Appeal | കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി ലഭിക്കാന്‍ കൂട്ടായ ശ്രമം നടത്തണമെന്ന് മുഖ്യമന്ത്രി

 
Kannur Airport's Growth Hinges on 'Point of Call' Status, Says Minister

Photo Credit: Facebook / Kannur International Airport Limited

ADVERTISEMENT

● പദവി ലഭിക്കാത്തത് എയര്‍പോര്‍ട്ടിന്റെ വളര്‍ച്ചയേയും പ്രദേശത്തിന്റെ സാമ്പത്തിക വളര്‍ച്ചയെയും ബാധിക്കുന്നു
● നിലവില്‍ രാജ്യത്തിനകത്തുള്ള വിമാനക്കമ്പനികള്‍ക്ക് മാത്രമാണ് ഇവിടെ സര്‍വീസ് നടത്താന്‍ കഴിയുന്നത്
● അനുമതി ലഭിച്ചാല്‍ കണ്ണൂര്‍ എയര്‍ പോര്‍ട്ടിന് വന്‍ കുതിച്ചുചാട്ടം തന്നെ നടത്താനാവും

തിരുവനന്തപുരം: (KVARTHA) കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍  കാര്യക്ഷമമായ ഇടപെടലാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടും കേന്ദ്രസര്‍ക്കാര്‍ ഇത് അനുവദിക്കുന്നില്ലെന്നും പദവി നേടിയെടുക്കാന്‍ എംപിമാര്‍ കൂട്ടായി ശ്രമിക്കണമെന്നും മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എം ബി രാജേഷ് പറഞ്ഞു. 

Aster_MIMS

നിയമസഭയില്‍ സജീവ് ജോസഫിന്റെ  ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. മലബാര്‍ പ്രദേശത്തെ വിദേശ ഇന്ത്യക്കാരുടെ യാത്രാ സൗകര്യങ്ങള്‍, ചരക്കുഗതാഗതം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനും ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ മുന്നില്‍ കണ്ടും ആധുനിക വ്യോമയാന മേഖലയോട് കിടപിടിക്കാനുതകുന്ന അടിസ്ഥാന സൗകര്യങ്ങളോടെ ഒരുക്കിയ കണ്ണൂര്‍ എയര്‍പോര്‍ട്ടിന് 'പോയിന്റ് ഓഫ് കോള്‍' പദവി ലഭിക്കാത്തത് എയര്‍പോര്‍ട്ടിന്റെ വളര്‍ച്ചയേയും പ്രദേശത്തിന്റെ സാമ്പത്തിക വളര്‍ച്ചയെയും ബാധിക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.

എയര്‍പോര്‍ട്ടിന് 'പോയിന്റ് ഓഫ് കോള്‍' പദവി നല്‍കണമെന്ന് നിരവധി തവണ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഇക്കാര്യം മുഖ്യമന്ത്രി പ്രധാനമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രിയേയും നേരില്‍ കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടു. 2023 സെപ്തംബര്‍ ഏഴിന് പാര്‍ലമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി എയര്‍പോര്‍ട്ട് സന്ദര്‍ശിച്ച് 'പോയിന്റ് ഓഫ് കോള്‍' പദവി ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

'പോയിന്റ് ഓഫ് കോള്‍' പദവി ലഭിച്ചാല്‍ മാത്രമേ വിദേശ വിമാനക്കമ്പനികള്‍ക്ക് കണ്ണൂരില്‍ നിന്നും സര്‍വീസുകള്‍ നടത്താന്‍ കഴിയൂ. നിലവില്‍ രാജ്യത്തിനകത്തുള്ള വിമാനക്കമ്പനികള്‍ക്ക് മാത്രമാണ് വിമാന സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയിട്ടുള്ളത്. ഈ വിമാന കമ്പനികള്‍ക്ക് ആവശ്യാനുസരണം സര്‍വീസ് നടത്താന്‍ വിമാനങ്ങള്‍ ലഭ്യവുമല്ല. 

അതിനാലാണ് യാത്രക്കാര്‍ കൂടുതല്‍ ഉണ്ടെങ്കിലും കണ്ണൂരില്‍ വിമാന സര്‍വീസുകള്‍ ആവശ്യമനുസരിച്ച് നടത്താന്‍ സാധിക്കാത്തത്. കൂടുതല്‍ വിമാന സര്‍വീസുകള്‍ക്ക് അവസരമുണ്ടായാല്‍ എയര്‍പോര്‍ട്ടില്‍ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനും അനുബന്ധ വികസനം സാധ്യമാക്കാനും സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  

എയര്‍പോര്‍ട്ടിന് 'പോയിന്റ് ഓഫ്  കോള്‍' ലഭ്യമാകാത്തത് കാരണം ഉത്തര മലബാറിലെ ജനങ്ങളുടെ യാത്രാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും, ലഭ്യതയനുസരിച്ചുള്ള ചരക്ക് നീക്കം നടത്തുന്നതിനും വിഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കണ്ണൂര്‍ ജില്ലയ്ക്കും കാസര്‍കോട്, വയനാട്, കോഴിക്കോട്, ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങള്‍ക്കും പ്രയോജനകരമായ കണ്ണൂര്‍ എയര്‍പോര്‍ട്ട് കൂര്‍ഗ്, മൈസൂര്‍, മംഗലാപുരം എന്നിവിടങ്ങളിലെ യാത്രക്കാരുടെ ബദല്‍ എയര്‍പോര്‍ട്ട് കൂടിയാണ്.

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ കോഡ്-ഇ/വൈഡ് ബോഡി വിമാനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താന്‍ വേണ്ട എല്ലാ സജ്ജീകരണങ്ങളും സുരക്ഷാ സംവിധാനങ്ങളും ഉണ്ട്. വ്യോമയാനരംഗത്ത് ആവശ്യമായ എംആര്‍ഒ, എയ്‌റോ സിറ്റീസ്, ഏവിയേഷന്‍ അക്കാദമികള്‍ എന്നിവയ്ക്ക് ആവശ്യമായ ഭൂമിയും ലഭ്യമാണ്.

കിയാലിന് ഈ സാമ്പത്തിക വര്‍ഷം 1.5 മില്യണ്‍ യാത്രക്കാരും 180 കോടി ടേണോവറുമെന്ന അപൂര്‍വ്വനേട്ടം കൈവരിച്ച് ബ്രേക്ക് ഈവന്‍ പോയിന്റ് കടക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പം 'പോയിന്റ് ഓഫ് കോള്‍' പദവി കൂടി ലഭ്യമാക്കുകയാണെങ്കില്‍ കണ്ണൂര്‍ എയര്‍ പോര്‍ട്ടിന് വന്‍ കുതിച്ചുചാട്ടം തന്നെ നടത്താനാവുമെന്ന പ്രതീക്ഷയും മന്ത്രി പങ്കുവച്ചു.

സംസ്ഥാനത്തെ മറ്റ് എയര്‍പോര്‍ട്ടുകളുമായി കിയാലിന്റെ പ്രാദേശിക കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിനായി ഉഡാന്‍(UDAN) സ്‌കീമില്‍ ഉള്‍പ്പെടുത്തി പുതിയ എയര്‍ റൂട്ടുകള്‍ അനുവദിക്കണമെന്നും, ഒരു നിശ്ചിത സമയത്തേക്ക് വിദേശ വിമാന    കമ്പനികള്‍ക്ക് സര്‍വ്വീസ് നടത്താവുന്ന രീതിയില്‍ ഓപ്പണ്‍ സ്‌കൈ പോളിസി നടപ്പാക്കണമെന്നും കേന്ദ്ര വ്യോമയാന മന്ത്രിക്ക് 2024 സെപ്തംബര്‍ 28-ന് സമര്‍പ്പിച്ച മെമ്മോറാണ്ടത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മന്ത്രി എം ബി രാജേഷ് മറുപടി നല്‍കി.

#KannurAirport #PointOfCall #KeralaDevelopment #AviationNews #AirTravel #EconomicGrowth

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia