K Sudhakaran | കെ സുധാകരനെ കെപിസിസി അധ്യക്ഷ പദവിയില്‍ നിന്നും മാറ്റില്ല, പകരം ശാസനയിലൊതുക്കാന്‍ ഹൈകമാന്‍ഡ്
കണ്ണൂര്‍: (www.kvartha.com) കെ സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത് സമര്‍ദതന്ത്രത്തിന്റെ ഭാഗമായാണെന്ന് സൂചന. ഇതോടെ വ്യാഴാഴ്ച ചേരാനിരുന്ന കെപിസിസി നിര്‍വാഹക സമിതിയോഗം മാറ്റിവച്ചു. സുധാകരന്‍ ശാരീരികപരമായ അസ്വസ്ഥതകളെ തുടര്‍ന്ന് ഇപ്പോള്‍ മിമ്സ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടുദിവസം മുന്‍പാണ് സുധാകരന്‍ രാഹുല്‍ ഗാന്ധിക്ക് രാജിസന്നദ്ധത അറിയിച്ചുകൊണ്ട് കത്തെഴുതിയത്.
എന്നാല്‍ ഇതു ഹൈകമാന്‍ഡിനെ സമര്‍ദത്തിലാക്കാനുള്ള നീക്കമാണെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസിന്റെ അഖിലേന്‍ഡ്യാ അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയാണെന്നിരിക്കെ എന്തിനാണ് സുധാകരന്‍ എഐസിസി അംഗം മാത്രമായ രാഹുല്‍ ഗാന്ധിക്ക് കത്തെഴുതിയതെന്തിനാണെന്നാണ് അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ ചോദിക്കുന്നത്. കേരളത്തിലെ സംഭവവികാസങ്ങളില്‍ മല്ലികാര്‍ജുന ഖാര്‍ഖെയ്ക്കു അതൃപ്തിയുണ്ടെന്നാണ് സൂചന.
മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയെന്ന സുധാകരന്റെ പ്രസംഗത്തിലെ പരാമര്‍ശം ചരിത്രപരമായി ശരിയാണെങ്കിലും ഇപ്പോള്‍ അതു പറയേണ്ട കാര്യമില്ലെന്നായിരുന്നു കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കളുടെ പരാതി. നേരത്തെ ആര്‍എസ്എസ് ശാഖയെ സംരക്ഷിച്ചുവെന്ന് പറയുന്ന സുധാകരന്‍ ഇപ്പോള്‍ നെഹ്രുവിനെ ചാരി തന്റെ ആദ്യപരാമര്‍ശത്തെ ന്യായീകരിക്കുകയാണ് ചെയ്തതെന്ന വിമര്‍ശനമാണ് പല നേതാക്കളും ഉയര്‍ത്തുന്നത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെലമുരളീധരന്‍ എം പി എന്നിവര്‍ സുധാകരന്റെ പ്രസംഗത്തെ തളളിപറഞ്ഞുകൊണ്ട് രംഗത്തുവന്നത് കോണ്‍ഗ്രസിലും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. ബുധനാഴ്ച ചേരുന്ന മുസ്ലീം സംസ്ഥാന നേതൃയോഗത്തില്‍ ഇതുസംബന്ധിച്ചു സുധാകരനെതിരെ അതിരൂക്ഷമായ വിമര്‍ശനമുണ്ടാകാന്‍ സാധ്യതയുണ്ട്. സുധാകരന്റെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മില്‍ അകല്‍ചയുണ്ടായിട്ടുണ്ട്. ആര്‍എസ്പിയും സുധാകരന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തു വന്നിട്ടുണ്ട്.
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട കെ സുധാകരന്‍ ഹൈക്കമാന്‍ഡിന് രാജിസന്നദ്ധത അറിയിച്ചു കത്തെഴുതിയത് സമര്‍ദ തന്ത്രമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. എന്നിരുന്നാലും കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടി കഴിഞ്ഞാല്‍ പ്രവര്‍ത്തകര്‍ക്കിടെയില്‍ ഏറെ സ്വാധീനമുള്ള നേതാവാണ് കെ സുധാകരന്‍. അതുകൊണ്ട് തന്നെ ഘടകകക്ഷികളുടെ പരാതിയില്‍ കെപിസിസി അധ്യക്ഷനെ മാറ്റുകയെന്ന് ഈ സാഹചര്യത്തില്‍ കേരളത്തിലെ പാര്‍ടി പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുമെന്ന വിലയിരുത്തലും കേന്ദ്ര നേതൃത്വത്തിനുണ്ട്. കെ സുധാകരനെ അധ്യക്ഷ പദവിയില്‍ നിന്നും മാറ്റാതെ തല്‍ക്കാലം ശാസനയിലൊതുക്കണമെന്ന വാദവും ശക്തമാണ്.
Keywords: Kannur, News, Kerala, Politics, K.Sudhakaran, K Sudhakaran will not be removed as KPCC president, instead reprimanded by high command.