Speech | കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല പ്രസംഗത്തിനെതിരെ കോണ്‍ഗ്രസിലും പ്രതിഷേധത്തിന്റെ ഉരുള്‍പൊട്ടല്‍; ജാഗ്രത പാലിക്കാതെ നടത്തുന്ന പ്രസ്താവനകളില്‍ പാര്‍ടിയെ അടിക്കാനുള്ള വടിയായി എതിരാളികള്‍ ഉപയോഗിക്കുന്നുവെന്ന് ആക്ഷേപം
Nov 15, 2022, 12:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ജവഹലാല്‍ നെഹ്രു അനുസ്മരണത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിയ ആര്‍എസ്എസ് അനുകൂല പ്രസംഗം പാര്‍ടിക്കുള്ളിലും വിവാദമാകുന്നു. വര്‍ഗീയശക്തികളോട് സന്ധി ചെയ്യാന്‍ ആദ്യ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജവഹര്‍ ലാല്‍ നെഹ്‌റു സന്‍മനസ് കാണിച്ചുവെന്ന് വ്യാഖ്യാനിക്കാവുന്ന വിധത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കണ്ണൂരില്‍ നടത്തിയ പ്രസംഗത്തിനെതിരെ ഹൈകമാന്‍ഡിന് പരാതി നല്‍കാനൊരുങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍.
കെ സുധാകരന്‍ കെപിസിസി അധ്യക്ഷനെന്ന നിലയില്‍ ജാഗ്രത പാലിക്കാതെ നടത്തുന്ന പ്രസ്താവനകളില്‍ പാര്‍ടിയെ അടിക്കാനുള്ള വടിയായി എതിരാളികള്‍ ഉപയോഗിക്കുന്നുവെന്നാണ് ആക്ഷേപം. സുധാകരന്റെ തുടര്‍ചയായ പ്രസ്താവനകള്‍ ആര്‍എസ്എസിനെ മഹത്വവല്‍ക്കരിക്കുന്നതാണെന്നും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നുണ്ട്. കണ്ണൂരില്‍ ഉള്‍പെടെ കെ സുധാകരന്റെ പ്രവര്‍ത്തന ശൈലിയോട് വിയോജിപ്പുള്ള എ വിഭാഗം നേതാക്കള്‍ ഹൈകമാന്‍ഡിന് ഇ മെയില്‍ അയക്കുമെന്നാണ് സൂചന.
സുധാകരന്‍ കണ്ണൂരില്‍ അടുത്ത കാലത്ത് നടത്തിയ രണ്ട് പ്രസംഗങ്ങളുടെ വീഡിയോ ക്ലിപുകള്‍ ഹൈകമാന്‍ഡിലെ സംഘടനാചുമതലയുള്ള കെ സി വേണുഗോപാലിന് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. ഇതോടെ സംഘടനാപരമായ അച്ചടക്കനടപടി സുധാകരനെതിരെ സ്വീകരിക്കാന്‍ സാധ്യതയേറിയിട്ടുണ്ട്. യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗും ഹൈകമാന്‍ഡിനോട് തങ്ങളുടെ അതൃപ്തി വരും ദിവസങ്ങളില്‍ അറിയിക്കുമെന്നാണ സൂചന.
ആര്‍എസ്എസ് നേതാവ് ശ്യാം പ്രസാദ് മുഖര്‍ജിയെ നെഹ്‌റു മന്ത്രിസഭയില്‍ മന്ത്രിയാക്കിയതിനെ കുറിച്ചായിരുന്നു സുധാകരന്റെ വിവാദപ്രസംഗത്തിലെ ഒരു ഭാഗം. കോണ്‍ഗ്രസുകാരനല്ലാത്ത അംബേദ്കറെയും മന്ത്രിയാക്കിയെന്നും സുധാകരന്‍ പറഞ്ഞു. അംഗീകൃത പ്രതിപക്ഷമില്ലാഞ്ഞിട്ടും എ കെ ഗോപാലന് പ്രതിപക്ഷ നേതൃപദവി നല്‍കിയതും ഉയര്‍ന്ന ജനാധിപത്യ ബോധത്തിന്റെ ഭാഗമായാണെന്നും നെഹ്‌റുവിന്റെ ജന്‍മദിനത്തോടൊനുബന്ധിച്ച് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ഡിസിസി സംഘടിപ്പിച്ച നവോഥാന സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് സുധാകരന്‍ വിവാദപരാമര്‍ശങ്ങള്‍ നടത്തിയത്.
നെഹ്‌റുവിനെ ചാരി തന്റെ വര്‍ഗീയ മനസിനെയും ആര്‍എസ്എസ് പ്രണയത്തെയും ന്യായീകരിക്കുന്ന കെപിസിസി പ്രസിഡന്റ് കോണ്‍ഗ്രസിന്റെ അധഃപതനത്തിന്റെ പ്രതീകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചതോടെയാണ് വിവാദത്തിന് ചൂടുപിടിച്ചത്. 'വര്‍ഗീയ ഫാസിസത്തോടു പോലും സന്ധി ചെയ്യാന്‍ തയാറായ വലിയ മനസാണ് ജവഹര്‍ലാല്‍ നെഹ്റുവിന്റേതെ'ന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞത്. അതും രാജ്യം ജവഹര്‍ലാല്‍ നെഹ്‌റുവിനെ സ്മരിക്കുന്ന ശിശുദിനത്തില്‍. ആര്‍എസ്എസിനെ വെള്ള പൂശുന്നതില്‍ എന്ത് മഹത്വമാണ് അദ്ദേഹം കാണുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. തികഞ്ഞ മതേതര ചിന്താഗതി പുലര്‍ത്തിയ നേതാവാണ് ജവഹര്‍ലാല്‍ നെഹ്‌റുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
1947 ഡിസംബര്‍ ഏഴിന് മുഖ്യമന്ത്രിമാര്‍ക്ക് എഴുതിയ കത്തില്‍, ആര്‍എസ്എസ് ഉയര്‍ത്തുന്ന അപകടത്തിന്റെ സ്വഭാവം അദ്ദേഹം വിശദീകരിച്ചു: 'ആര്‍എസ്എസ് ഒരു സ്വകാര്യ സൈന്യത്തിന്റെ സ്വഭാവത്തിലുള്ള ഒരു സംഘടനയാണ്, അത് തീര്‍ച്ചയായും കര്‍ശനമായ നാസി സ്വഭാവമാണ് തുടരുന്നത്.' മറ്റൊരു കത്തില്‍, ആര്‍എസ്എസ് ഒരു രാഷ്ട്രീയ സംഘടനയല്ലെന്ന അവകാശവാദങ്ങളില്‍ അകപ്പെടരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഗാന്ധിജിയുടെ കൊലപാതകത്തിന് തൊട്ടുപിന്നാലെ, 1948 ഫെബ്രുവരി അഞ്ചിന് മുഖ്യമന്ത്രിമാര്‍ക്കെഴുതിയ കത്തില്‍ 'ഗാന്ധി വധത്തിന്റെ ഗൂഢാലോചനക്കാര്‍ അവരുടെ സെലുകള്‍ വിവിധ സര്‍കാര്‍ സ്ഥാപനങ്ങളിലും സേവനങ്ങളിലും കടത്തി വിടാനുള്ള ശ്രമം കുറച്ചെങ്കിലും വിജയിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്. നമ്മള്‍ അതിനെ അടിച്ചമര്‍ത്തുകയും ഭരണവും സേവനങ്ങളും ശുദ്ധീകരിക്കുകയും വേണം.' എന്നാണ് നെഹ്‌റു എഴുതിയത്.
ആര്‍ടികിള്‍ 370 നെ എതിര്‍ത്ത് 1953 ല്‍കശ്മീരില്‍ പ്രവേശിക്കവേ ശ്യാമ പ്രസാദ് മുഖര്‍ജി അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നെഹ്‌റു ആയിരുന്നു എന്ന ചരിത്ര വസ്തുത പോലും ഒരു സംസ്ഥാനത്തെ കോണ്‍ഗ്രസിനെ നയിക്കുന്ന വ്യക്തി അറിയാതെ പോകുന്നത് അത്ഭുതകരമാണ്. കോണ്‍ഗ്രസ്സില്‍ എക്കാലത്തും സുധാകരന്റെ മാനസിക നിലയുള്ള വര്‍ഗീയ വാദികളും ആര്‍എസ്എസ് പക്ഷപാതികളും ഉണ്ടായിരുന്നു. അത്തരക്കാരുടെ സമര്‍ദത്തിന് വഴങ്ങി ശ്യാമപ്രസാദ് മുഖര്‍ജിയെ മന്ത്രിയാക്കിയ കോണ്‍ഗ്രസസ് നടപടിയില്‍ എന്ത് മഹത്തായ ജനാധിപത്യ ബോധമാണ് ഉറങ്ങിക്കിടക്കുന്നത്? ശ്യാമ പ്രസാദ് മുഖര്‍ജിയെയും ഡോക്ടര്‍ അംബേദ്കറെയും താരതമ്യപ്പെടുത്തുക വഴി ചരിത്രത്തെ വക്രീകരിക്കുക മാത്രമല്ല, ഡോ. അംബേദ്കറെ അവഹേളിക്കുക കൂടിയാണ്.
തനിക്ക് തോന്നിയാല്‍ ബിജെപിയില്‍ പോകുമെന്നും ആളെ അയച്ച് ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം നല്‍കിയിട്ടുണ്ടെന്നും പറഞ്ഞ ശേഷം തന്റെ ആ ചെയ്തികളെ ജവഹര്‍ലാല്‍ നെഹ്രുവുമായി സമീകരിക്കാനുള്ള സുധാകരന്റെ ശ്രമത്തോട് പ്രതികരിക്കാനുള്ള ബാധ്യത യഥാര്‍ത്ഥ കോണ്‍ഗ്രസ്സുകാര്‍ക്കുണ്ട്. ഗാന്ധിയെ കൊന്നാണ് ഹിന്ദുത്വ വാദികള്‍ വര്‍ഗീയ അജണ്ടയ്ക്ക് കളമൊരുക്കിയത്. അന്ന് ആര്‍എസ്എസിനെ നിരോധിച്ച പ്രധാനമന്ത്രി നെഹ്രുവാണ്. ആ നെഹ്‌റുവിനെ ആര്‍എസ്എസിനോട് മമതകാട്ടിയ നേതാവാക്കി ചിത്രീകരിച്ചാല്‍ സന്തോഷിക്കുന്നത് ആര്‍എസ്എസ് മാത്രമാണ്. അങ്ങനെ സന്തോഷിപ്പിക്കുന്നതാണോ കോണ്‍ഗ്രസിന്റെ നയം എന്ന് അവര്‍തന്നെ വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഘ്പരിവാര്‍ അനുകൂല പരാമശംനടത്തിയെന്ന വിവാദത്തെ തുടര്‍ന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രടറി അഡ്വ. അബ്ദുള്‍ കരീം ചേലേരിയും രംഗത്തെത്തിയിരുന്നു. കെ സുധാകന്റെ അനവസരത്തിലുള്ള പ്രതികരണങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അനവസരത്തിലുള്ള പ്രതികരണങ്ങളിലൂടെ വിവാദം സൃഷ്ടിക്കുന്നത് ദൗര്‍ഭാഗ്യകമാണ്. രാഷ്ട്രീയ ശത്രുക്കള്‍ക്ക് പാര്‍ട്ടിയെയും സഹയാത്രികരെയും കുത്തി നോവിക്കാന്‍ സുധാകരന്‍ വടി കൊടുക്കുകയാണ്. വിവാദങ്ങളിലേക്ക് നെഹ്‌റുവിനെയും വലിച്ചിഴച്ചത് ശരിയല്ലഎന്ത് സ്വാതന്ത്ര്യത്തിന്റെ പേരിലായാലും ആര്‍എസ്എസ് ശാഖക്ക് സംരക്ഷണം കൊടുക്കേണ്ട ബാധ്യത പൗരന്മാര്‍ക്കില്ല. നെഹ്റുവിനെ കൂട്ടുപിടിച്ച് വര്‍ഗീയ ഫാഷിസത്തോട് സന്ധിചെയ്യാന്‍ പാലം പണിയേണ്ടെന്നും അബ്ദുള്‍ കരീം ചേലേരി വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍, താന്‍ നടത്തിയ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന വിശദീകരണവുമായി കെ സുധാകരന്‍ തന്നെ രംഗത്തുവന്നിട്ടുണ്ട്. മഹാത്മാഗാന്ധിയെ വധിച്ച പ്രത്യയ ശാസ്ത്രത്തോട് മരണം വരെ പോരാടുകയെന്നതാണ് തന്റെ രാഷ്ട്രീയമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കി. ഇതോടൊപ്പം കമ്യൂനിസ്റ്റ് ഫാസിസത്തിനെതിരെയും തന്റെ പോരാട്ടം തുടര്‍ന്ന് കൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് ഒരു മുഖമേയുള്ളുവെന്ന് എന്നെ അറിയുന്നവര്‍ക്കറിയാം. കോണ്‍ഗ്രസില്‍ ജനിച്ച്, കോണ്‍ഗ്രസുകാരനായി വളര്‍ന്ന്, കോണ്‍ഗ്രസുകാരനായി പ്രവര്‍ത്തിച്ച്, കോണ്‍ഗ്രസുകാരനായി മരിക്കാനാണ് എനിക്ക് ഇഷ്ടം. കണ്ണൂര്‍ ഡിസിസി നടത്തിയ നവോത്ഥാന സദസ്സില്‍ ആധുനിക ഇന്ത്യയുടെ ശില്പിയും പ്രഥമ പ്രധാനമന്ത്രിയും ആയിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മഹത്തായ ജനാധിപത്യബോധത്തെ ഉയര്‍ത്തിക്കാട്ടാനാണ് പ്രസംഗത്തിലൂടെ ശ്രമിച്ചത്. എതിര്‍ ശബ്ദങ്ങളെപ്പോലും കേള്‍ക്കാനും പരിഗണിക്കാനുമുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ സഹിഷ്ണുതയെ ആഴത്തില്‍ പരാമര്‍ശിക്കാനുമാണ് ശ്രമിച്ചത്.
ഭാരതീയ ജനസംഘം സ്ഥാപക നേതാവായ ശ്യാമപ്രസാദ് മുഖര്‍ജിയെയും കോണ്‍ഗ്രസിനോടും നെഹ്‌റുവിനോടും രാഷ്ട്രീയമായി വിയോജിച്ചിരുന്ന ബി ആര്‍ അംബേദ്കറേയും പ്രഥമമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് ഓര്‍മിപ്പിച്ചിരുന്നു.പ്രതിപക്ഷമില്ലാത്ത പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന തിരിച്ചറിവില്‍ കേവലം 16 അംഗങ്ങള്‍ മാത്രമുള്ള, മതിയായ അംഗസംഖ്യ പോലുമില്ലാത്ത സിപിഐ നേതാവായ എ കെ ഗോപാലന് പ്രതിപക്ഷ നേതാവിന്റെ പദവി കൊടുത്തതും അതെ പ്രസംഗത്തില്‍ തന്നെ സൂചിപ്പിച്ചിരുന്നു. നെഹ്‌റുവിന്റെ ഉയര്‍ന്ന ജനാധിപത്യബോധത്തിന്റെ ചരിത്രത്താളുകളില്‍ ശേഷിക്കുന്ന തെളിവുകളായിട്ടാണ് ഞാന്‍ അതിനെ വിശേഷിപ്പിച്ചത്. ഇപ്പോഴത്തെ ഇന്‍ഡ്യന്‍ ഭരണകൂടത്തിന്റെ ഫാസിസ്റ്റു മുഖത്തിന് നേരെ ജനാധിപത്യത്തിന്റെ കണ്ണാടി വെച്ചുകൊടുക്കാന്‍ വേണ്ടിയാണു അത്രയും പറഞ്ഞു വച്ചത്.
എതിര്‍ ശബ്ദങ്ങളെപ്പോലും പരിഗണിക്കുകയെന്നത് ജനാധിപത്യത്തിന്റെ ഉയര്‍ന്ന മൂല്യമാണെന്ന് ഓര്‍മപ്പെടുത്തുകയാണ് നെഹ്‌റു അനുസ്മരണ പ്രഭാഷണത്തിലൂടെ ഞാന്‍ ചെയ്തത്.
ഉജ്ജ്വലമായ പോരാട്ടത്തിലൂടെ രാജ്യത്തെ ബ്രിടീഷ് അധിനിവേശത്തില്‍ നിന്നും സ്വതന്ത്രമാക്കിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പ്രഥമ മന്ത്രിസഭയില്‍ എല്ലാ കക്ഷികള്‍ക്കും പങ്കാളിത്തമുണ്ടാകണമെന്ന രാഷ്ട്രീയ ബോധമാണ് ഉയര്‍ത്തിപ്പിടിച്ചത്. എന്നാല്‍ 1952ലെ പ്രഥമ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന എതിരാളി ശ്യാമപ്രസാദ് മുഖര്‍ജിയുടെ ഭാരതീയ ജനസംഘം തന്നെയായിരുന്നു. തിഞ്ഞെടുപ്പില്‍ വെറും മൂന്ന് സീറ്റില്‍ മാത്രം അതിനെ തളച്ചിടാനും നെഹ്‌റുവിനും കോണ്‍ഗ്രസിനും സാധിച്ചു.
1957ലും 1964ലും സംഘപരിവാറിനെ പരാജയപ്പെടുത്തി വിജയമാവര്‍ത്തിക്കാന്‍ നെഹ്‌റുവിനു സാധിച്ചു. ആ തെരെഞ്ഞെടുപ്പുകളിലൊന്നും അവര്‍ രണ്ടാം കക്ഷി പോലുമായിരുന്നില്ല.എന്നാല്‍ 1977ല്‍ സംഘപരിവാര്‍ പ്രതിനിധികളായ എ ബി വാജ്‌പേയിയെയും എല്‍ കെ അദ്വാനിയെയും മന്ത്രിമാരാക്കിയത് കമ്യൂനിസ്റ്റുകളും സോഷ്യലിസ്റ്റുകളും ചേര്‍ന്നാണ് എന്ന വസ്തുത നാം മറക്കരുത്.വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് ഒരിക്കലും തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കരുതെന്നും എത്ര തിരഞ്ഞെടുപ്പുകള്‍ പരാജയപ്പെട്ടാലും വര്‍ഗീയ ശക്തികളുമായി സന്ധി ചെയ്യരുതെന്നും ജവഹര്‍ലാല്‍ നെഹ്‌റു ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. അതു പൊതു നിലപാടായി സ്വീകരിച്ചു സംഘപരിവാര്‍ ശക്തികളുമായി തിരഞ്ഞെടുപ്പു സഖ്യത്തിലേര്‍പ്പെടാത്ത ഇന്ത്യയിലെ ഏക രാഷ്ട്രീയ പ്രസ്ഥാനവും ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്.
വലിയ ജനാധിപത്യം വിളമ്പുന്ന സിപിഎം പോലും ബിജെപിയുമായും സംഘപരിവാര്‍ ശക്തികളുമായും പലപ്പോഴായി തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കിയെന്നത് പരസ്യമായ വസ്തുതയാണ്. അതിന് ഒടുവിലത്തെ ഉദാഹരണമാണ് ബംഗാളില്‍ സഹകരണ സംഘം തിരഞ്ഞെടുപ്പിലെ ബിജെപി-സിപിഎം സഖ്യം. നെഹ്‌റുവിനെ തമ്‌സക്കരിക്കാനും ഗാന്ധിയെ നിന്ദിക്കാനും കോണ്‍ഗ്രസ് മുക്ത ഭാരതം പ്രാവര്‍ത്തികമാക്കാനും ശ്രമിക്കുന്ന സംഘപരിവാറിനെ ജനാധിപത്യമൂല്യങ്ങള്‍ ഓര്‍മപ്പെടുത്താനാണ് എന്റെ പ്രസംഗത്തില്‍ പഴയകാല ചരിത്രം പരാമര്‍ശിച്ചത്. എന്നാല്‍ അതിനിടയിലുണ്ടായ വാക്കുപിഴ ഞാന്‍ മനസില്‍പോലും ഉദ്ദേശിക്കാത്ത തലങ്ങളിലാണ് അതിനെ എത്തിച്ചത്. അത് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും എന്നെയും സ്‌നേഹിക്കുന്നവര്‍ക്ക് ഇടയിലുണ്ടാക്കിയ വേദനയില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്.
സംഘപരിവാര്‍, ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം പ്രഖ്യാപിച്ച നെഹ്‌റുവിന്റെ പിന്മുറക്കാരനായ പൊതുപ്രവര്‍ത്തകനാണ് ഞാന്‍. സംഘപരിവാര്‍,ഫാസിസ്റ്റ് ശക്തികളെ ഒന്നാമത്തെ ശത്രുവായി കണ്ടുകൊണ്ടുള്ള പൊതുപ്രവര്‍ത്തന ശൈലിയാണ് എന്റെത്. എല്ലാ വര്‍ഗീയതയെയും ഒരുപോലെ എതിര്‍ക്കുക എന്നതാണ് എന്റെയും എന്റെ പാര്‍ട്ടിയുടെയും നിലപാട്. അതിന് എനിക്ക് കിട്ടിയ ജനകീയ അംഗീകാരമാണ് തിരഞ്ഞെടുപ്പുകളിലെ വിജയം. എന്നെ സ്‌നേഹിക്കുന്ന നല്ലവരായ ജനാധിപത്യ മതേതര ബോധമുള്ള ആര്‍ക്കും എന്റെ നിലപാടുകളെ സംശയത്തോടെ നോക്കി കാണാന്‍ കഴിയില്ലെന്ന ഉത്തമബോധ്യം തനിക്കുണ്ട്. ഏതെങ്കിലും പഴയ കാല ഓര്‍മപ്പെടുത്തലുകളെ തന്റെ രാഷ്ട്രീയമായി കാണരുതെന്നും കെ സുധാകരന്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
Keywords: Kannur, News, Kerala, K.Sudhakaran, Politics, party, Congress, K Sudhakaran's pro-RSS speech controversial even within the party.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

