SWISS-TOWER 24/07/2023

K Sudhakaran Says | മഹാത്മാഗാന്ധിയെ വധിച്ച പ്രത്യയശാസ്ത്രത്തോട് മരണം വരെ പോരാടുമെന്ന് കെ സുധാകരന്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) മഹാത്മാഗാന്ധിയെ വധിച്ച പ്രത്യയ ശാസ്ത്രത്തോട് മരണം വരെ പോരാടുകയെന്നതാണ് തന്റെ രാഷ്ട്രീയമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. ഇതോടൊപ്പം കമ്യൂനിസ്റ്റ് ഫാസിസത്തിനെതിരെയും തന്റെ പോരാട്ടം തുടര്‍ന്ന് കൊണ്ടേയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Aster mims 04/11/2022

'എനിക്ക് ഒരു മുഖമേയുള്ളുവെന്ന് എന്നെ അറിയുന്നവര്‍ക്കറിയാം. കോണ്‍ഗ്രസില്‍ ജനിച്ച്, കോണ്‍ഗ്രസുകാരനായി വളര്‍ന്ന്, കോണ്‍ഗ്രസുകാരനായി പ്രവര്‍ത്തിച്ച്, കോണ്‍ഗ്രസുകാരനായി മരിക്കാനാണ് എനിക്ക് ഇഷ്ടം. കണ്ണൂര്‍ ഡിസിസി നടത്തിയ നവോഥാന സദസില്‍ ആധുനിക ഇന്‍ഡ്യയുടെ ശില്പിയും പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മഹത്തായ ജനാധിപത്യബോധത്തെ ഉയര്‍ത്തിക്കാട്ടാനാണ് പ്രസംഗത്തിലൂടെ ശ്രമിച്ചത്. എതിര്‍ ശബ്ദങ്ങളെപ്പോലും കേള്‍ക്കാനും പരിഗണിക്കാനുമുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ സഹിഷ്ണുതയെ ആഴത്തില്‍ പരാമര്‍ശിക്കാനുമാണ് ശ്രമിച്ചത്' -കെ സുധാകരന്‍ പറഞ്ഞു.

K Sudhakaran Says | മഹാത്മാഗാന്ധിയെ വധിച്ച പ്രത്യയശാസ്ത്രത്തോട് മരണം വരെ പോരാടുമെന്ന് കെ സുധാകരന്‍

ഭാരതീയ ജനസംഘം സ്ഥാപക നേതാവായ ശ്യാമപ്രസാദ് മുഖര്‍ജിയെയും കോണ്‍ഗ്രസിനോടും നെഹ്‌റുവിനോടും രാഷ്ട്രീയമായി വിയോജിച്ചിരുന്ന ബി ആര്‍ അംബേദ്കറേയും പ്രഥമമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് ഓര്‍മിപ്പിച്ചിരുന്നു. പ്രതിപക്ഷമില്ലാത്ത പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന തിരിച്ചറിവില്‍ കേവലം 16 അംഗങ്ങള്‍ മാത്രമുള്ള, മതിയായ അംഗസംഖ്യ പോലുമില്ലാത്ത സിപിഐ നേതാവായ എ.കെ.ഗോപാലന് പ്രതിപക്ഷ നേതാവിന്റെ പദവി കൊടുത്തതും അതെ പ്രസംഗത്തില്‍ തന്നെ സൂചിപ്പിച്ചിരുന്നു. നെഹ്‌റുവിന്റെ ഉയര്‍ന്ന ജനാധിപത്യബോധത്തിന്റെ ചരിത്രത്താളുകളില്‍ ശേഷിക്കുന്ന തെളിവുകളായിട്ടാണ് ഞാന്‍ അതിനെ വിശേഷിപ്പിച്ചത്. ഇപ്പോഴത്തെ ഇന്‍ഡ്യന്‍ ഭരണകൂടത്തിന്റെ ഫാസിസ്റ്റ് മുഖത്തിന് നേരെ ജനാധിപത്യത്തിന്റെ കണ്ണാടി വെച്ചുകൊടുക്കാന്‍ വേണ്ടിയാണു അത്രയും പറഞ്ഞുവച്ചത്.

എതിര്‍ ശബ്ദങ്ങളെപ്പോലും പരിഗണിക്കുകയെന്നത് ജനാധിപത്യത്തിന്റെ ഉയര്‍ന്ന മൂല്യമാണെന്ന് ഓര്‍മപ്പെടുത്തുകയാണ് നെഹ്‌റു അനുസ്മരണ പ്രഭാഷണത്തിലൂടെ ഞാന്‍ ചെയ്തത്. ഉജ്ജ്വലമായ പോരാട്ടത്തിലൂടെ രാജ്യത്തെ ബ്രിടീഷ് അധിനിവേശത്തില്‍ നിന്നും സ്വതന്ത്രമാക്കിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്വാതന്ത്ര്യാനന്തര ഇന്‍ഡ്യയിലെ പ്രഥമ മന്ത്രിസഭയില്‍ എല്ലാ കക്ഷികള്‍ക്കും പങ്കാളിത്തമുണ്ടാകണമെന്ന രാഷ്ട്രീയ ബോധമാണ് ഉയര്‍ത്തിപ്പിടിച്ചത്. എന്നാല്‍ 1952ലെ പ്രഥമ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന എതിരാളി ശ്യാമപ്രസാദ് മുഖര്‍ജിയുടെ ഭാരതീയ ജനസംഘം തന്നെയായിരുന്നു. തിരഞ്ഞെടുപ്പില്‍ വെറും മൂന്ന് സീറ്റില്‍ മാത്രം അതിനെ തളച്ചിടാനും നെഹ്‌റുവിനും കോണ്‍ഗ്രസിനും സാധിച്ചു.

1957ലും 1964ലും സംഘപരിവാറിനെ പരാജയപ്പെടുത്തി വിജയമാവര്‍ത്തിക്കാന്‍ നെഹ്‌റുവിനു സാധിച്ചു. ആ തെരെഞ്ഞെടുപ്പുകളിലൊന്നും അവര്‍ രണ്ടാം കക്ഷി പോലുമായിരുന്നില്ല.എന്നാല്‍ 1977ല്‍ സംഘപരിവാര്‍ പ്രതിനിധികളായ എ ബി വാജ്‌പേയിയെയും എല്‍ കെ അദ്വാനി യെയും മന്ത്രിമാരാക്കിയത് കമ്മ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും ചേര്‍ന്നാണ് എന്ന വസ്തുത നാം മറക്കരുത്.വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് ഒരിക്കലും തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കരുതെന്നും എത്ര തിരഞ്ഞെടുപ്പുകള്‍ പരാജയപ്പെട്ടാലും വര്‍ഗീയ ശക്തികളുമായി സന്ധി ചെയ്യരുതെന്നും ജവഹര്‍ലാല്‍ നെഹ്‌റു ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. അതു പൊതു നിലപാടായി സ്വീകരിച്ചു സംഘപരിവാര്‍ ശക്തികളുമായി തിരഞ്ഞെടുപ്പ് സഖ്യത്തിലേര്‍പ്പെടാത്ത ഇന്‍ഡ്യയിലെ ഏക രാഷ്ട്രീയ പ്രസ്ഥാനവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്.

വലിയ ജനാധിപത്യം വിളമ്പുന്ന സിപിഎം പോലും ബിജെപിയുമായും സംഘപരിവാര്‍ ശക്തികളുമായും പലപ്പോഴായി തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കിയെന്നത് പരസ്യമായ വസ്തുതയാണ്. അതിന് ഒടുവിലത്തെ ഉദാഹരണമാണ് ബംഗാളില്‍ സഹകരണ സംഘം തിരഞ്ഞെടുപ്പിലെ ബിജെപി-സിപിഎം സഖ്യം. നെഹ്‌റുവിനെ തമ്‌സക്കരിക്കാനും ഗാന്ധിയെ നിന്ദിക്കാനും കോണ്‍ഗ്രസ് മുക്ത ഭാരതം പ്രാവര്‍ത്തികമാക്കാനും ശ്രമിക്കുന്ന സംഘപരിവാറിനെ ജനാധിപത്യ മൂല്യങ്ങള്‍ ഓര്‍മപ്പെടുത്താനാണ് എന്റെ പ്രസംഗത്തില്‍ പഴയകാല ചരിത്രം പരാമര്‍ശിച്ചത്. എന്നാല്‍ അതിനിടയിലുണ്ടായ വാക്കുപിഴ ഞാന്‍ മനസില്‍ പോലും ഉദ്ദേശിക്കാത്ത തലങ്ങളിലാണ് അതിനെ എത്തിച്ചത്.

അത് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും എന്നെയും സ്‌നേഹിക്കുന്നവര്‍ക്ക് ഇടയിലുണ്ടാക്കിയ വേദനയില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. സംഘപരിവാര്‍,ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം പ്രഖ്യാപിച്ച നെഹ്‌റുവിന്റെ പിന്മുറക്കാരനായ പൊതുപ്രവര്‍ത്തകനാണ് ഞാന്‍. സംഘപരിവാര്‍, ഫാസിസ്റ്റ് ശക്തികളെ ഒന്നാമത്തെ ശത്രുവായി കണ്ടുകൊണ്ടുള്ള പൊതുപ്രവര്‍ത്തന ശൈലിയാണ് എന്റെത്. എല്ലാ വര്‍ഗീയതയെയും ഒരുപോലെ എതിര്‍ക്കുക എന്നതാണ് എന്റെയും എന്റെ പാര്‍ടിയുടെയും നിലപാട്. അതിന് എനിക്ക് കിട്ടിയ ജനകീയ അംഗീകാരമാണ് തിരഞ്ഞെടുപ്പുകളിലെ വിജയം. എന്നെ സ്‌നേഹിക്കുന്ന നല്ലവരായ ജനാധിപത്യ മതേതര ബോധമുള്ള ആര്‍ക്കും എന്റെ നിലപാടുകളെ സംശയത്തോടെ നോക്കി കാണാന്‍ കഴിയില്ലെന്ന ഉത്തമബോധ്യം തനിക്കുണ്ട്. ഏതെങ്കിലും പഴയ കാല ഓര്‍മപ്പെടുത്തലുകളെ തന്റെ രാഷ്ട്രീയമായി കാണരുതെന്നും കെ സുധാകരന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Keywords: Kannur, News, Kerala, K.Sudhakaran, Politics, Congress, Kannur: K Sudhakaran about congress party.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia