Arrest | കണ്ണൂരില്‍ പിടിച്ചു പറി സംഘത്തിലെ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
കണ്ണൂര്‍ : (KVARTHA) പിടിച്ചു പറി സംഘത്തിലെ മൂന്നു പേരെ വളപട്ടണം സിഐ ടിപി സുമേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. പറശിനിക്കടവ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കണ്ടന്‍ ബൈജു (41), മയ്യില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പികെ റഫീഖ് (37), കെ ഷമേഷെന്ന പാറ്റ ഷമേഷ് (39) എന്നിവരാണ് പിടിയിലായത്.
ബൈജുവിനെയും ഷമേഷിനെയും വെള്ളിയാഴ്ച രാത്രി മംഗ്ലൂറുവില്‍ നിന്നും റഫീഖിനെ പയ്യന്നൂരില്‍ നിന്നുമാണ് പിടികൂടിയത്. കഴിഞ്ഞ ജൂലായ് 28ന് രാത്രി 10.15 ന് കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന എലുമ്പന്‍ വീട്ടില്‍ പ്രശാന്തന്റെ കഴുത്തിലുണ്ടായിരുന്ന ഒന്നേകാല്‍ പവന്റെ സ്വര്‍ണാഭരണം പിടിച്ചു പറിച്ച കേസിലാണ് അറസ്റ്റ്.
പുതിയ തെരുവിലെ സൂപര്‍ മാര്‍കറ്റിലേക്ക് നടന്നുപോവുകയായിരുന്ന പ്രശാന്തനെ പിന്‍തുടര്‍ന്നെത്തിയ മൂന്നംഗ സംഘം കഴുത്തിലിട്ടിരുന്ന 63,000 രൂപ വിലവരുന്ന ഒന്നേകാല്‍ പവന്റെ മാല പിടിച്ചു പറിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. ഈ കേസില്‍ ആദ്യം തുമ്പൊന്നും ലഭിച്ചിരുന്നില്ലെങ്കിലും സമര്‍ഥമായ അന്വേഷണത്തിനൊടുവില്‍ പൊലീസ് പ്രതികളെ പിടി കൂടുകയായിരുന്നു.
പിടിയിലായ ബൈജുവും റഫീഖും കൊലപാതക ശ്രമം, മദ്യ കടത്ത്, തുടങ്ങിയ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ബൈജുവിനെ നേരത്തെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കാപ്പ ചുമത്തി അറസ്റ്റു ചെയ്തിരുന്നു. കണ്ണൂര്‍ ടൗണ്‍, മയ്യില്‍ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു.
ഷാമേഷ് അടിപിടി കേസില്‍ പ്രതിയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കവര്‍ച ചെയ്ത മാല മംഗ്ലൂറുവിലെ ധനകാര്യ സ്ഥാപനത്തില്‍ നിന്നും പൊലീസ് കണ്ടെടുത്തു. വളപട്ടണം എസ് ഐ ടി എന്‍ വിപിന്‍, എ എസ് ഐമാരായ പ്രദീപ്, ഷാജി, സിപിഒ കിരണ്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.