LDF | പ്രഖ്യാപനങ്ങള്‍ പിന്‍വലിച്ച് പിണറായി സര്‍കാര്‍: പാര്‍ടിയിലും മുന്നണിയിലും അതൃപ്തി പടരുന്നു
കണ്ണൂര്‍: (www.kvartha.com) പൊതുമേഖലാസ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം അറുപതായി ഉയര്‍ത്താന്‍ രണ്ടാം പിണറായി സര്‍കാര്‍ തീരുമാനിച്ചത് പാര്‍ടിയിലും വര്‍ഗബഹുജന സംഘടനകളിലും അതൃപ്തി പടര്‍ത്തി. തീരുമാനം പ്രതിഷേധത്തെ തുടര്‍ന്ന് സര്‍കാര്‍ രായ്ക്ക് രാമാനം പിന്‍വലിച്ചുവെങ്കിലും ചാനല്‍ ചര്‍ചകളില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് തന്നെ സ്വന്തം സര്‍കാര്‍ തീരുമാനത്തെ തള്ളിപറയേണ്ടി വന്നു. ഡിവൈഎഫ്‌ഐക്ക് പുറമേ സിഐടിയുവും പെന്‍ഷന്‍പ്രായം വര്‍ധിപ്പിച്ചത് ആവശ്യമായ കൂടിയാലോചനകള്‍ ഇല്ലാതെയാണെന്ന് സിപിഎം സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിച്ചതോടെ പിണറായി സര്‍കാര്‍ സമ്മര്‍ദത്തിലുമായി.
വിദഗ്ധ സമിതിയുടെ റിപോര്‍ടില്‍ ട്രെഡ് യൂനിയനുകളുമായി ഈ വിഷയത്തില്‍ ചര്‍ച നടത്തിയിട്ടില്ലെന്നും സിഐടിയു സംസ്ഥാന ജനറല്‍ സെക്രടറി എളമരം കരീം തുറന്നടിച്ചത് പാര്‍ടിയില്‍ അസാധാരണമായ പ്രതിസന്ധി സൃഷ്ടിച്ചു. ഇതോടെയാണ് തല്‍ക്കാലം തീരുമാനം നടപ്പിലാക്കേണ്ടതില്ലെന്ന നിലപാടിലേക്ക് സര്‍കാര്‍ എത്തിയത്. ഈ വിഷയം ഉത്തരവായി ഇറക്കുന്നതിന് മുന്‍പായി തങ്ങളോട് ചര്‍ച നടത്തിയില്ലെന്ന അതൃപ്തി സിപിഐക്കുമുണ്ട്. എന്നാല്‍ മുന്നണിമര്യാദ പാലിക്കുന്നതിനാല്‍ അവര്‍ അത് തുറന്നുപറഞ്ഞില്ല.
സര്‍കാര്‍ തീരുമാനത്തിനെതിരെ പാര്‍ടി യുവജനസംഘടനയായ എഐവൈഎഫ് സമരം പ്രഖ്യാപിച്ചതോടെ അവരെ അതില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കാതെ സിപിഐ മൗനാനുവാദം നല്‍കുകയായിരുന്നു. സര്‍കാരെടുക്കുന്ന നയപരമായ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പെ പാര്‍ടിയിലും മുന്നണിയിലും ചര്‍ച ചെയ്യണമെന്ന കീഴ്വഴക്കമുണ്ടെങ്കിലും മുഖ്യമന്ത്രി അതിനു തയ്യാറാവുന്നില്ലെന്നും ഒടുവില്‍ ഇത്തരം തീരുമാനങ്ങള്‍ പിന്‍വലിക്കേണ്ടിവരുമ്പോള്‍ പാര്‍ടിക്ക് നാണക്കേട് ഏറ്റെടുക്കേണ്ടി വരുന്നുവെന്ന വിമര്‍ശനം സിപിഎമിന് അകത്തുനിന്നും ഉയരുന്നുണ്ട്.
യാതൊരു കൂടിയാലോചനയുമില്ലാതെ പ്രഖ്യാപിക്കുകയും പിന്നീടത് പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കേണ്ടിവരികയും ചെയ്യുന്നത് രണ്ടാംപിണറായി സര്‍കാര്‍ അത്രമാത്രം ദുര്‍ബലമായി കൊണ്ടിരിക്കുന്നതിന്റെ തെളിവാണെന്ന രാഷ്ട്രീയ വിമര്‍ശനവും ഉയരുന്നുണ്ട്. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിടാന്‍ തീരുമാനിച്ചതില്‍ സര്‍കാര്‍ ആദ്യം ഉറച്ചു നില്‍ക്കുകയും കാന്തപുരവും സമസതയും ഇടഞ്ഞപ്പോള്‍ പിന്‍വലിക്കുകയുമായിരുന്നു.
മാധ്യമപ്രവര്‍ത്തകന്‍ കെ എം ബശീറിന്റെ കൊലപാതകത്തിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറാക്കിയ നടപടിയും ഇതിന് സമാനമായി വിവാദങ്ങളെ തുടര്‍ന്ന് പിന്‍വലിച്ച സര്‍ക്കാര്‍ തീരുമാനങ്ങളിലൊന്നാണ്. ജെന്‍ഡല്‍ ന്യൂട്രല്‍ യൂനിഫോമിന്റെ കാര്യത്തില്‍ കടുത്ത പ്രതിഷേധവും വിവാദങ്ങളുമുണ്ടായതിനെ തുടര്‍ന്ന് കൈപൊള്ളിയ സര്‍ക്കാരിന് അതും പിന്‍വലിക്കേണ്ടി വന്നു. കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍, ആഴക്കടല്‍ മത്സ്യബന്ധനം, സ്പ്രിങ്ക്ളര്‍, പമ്പയിലെ മണലൂറ്റ്, ബ്രൂവറി ഡിസ്റ്റലറി അനുവദിക്കല്‍, ഇ- മൊബൈലിറ്റി പദ്ധതി, സഹകരണബാങ്കുകളിലെ കോര്‍ബാങ്കിങ്, പൊലിസ് നിയമഭേദഗതി എന്നിവയുള്‍പ്പെടെ 13 ഉത്തരവുകളാണ് പിണറായി സര്‍ക്കാരിന്റെ തുടര്‍ച്ചയായുള്ള ആറര വര്‍ഷത്തിനിടെയില്‍ പിന്‍വലിക്കപ്പെട്ടത്.
ഇതില്‍ പലതും മുഖ്യമന്ത്രിയെയും കുടുംബത്തെയും വരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വിധമാണ് പ്രതിപക്ഷം ഉന്നയിച്ചത്. പാര്‍ടിയും ഭരണവും കൈവെളളയിലിട്ടു അമ്മാനമാടുന്ന മുഖ്യമന്ത്രി ഏകപക്ഷീയമായാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് വിമര്‍ശനം പാര്‍ടിയിലും ഘടകകക്ഷികളില്‍ ഉയര്‍ന്നിരിക്കെ എടുത്ത തീരുമാനങ്ങള്‍ പിന്‍വലിക്കേണ്ടിവരുന്നത് സര്‍കാരിനെ ദുര്‍ബലമാക്കിയിട്ടുണ്ട്.
Keywords: Kannur, News, Kerala, Government, Politics, Party, Kannur: Pinarayi Government withdraws announcements: Discontent is spreading in the party.