Mamukkoya | പച്ചമണ്ണില്‍ നിന്നും വേരുകള്‍ പടര്‍ത്തിയ അതുല്യ നടന്‍: അസ്തമയത്തിനിടെ അനശ്വരമാക്കി 'ഉരു'വിലെ നായക വേഷം
Apr 26, 2023, 18:21 IST
കണ്ണൂര്‍: (www.kvartha.com) പച്ച മണ്ണില്‍ നിന്നും വേരുകള്‍ പടര്‍ത്തി വന്ന മാമുക്കോയ എന്ന അഭിനയ പ്രതിഭയെ മലയാള സിനിമ വേണ്ടത്ര ഉപയോഗിച്ചിട്ടുണ്ടോയെന്നത് സംശയമാണ്. ഹാസ്യം മാത്രം കൈകാര്യം ചെയ്യുന്ന നടനില്‍ നിന്നും തന്റെ അഭിനയ പ്രതിഭയുടെ മൂര്‍ച്ച മാമുക്കോയ തന്നെ പല സിനിമകളിലും തെളിയിച്ചതുമാണ്. എന്നാല്‍ ഇന്ദ്രന്‍സിനെ വൈകിയെങ്കിലും തിരിച്ചറിഞ്ഞത് പോലെ മാമുക്കോയെയും അഭ്രപാളിയില്‍ വ്യത്യസ്ത വേഷങ്ങള്‍ തേടിയെത്താന്‍ തുടങ്ങുമ്പോഴാണ് അദ്ദേഹത്തിന്റെ വിയോഗം.
ജീവിതസ്പര്‍ശിയായ 'ഉരു' എന്ന സിനിമയിലാണ് നായക പ്രധാന കഥാപാത്രമായി മാമുക്കോയ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. തന്റെ ജീവിതവുമായി ബന്ധപ്പെട്ട മര വ്യവസായത്തിന്റെ ഭാഗമായ 'ഉരു' നിര്‍മാണത്തിന്റെ കഥ പറഞ്ഞ 'ഉരു' സിനിമയുടെ കഥ പറയാന്‍ മാത്തോട്ടത്തെ വീട്ടില്‍ ചെന്നപ്പോള്‍ മാമുക്കോയ സംവിധായകന്‍ ഇ എം അശ്‌റഫിനോട് ചോദിച്ചു. ആരാണ് പ്രധാന നടന്‍? മാമുകോയക്ക തന്നെ എന്നായിരുന്നു അശ്‌റഫിന്റെ മറുപടി. ഇതു കേട്ടു ചിരിച്ച് കൊണ്ട് മാമുക്കോയ ചോദിച്ചത്, അത്രയ്ക്ക് ധൈര്യമുണ്ടോയെന്നായിരുന്നു.
എന്നാല്‍ താന്‍ ഏറ്റെടുത്ത ഉത്തരവാദിത്വം അത്ര ചെറുതല്ലെന്ന് മറ്റാരെക്കാളും മാമുക്കോയക്ക് അറിയാമായിരുന്നു. ഷൂടിംഗ് സമയത്തൊക്കെ ഗൗരവത്തിലായിരുന്നു മാമുക്കോയ. ചിരിയില്ല, തമാശയില്ല. 'ഉരു'വിലെ പ്രധാന കഥാപാത്രമായ ശ്രീധരന്‍ ആശാരി ആയി ജീവിക്കുകയായിരുന്നു. വേഷവും സംസാരവും എല്ലാം കഥാപാത്രവുമായി ബന്ധപ്പെട്ട രീതിയില്‍. 'ഉരു'വിലെ ആശാരി എന്ന കഥാപാത്രത്തോട് നൂറു ശതമാനം ആത്മാര്‍ഥത പുലര്‍ത്തിയ നടനായിരുന്നു അദ്ദേഹമെന്ന് ഇ എം അശ്‌റഫ് അനുസ്മരിക്കുന്നു.
മാമുക്കോയ തന്റെ ആദ്യകാല ജീവിതത്തെ കുറിച്ച് പറയുമ്പോള്‍ മരവ്യവസായവുമായി ബന്ധപ്പെട്ട തന്റെ ജീവിതവും അന്നത്തെ കഷ്ടപ്പാടുകളും പറയുമായിരുന്നു. അന്നത്തെ കോഴിക്കോട്ടെ നാടക കലാസമിതിയും വൈക്കം മുഹമ്മദ് ബശീറുമായുള്ള ബന്ധവും ഒക്കെ തന്റെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ സാംസ്‌കാരിക കാലമായിരുന്നു എന്ന് പറഞ്ഞിരുന്നു. വെറുമൊരു കോമഡി നടന്‍ എന്നതിനേക്കാള്‍ അതുല്യമായ കഴിവുള്ള അഭിനയ പ്രതിഭ ആയിരുന്നു മാമുക്കോയ. പക്ഷെ അദ്ദേഹത്തിന് അര്‍ഹമായ വ്യത്യസ്ത വേഷങ്ങള്‍ മലയാള സിനിമയില്‍ ലഭിക്കാന്‍ തുടങ്ങുമ്പോഴാണ് മഹാനടന്റെ വിട പറയല്‍.
Keywords: Kannur, News, Kerala, Actor, Mamukkoya, Obituary, Movie, Malayalam movie, Uru, Kannur: Actor Mamukkoya no more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.