടുത്താണ് മർദിച്ചതെന്നും, മർദനത്തിൽ കേൾവിശക്തിക്ക് തകരാർ സംഭവിച്ചെന്നും വിനീത് ആരോപിച്ചു. തൻ്റെ നിരപരാധിത്വം തെളിയിക്കാൻ 10 വർഷം കോടതി കയറിയിറങ്ങേണ്ടി വന്നതായും വിനീത് കൂട്ടിച്ചേർത്തു. 2015 സെപ്റ്റംബർ 12ന് പൊലീസ് മർദനമേറ്റെന്നായിരുന്നു പരാതി.
പോലീസ് അതിക്രമങ്ങൾക്കെതിരെയുള്ള ഈ വാർത്ത ഷെയർ ചെയ്യൂ.
Article Summary: Two people allege police brutality at Valapattanam Police Station, claiming hearing loss.
#PoliceBrutality #KeralaPolice #Valapattanam #PoliceCustody #HumanRights #Kannur