NA Shamseer | മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ച ശംസീര്‍ സ്പീകറായി: കണ്ണൂരിന് ഇനി മുഖ്യമന്ത്രി മാത്രം
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ച ശംസീര്‍ സ്പീകറായതില്‍ കണ്ണൂരില്‍ സമ്മിശ്ര പ്രതികാരം. എം വി ഗോവിന്ദന്റെ സ്ഥാനത്തേക്ക് ശംസീര്‍ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിയാകുമെന്നാണ് കണ്ണൂര്‍ സിപിഎമിലെ നേതാക്കള്‍ പോലും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ തലശ്ശേരിയുടെ എംഎല്‍എ എ എന്‍ ശംസീര്‍ പതിനഞ്ചാം കേരള നിയമസഭയുടെ സഭാനാഥനാകാനാണ് പാര്‍ടി നിയോഗിച്ചത്. നിലവില്‍ സ്പീകറായ എം ബി രാജേഷ് മന്ത്രിയാകുവാന്‍ സ്ഥാനമൊഴിയുന്നതിനാലാണ് ശംസീറിന് ചുമതല കൈവരുന്നത്.
കേരള നിയമസഭയുടെ 24-ാമത് സ്പീകറായാണ് ചുമതലയേല്‍ക്കുക. കണ്ണൂരില്‍ നിന്നുള്ള പാര്‍ടി സംസ്ഥാന കമിറ്റിയംഗമായ ശംസീറിന് നിയമസഭയിലേക്ക് ഇത് രണ്ടാമത്തെ ടേമാണ്. അതുകൊണ്ടുതന്നെ രണ്ടാം പിണറായി മന്ത്രിസഭയില്‍ കോടിയേരിക്ക് ശേഷം ശംസീര്‍ മന്ത്രി സ്ഥാനത്തേക്ക് തുടക്കത്തില്‍ തന്നെ വരുമെന്ന പ്രതീക്ഷയുമുണ്ടായത്. എന്നാല്‍ കണ്ണൂരില്‍ നിന്നും മുഖ്യമന്ത്രി ഒഴികെ മറ്റാരും മന്ത്രിസഭയില്‍ ഇല്ലാത്തത് ഇതുവരെയില്ലാത്ത സവിശേഷതയാണ്.
വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് അഡ്വ എ എന്‍ ശംസീര്‍ പൊതുരംഗത്തെത്തിയത്. കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ പ്രഥമ ചെയര്‍മാനായിരുന്നു. എസ്എഫ്‌ഐ സംസ്ഥാന സെക്രടറി, അഖിലേന്‍ഡ്യാ ജോയന്റ് സെക്രടറി, ഡിവൈഎഫ്‌ഐ ജില്ല പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ബ്രണ്ണന്‍ കോളേജില്‍ നിന്ന് ഫിലോസഫി ബിരുദവും പാലയാട് ക്യാമ്പസില്‍ നിന്ന് നരവംശശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവുമെടുത്ത ശേഷം പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലാണ് എല്‍എല്‍ബിയും എല്‍എല്‍എമും പൂര്‍ത്തിയാക്കിയത്.
പ്രൊഫഷനല്‍ കോളജ് പ്രവേശന കൗണ്‍സിലിങ്ങിനെതിരായ സമരത്തിനിടെ പൊലീസിന്റെ ക്രൂര മര്‍ദനത്തിനിരയായി. കള്ളക്കേസില്‍ കുടുക്കി 94 ദിവസം ജയിലിലടച്ചു. 1999ല്‍ ധര്‍മടം വെള്ളൊഴുക്കില്‍വെച്ച് ആര്‍എസ്എസ് അക്രമത്തിനിരയായി. അന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മലബാര്‍ കാന്‍സര്‍ സെന്ററിലെത്തുന്ന അര്‍ബുദ രോഗികളുടെ കണ്ണീരൊപ്പാന്‍ രൂപീകരിച്ച ആശ്രയ ചാരിറ്റബിള്‍ സൊസൈറ്റി വര്‍കിങ് ചെയര്‍മാനാണ്.
2016ല്‍ 34117 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ആദ്യമായി നിയമസഭാംഗമായത്. 2021ല്‍ 36,801 വോടെന്ന മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെ രണ്ടാംതവണയും വിജയിച്ചു. തലശേരിയുടെ വികസനത്തില്‍ ഭാവനാപൂര്‍ണമായ ഒട്ടേറെ പദ്ധതികള്‍ക്ക് തുടക്കമിടാനും പൂര്‍ത്തിയാക്കാനും സാധിച്ചു. തലശേരി കലാപകാലത്ത് ഏറെ പ്രയാസം അനുഭവിച്ചതാണ് ശംസീറിന്റെ കൊടിയേരി മാടപ്പീടികക്കടുത്ത എക്കണ്ടി നടുവിലേരി തറവാട്. റിട. സീമാന്‍ പരേതനായ കോമത്ത് ഉസ്മാന്റെയും എ എന്‍ സറീനയുടെയും മകന്‍. ഭാര്യ: ഡോ. പി എം സഹല (കണ്ണൂര്‍ സര്‍വകലാശാല ഗസ്റ്റ് ലക്ചര്‍). മകന്‍: ഇസാന്‍.
Keywords: Kannur, News, Kerala, Politics, Minister, MLA, Kannur: About NA Shamseer.

