Tribute | അര്‍ജുന്റെ അന്ത്യയാത്രയില്‍ ഒപ്പമെത്തിയ കാര്‍വാര്‍ എംഎല്‍എ സതീഷ് സെയിലിനൊപ്പം സെല്‍ഫി എടുക്കാനും നന്ദി അറിയിക്കാനും ചുറ്റും കൂടി പ്രദേശവാസികള്‍; ചിലര്‍ കാല്‍തൊട്ട് വന്ദിച്ചു
● ജീവനോടെ എത്തിക്കാന്‍ സാധിക്കാത്തതില്‍ സങ്കടമുണ്ടെന്ന് എം എല്‍ എ
● അന്ത്യകര്‍മങ്ങള്‍ നടത്താന്‍ മൃതദേഹമെങ്കിലും വീട്ടില്‍ എത്തിക്കാന്‍ സാധിച്ചതില്‍ ആശ്വസമുണ്ടെന്നും തുറന്നുപറച്ചില്‍
കോഴിക്കോട്: (KVARTHA) കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍പെട്ട് മരിച്ച അര്‍ജുന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള അന്ത്യയാത്രയില്‍ അനുഗമിച്ച കാര്‍വാര്‍ എംഎല്‍എ സതീഷ് സെയിലിനൊപ്പം സെല്‍ഫി എടുക്കാനും നന്ദി അറിയിക്കാനും ചുറ്റും കൂടി പ്രദേശവാസികള്‍. ചിലര്‍ കാല്‍തൊട്ട് വന്ദിക്കുകയും ചെയ്തു. തങ്ങള്‍ക്കറിയാവുന്ന ഭാഷയിലാണ് ഓരോരുത്തരും നന്ദി പ്രകടിപ്പിച്ചത്. മലയാളത്തിലും ഹിന്ദിയിലുമെല്ലാം നന്ദി പറഞ്ഞു.
അര്‍ജുന്റെ മൃതദേഹം കണ്ടെത്തുന്നതിന് രാവും പകലും ഇല്ലാതെ കഷ്ടപ്പെട്ടവരില്‍ മുന്‍പന്തിയില്‍ നിന്നിരുന്നവരില്‍ ഒരാള്‍ സതീഷ് സെയില്‍ ആയിരുന്നു. നിയമസഭാ സമ്മേളനം പോലും ഒഴിവാക്കി അദ്ദേഹം തിരച്ചില്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഇതെല്ലാം മാധ്യമങ്ങളിലൂടെ മലയാളികള്‍ അറിയുന്നുണ്ടായിരുന്നു. ആള്‍ക്കൂട്ടത്തിനിടെ സതീഷ് സെയിലിനെ തിരിച്ചറിഞ്ഞവരെല്ലാം അദ്ദേഹത്തിന് ചുറ്റും കൂടുകയായിരുന്നു.
അര്‍ജുനെ ജീവനോടെ എത്തിക്കാന്‍ സാധിക്കാത്തതില്‍ സങ്കടമുണ്ടെന്ന് സതീഷ് സെയില്‍ പറഞ്ഞു. എന്നാല്‍ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ മൃതദേഹമെങ്കിലും വീട്ടില്‍ എത്തിക്കാന്‍ സാധിച്ചതില്‍ ആശ്വസിക്കുന്നതായും അദ്ദേഹം അറിയിച്ചു. തിരച്ചില്‍ സമയത്ത് ഒട്ടേറെ പ്രതിസന്ധി നേരിട്ടു. പലപ്പോഴും എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു. എന്നാല്‍ ഒറ്റക്കെട്ടായി നിന്ന മലയാളികളും മാധ്യമങ്ങളും ദൗത്യം മുന്നോട്ടുകൊണ്ടുപോകാന്‍ പ്രചോദനമായെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രത്യേകം ഇടപെടല്‍ നടത്തിയെന്നും എംഎല്‍ എ കൂട്ടിച്ചേര്‍ത്തു. ദൗത്യത്തിന് ഒപ്പം നിന്നതിന് മലയാളികളോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച രാവിലെയാണ് അര്‍ജുന്റെ മൃതദേഹം കോഴിക്കോട്ടെത്തിച്ചത്. തിരച്ചിലിന് ഗോവയില്‍ നിന്നും ഡ്രഡ് ജര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ എത്തിക്കുന്നതില്‍ മുന്‍കൈ എടുത്തത് സതീഷ് സെയിലാണ്. ലക്ഷ കണക്കിന് രൂപയാണ് ഇതിന് ചിലവ് വരുന്നത്. അതെല്ലാം കര്‍ണാടക സര്‍ക്കാര്‍ വഹിക്കുകയായിരുന്നു. എംഎല്‍എ ഫണ്ട് ഉള്‍പ്പെടെ ഉപയോഗിച്ചു.
സതീഷ് സെയിലിന്റെ പ്രവര്‍ത്തനം കൊണ്ടുമാത്രമാണ് തിരച്ചിലുമായി മുന്നോട്ടുപോകാന്‍ സാധിച്ചതെന്ന് എംകെ രാഘവന്‍ എംപി പറഞ്ഞു. മലയാളികള്‍ സതീഷ് സെയിലിനോട് എന്നും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി എകെ ശശീന്ദ്രന്‍, എംപി ഷാഫി പറമ്പില്‍, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, കെഎം സച്ചിന്‍ ദേവ്, ലിന്റോ ജോസഫ്, മേയര്‍ ബീന ഫിലിപ്പ്, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരും അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
#SatishSail #RescueOperation #ShiruurLandslide #Tribute #KeralaYouth #Praised