Suspended | ടിപി വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവിനായി ശിപാര്‍ശ നല്‍കിയ കണ്ണൂര്‍ സെന്‍ട്രന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
വിഷയം കെ കെ രമ എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ചിരുന്നു.
ടി പി വധക്കേസിലെ പുനര്‍ വിചാരണ വേളയില്‍ പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമായി ഹൈകോടതി ഉയര്‍ത്തിയിരുന്നു.
പ്രതികള്‍ക്ക് പരോള്‍ കൊടുക്കുന്നതിലും നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിരുന്നു.
കണ്ണൂര്‍: (KVARTHA) ശിക്ഷാ ഇളവിനുള്ള ശിപാര്‍ശയില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ തടവുകാരെ ഉള്‍പെടുത്തി പൊലീസ് റിപോര്‍ട് തേടിയ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവ് നല്‍കി.
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ എസ് ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി ജി അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ വി രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടത്.
ടി പി വധക്കേസിലെ പ്രതികളായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ടി കെ രജീഷ് അണ്ണന്‍ സജിത്ത്, മുഹമ്മദ് ശാഫി എന്നിവരെ കൂടി മോചിപ്പിക്കേണ്ട തടവുകാരുടെ പട്ടികയില്‍ ഉള്‍പെടുത്തിയത് വന്‍ വിവാദമുണ്ടാക്കിയിരുന്നു. ഹൈകോടതി ഉത്തരവിനെ മറികടന്ന് കൊണ്ടായിരുന്നു ശിപാര്‍ശ. ഈ വിഷയം പ്രതിപക്ഷവും ടി പിയുടെ സഹധര്‍മിണി കെ കെ രമ എംഎല്‍എയും നിയമസഭയില്‍ ഉന്നയിക്കുകയും പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.
തിരഞ്ഞെടുപ്പിന് രണ്ടുമാസം മുന്‍പ് ടി പി വധക്കേസിലെ പുനര്‍ വിചാരണ വേളയില്‍ പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമായി ഹൈകോടതി ഉയര്‍ത്തിയിരുന്നു. പ്രതികള്‍ക്ക് പരോള്‍ കൊടുക്കുന്നതിലും നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തി. എന്നാല്‍ ഇതിനെയൊക്കെ മറികടന്നാണ് പ്രതികളില്‍ ചിലരെ മോചിപ്പിക്കാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥര്‍ ശിപാര്‍ശ നല്‍കിയത്.