K Sudhakaran | കെപിസിസി അധ്യക്ഷന്‍ കെ സുധാകരനതിരെ കണ്ണൂരില്‍ പോസ്റ്റര്‍ പ്രചാരണം
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ നഗരത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ വ്യാപക ഫ്ളക്സ് ബോര്‍ഡ്-പോസ്റ്റര്‍ പ്രചാരണം. ആര്‍എസ്എസ് അനുകൂല പ്രസ്താവന നടത്തിയെന്ന് ആരോപിച്ചു യൂത് കോണ്‍ഗ്രസിന്റെ പേരിലാണ് കെ സുധാകരനെതിരെ കണ്ണൂര്‍ ഡിസിസി ഓഫീസ് റോഡില്‍ ഫ്ളക്സ്, പോസ്റ്റര്‍ പ്രചാരണം. കണ്ണൂര്‍ തളാപ്പ് റോഡിലാണ് വിവിധയിടങ്ങളില്‍ യൂത് കോണ്‍ഗ്രസിന്റെ പേരില്‍ സുധാകരനെ വിമര്‍ശിക്കുന്ന പോസ്റ്ററുകളും ബോര്‍ഡുകളും സ്ഥാപിച്ചത്.
നെഹ്രുവിനെ തള്ളി പറഞ്ഞ് ആര്‍എസ്എസിനെ ന്യായീകരിക്കുന്ന സുധാകരന്‍ കോണ്‍ഗ്രസിന്റെ അന്തകന്‍, കോണ്‍ഗ്രസിനെ ആര്‍എസ്എസില്‍ ലയിപ്പിക്കാനുള്ള നീക്കം പരാജയപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പോസ്റ്ററുകളിലുള്ളത്. ഗാന്ധി ഘാതകരെ സംരക്ഷിച്ച കെ സുധാകരന്‍, കോണ്‍ഗ്രസിന്റെ ശാപം, ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്ന പാരമ്പര്യം അപമാനകരം, തുടങ്ങിയ വിമര്‍ശനങ്ങളും പോസ്റ്ററിലുണ്ട്.
മുന്‍ ഡിസിസി പ്രസിഡന്റായിരുന്ന പി രാമകൃഷ്ണന്റെ സുധാകരനെതിരായ വിമര്‍ശനങ്ങള്‍ ശരിയായിരുന്നുവെന്നും ഡിസിസി ഓഫീസിന് മുന്‍പിലെ തളാപ്പ് റോഡില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡില്‍ പറയുന്നു. യൂത് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്ററുകളും ഫ്ളക്സ് ബോര്‍ഡും പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ തങ്ങള്‍ക്ക് ഈ പ്രചരണത്തില്‍ പങ്കില്ലെന്നാണ് യൂത് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ദേഹാസ്യസ്ഥം കാരണം ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കെ സുധാകരന്‍.
Keywords: Kannur, News, Kerala, K.Sudhakaran, Politics, Kannur: Poster campaign against KPCC president K Sudhakaran.