Found Dead | 'മരുമകളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി'; പിന്നാലെ ഭര്‍തൃപിതാവ് കിണറ്റില്‍ മരിച്ച നിലയില്‍
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ധര്‍മടം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെരുന്താറ്റില്‍ മരുമകളെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു പരുക്കേല്‍പ്പിച്ചെന്ന സംഭവത്തിന് പിന്നാലെ ഭര്‍തൃപിതാവിനെ വീടിനടുത്തുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ധര്‍മടം പെരുന്താറ്റിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ കുന്നത്ത് എല്‍.പി സ്‌കൂളിന് സമീപത്തെ എ ചന്ദ്രന്‍ (65) ആണ് മരിച്ചത്. സംഭവത്തില്‍ ധര്‍മടം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

പൊലീസ് പറയുന്നത്: ചൊവ്വാഴ്ച്ച ഉച്ചയ്ക്കായിരുന്നു സംഭവം. മരുമകളായ സിസിനയെ തുണികൊണ്ട് മുഖം മൂടിയിട്ട് ചുറ്റികകൊണ്ട് ഇയാള്‍ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സിസിന തലശേരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനിടെയില്‍ ഭര്‍തൃപിതാവിനെതിരെ പൊലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കുകയും കേസെടുക്കുകയുമായിരുന്നു.
ഇയാള്‍ക്കായി പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇയാളെ വീടിനടുത്തുളള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചന്ദ്രന്‍ വീട്ടില്‍ വച്ചു പരസ്യമായി മദ്യപിക്കുന്നത് മരുമകള്‍ ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് അക്രമം നടത്തിയത്.
തലശേരി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ടത്തിന് ശേഷം മൃതദേഹം കുണ്ടുചിറ ശ്മശാനത്തില്‍ സംസ്‌കരിച്ചു. പരേതനായ കുഞ്ഞപ്പ-ദേവി ദമ്പതികളുടെ മകനാണ് ചന്ദ്രന്‍. പിണറായിയിലെ ടൈലര്‍ സുകേശിനിയാണ് ഭാര്യ. മക്കള്‍: ജിജേഷ് (ഗള്‍ഫ്) ജിഷ (ബെംഗ്ളൂറു) മരുമക്കള്‍: സിസിന (പാറക്കെട്ട്)) തരുണ്‍ കൊളശേരി (ബെംഗ്ളൂറു).
Keywords: Kannur, Kerala, Found Dead, Well, Police, attack, Kannur: Elderly man found dead in well.