Disappointment | കേരളത്തെ അവഗണിച്ച് കേന്ദ്ര ബജറ്റ്; ഇത്തവണയും എയിംസ് ഇല്ല; പ്രത്യേക പദ്ധതികളും പ്രഖ്യാപിച്ചില്ല


● 24,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പരിഗണിച്ചില്ല.
● വയനാട് ദുരിതാശ്വാസത്തിന് 2000 കോടിയും, മറ്റും ആവശ്യപ്പെട്ടിരുന്നു.
● സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി 3.5% ആയി ഉയർത്തി.
തിരുവനന്തപുരം: (KVARTHA) കേന്ദ്ര ബജറ്റില്‍ കേരളത്തിന് വീണ്ടും നിരാശ. ഇത്തവണയും കേരളത്തിന് എയിംസോ, മറ്റ് പ്രത്യേക പദ്ധതികളോ പ്രഖ്യാപിച്ചില്ല. സംസ്ഥാനം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പോലും പരിഗണിച്ചില്ല. വയനാട് ദുരിതാശ്വാസത്തിനായി 2000 കോടിയും, വന്യജീവി പ്രശ്‌നം പരിഹരിക്കാന്‍ 1000 കോടിയും, വിഴിഞ്ഞം തുറമുഖത്തിനായി 5,000 കോടിയുടെ പ്രത്യേക പാക്കേജും ആവശ്യപ്പെട്ടിരുന്നു.
അടിസ്ഥാന സൗകര്യമേഖലയില്‍ വലിയ മാറ്റങ്ങള്‍ ലക്ഷ്യമിട്ടുള്ള സില്‍വര്‍ ലൈന്‍, അങ്കമാലി-ശബരി, തലശേരി-മൈസൂര്‍ റെയില്‍ പാതകള്‍ തുടങ്ങിയ പദ്ധതികള്‍ക്ക് ബജറ്റില്‍ പരിഗണന ലഭിക്കുമെന്നും കേരളം പ്രതീക്ഷിച്ചിരുന്നു. നെല്ല് സംഭരണം, സപ്ലൈകോ കുടിശിക, റബ്ബറിന് വില സ്ഥിരതാ ഫണ്ട്, സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ കുടിശിക തീര്‍ക്കല്‍ തുടങ്ങിയ ആവശ്യങ്ങളും കേരളം കേന്ദ്രത്തിന് മുന്നില്‍ വെച്ചിരുന്നു. കേരളത്തില്‍ നിന്ന് ബിജെപിക്ക് ആദ്യമായി എംപിയെ ലഭിച്ചിട്ടും സംസ്ഥാനത്തിന്റെ പ്രധാന ആവശ്യങ്ങള്‍ പരിഗണിക്കാതെ പോയത് വലിയ തിരിച്ചടിയായിരിക്കുകയാണ്.
സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി വര്‍ധിപ്പിച്ചു
അതേസമയം സംസ്ഥാനങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യമായ കടമെടുപ്പ് പരിധി വര്‍ദ്ധിപ്പിച്ചു എന്നത് മാത്രമാണ് ഏക ആശ്വാസം. നിലവില്‍ സംസ്ഥാനങ്ങളുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനമാണ് പരിധി. ഇത് 0.5% വര്‍ദ്ധിപ്പിച്ച് 3.5% ആക്കി ഉയര്‍ത്തി. ഫിസ്‌കല്‍ റെസ്‌പോണ്‍സിബിലിറ്റി ആന്‍ഡ് ബജറ്റ് മാനേജ്മെന്റ് ആക്ട് പ്രകാരം സംസ്ഥാനങ്ങളുടെ ധനകമ്മി, മൊത്ത സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിന്റെ 3% കവിയാന്‍ പാടില്ല.
എന്നാല്‍, സംസ്ഥാനങ്ങളുടെ ധനകമ്മി ഈ സാമ്പത്തിക വര്‍ഷം 0.2% വര്‍ദ്ധിച്ച് 3.2% ആയി ഉയരുമെന്ന് കണക്കാക്കുന്നു. ഇത് 11 ലക്ഷം കോടി രൂപയുടെ കമ്പോള വായ്പയ്ക്ക് തുല്യമാണ്. 15-ാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത 3% നെക്കാള്‍ കൂടുതലാണിത്. ഏറ്റവും കൂടുതല്‍ കടബാധ്യതയുള്ള സംസ്ഥാനങ്ങള്‍ അരുണാചല്‍ പ്രദേശ് (6.7 ശതമാനം ധനക്കമ്മി), സിക്കിം (5.2 ശതമാനം), ഹിമാചല്‍ പ്രദേശ് (4.7 ശതമാനം), ത്രിപുര (4.5 ശതമാനം) എന്നിവയാണ്. പഞ്ചാബിലും കേരളത്തിലും ഇത് 4 ശതമാനത്തോളമുണ്ട്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
The central budget has once again disappointed Kerala, with no mention of AIIMS or special projects. The state's pleas for a special financial package of Rs 24,000 crore were ignored, raising concerns about the Centre's commitment to the state's development.
#KeralaBudget #CentralBudget #AIIMS #FinancialPackage #Disappointment #KeralaNeedsAttention