Police Action | കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ പൊലീസിനെ അക്രമിച്ചെന്നതിന് സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത എസ്ഐമാരെ സ്ഥലം മാറ്റി


● തലശ്ശേരി മണോണിക്കാവ് ക്ഷേത്രോത്സവത്തിനിടെയാണ് സംഘർഷം നടന്നത്.
● പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പ്രാദേശികനേതാക്കൾക്ക് എതിർപ്പുണ്ടായിരുന്നു.
● സർക്കാരിനെ വിമർശിച്ച് അനുഭാവികൾ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരുന്നു.
കണ്ണൂർ: (KVARTHA) ജില്ലയിലെ തലശേരി നഗരസഭയിലെ ഇല്ലത്ത് താഴെ മണോണിക്കാവ് ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൻ്റെ ഭാഗമായി പൊലീസിൻ്റെ കൃത്യനിർവഹണം തടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നതിന് സി.പി.എമ്മുകാർക്കെതിരെ കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥരെ ആഭ്യന്തര വകുപ്പ് സ്ഥലം മാറ്റി. തലശേരി ടൗൺ എസ്.ഐമാരായ ടി കെ അഖിൽ, വി വി ദീപ്തി എന്നിവരെയാണ് അച്ചടക്കനടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയത്.
ദീപ്തിയെ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലേക്കും അഖിലിനെ കൊളവല്ലൂരിലേക്കുമാണ് സ്ഥലം മാറ്റിയത്. പകരം കണ്ണൂർ ടൗൺ എസ്.ഐ പി.പി ഷമീലിനെയും കൊളവല്ലൂർ എസ്.ഐ.പി. വി പ്രശോഭിനെയും തലശേരിയിൽ നിയമിച്ചു. മയ്യിൽ എസ്.ഐ പ്രശോഭിനെ ന്യു മാഹിയിലും സൈബർ എസ് ഐ സജേഷ് സി. ജോസിനെ ചക്കരക്കല്ലിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 19നായിരുന്നു തലശേരി മണോളി കാവിൽ ഉത്സവ സ്ഥലത്ത് സംഘർഷമുണ്ടായത്. കാവിലെ എഴുന്നെള്ളിപ്പിനിടെ സി.പി.എം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത് ബി.ജെ.പി പ്രവർത്തകർ ചോദ്യം ചെയ്തതോടെ ഇരു വിഭാഗവും ഏറ്റുമുട്ടുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ തലശേരി ടൗൺ എസ്ഐ ടി.കെ അഖിലും സംഘവുമായി സി.പി.എം പ്രവർത്തകർ ഉന്തുംതള്ളുമുണ്ടാക്കി. സി.പി.എം പ്രവർത്തകരെ തൊട്ടുകളിക്കുന്ന ഒരുത്തനും തലശേരി സ്റ്റേഷനിലുണ്ടാവില്ലെന്ന് സി.പി.എം പ്രവർത്തകർ ഭീഷണി മുഴക്കുകയും ചെയ്തു. പിറ്റേ ദിവസം ഈ കേസിലെ പ്രതികളെ അറസ്റ്റുചെയ്യുന്നതിനാണ് വി.വി ദീപ്തിയും സംഘവുമെത്തിയത്. പൊലീസിനെ അക്രമിച്ച കേസിലെ പ്രതിയും സി.പി.എം പ്രവർത്തകനുമായ ലിപിനെ ബലപ്രയോഗത്തിലൂടെ വാഹനത്തിൽ കയറ്റുന്നതിനിടെ സി.പി.എം പ്രവർത്തകർ റോഡിലേക്കുള്ള ഗേറ്റ് അടച്ചു വാഹനം കടത്തിവിടാതെ ലിപി നെ മോചിപ്പിച്ചു.
ഈ സംഭവത്തിൽ 80 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിലെ പ്രതികളെ ഓരോരുത്തരെയായി പിടികൂടുന്നതിനിടെയാണ് സ്ഥലമാറ്റത്തിൽ തലശേരിയിലെ രണ്ടു പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ടത്. പൊലീസ് നടപടിയിൽ സി.പി.എം പ്രാദേശികനേതാക്കൾക്ക് ആഭ്യന്തര വകുപ്പിനെതിരെ കടുത്ത എതിർപ്പുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും വിമർശിച്ചുകൊണ്ട് പാർട്ടി അനുഭാവികൾ സോഷ്യൽ മീഡിയയിൽ രംഗത്തുവന്നിരുന്നു. ഇതിനെ തുടർന്നാണ് പാർട്ടി തലത്തിൽ നടപടിയുണ്ടായതെന്നാണ് സൂചന.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കാനും, മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കാതിരിക്കുക.
Two police officers who filed a case against CPM workers for attacking police during a temple festival clash in Kannur have been transferred. This follows local CPM leaders' protests and social media criticism.
#KannurClash, #PoliceTransfer, #CPM, #KeralaPolice, #TempleFestival, #PoliticalConflict