സി.പി.എമ്മിന് കൈയേറ്റ മാഫിയ ബന്ധം: കടന്നാക്രമണവുമായി സി.പി.ഐ പ്രവര്‍ത്തന റിപ്പോര്‍ട്ട്

 


തൊടുപുഴ: (www.kvartha.com 11/02/2015) കൈയേറ്റ മാഫിയയുമായി തുറന്ന ബന്ധമുളള പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് സി.പി.ഐ. മാത്രമല്ല കൃസ്ത്യന്‍ സമുദായ സംഘടനകളുമായി കമ്മ്യൂനിസ്റ്റ് തത്വത്തിന് നിരക്കാത്ത തരത്തില്‍ വഴിവിട്ട ബന്ധവും സി.പി.എം പുലര്‍ത്തുന്നു. തൊടുപുഴയില്‍ നടക്കുന്ന സി.പി.ഐ ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് സി.പി.എമ്മിനെ കടന്നാക്രമിക്കുന്നത്.

ഉദ്ഘാടനസമ്മേളനത്തില്‍ പ്രസംഗിച്ച സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും സംസ്ഥാനജില്ലാ നേതാക്കളും സി.പി.എമ്മിനെ ആക്രമിച്ചതിനു പിന്നാലെയാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടും വന്നിരിക്കുന്നത്. ഇടുക്കിയില്‍ സി.പി.ഐയുടെ ശത്രു സി.പി.എം മാത്രമാണെന്ന രീതിയിലായിരുന്നു നേതാക്കളുടെ പ്രസംഗമെങ്കില്‍ ഇതിനു ചുവടുപിടിച്ചാണ് പ്രവര്‍ത്തനറിപ്പോര്‍ട്ടും.

മുന്നണിക്കെട്ടുറപ്പിനു വേണ്ടി വാദിക്കുകയും അതേ സമയം ബന്ധത്തിനു പുല്ലുവില നല്‍കുകയുംചെയ്യുന്ന പാര്‍ട്ടിയായി സി.പി.എം അധഃപതിച്ചതായി സി.പി.ഐ പ്രവര്‍ത്തന റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. ഐക്യം പറയുന്ന സി.പി.എം പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാന്‍ വരെ ശ്രമിക്കുന്നു. കൈയേറ്റക്കാരുടെയും റിസോര്‍ട്ടുകാരുടെയും ബന്ധത്തിലാണ് സിപിഎമ്മിന്റെ പ്രവര്‍ത്തനം. ഹൈറേഞ്ച് സംരക്ഷണ സമിതി പോലുളള കത്തോലിക്കാ സമുദായ സംഘടനയുമായി വഴിവിട്ട ബന്ധം കാത്തുസൂക്ഷിക്കുന്നു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ പാര്‍ട്ടിയോടു ആലോചിക്കാതെ സി.പി.എം മുന്നോട്ട് പോയി. സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതും പ്രചരണം കൈയടക്കിയതും സി.പി.എം. അണികള്‍ക്കു പോലും ആശങ്ക ഉണ്ടാക്കുന്നരീതിയിലുള്ള പ്രവര്‍ത്തനം. എങ്കിലും ജോയ്‌സ് ജോര്‍ജ് ജയിക്കുമെന്നുറപ്പുണ്ടായിരുന്നു. ജയിച്ചതിനുശേഷം ജനകീയ വിഷയങ്ങളില്‍ സജീവമായി ജോയ്‌സ് ജോര്‍ജ് ഇടപെടുന്നുവെന്നതും പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നതാണ്.

ടി.പി.ചന്ദ്രശേഖരന്‍വധക്കേസിലൂടെ തകര്‍ന്ന ഇമേജ് വീണ്ടെടുക്കാനായി സി.പി.ഐയെ കടന്നാക്രമിച്ച് ജനശ്രദ്ധ തിരിക്കുന്നു. അടിമാലിക്കടുത്ത് മുട്ടുകാട് പ്രസംഗത്തില്‍ സി.പി.ഐയെ തകര്‍ക്കണമെന്ന് സി.പി.എമ്മിലെ ചിലര്‍ പ്രസംഗിച്ചു. അതുകൊണ്ടു തന്നെ സി.പി.എമ്മിനെതിരേ പ്രകടനം നടത്തേണ്ട അവസ്ഥ വരെ പാര്‍ട്ടിക്കുണ്ടായി. സി.പി.എം ജില്ലാ സെക്രട്ടറി എം.എം.മണിയെ അറസ്റ്റു ചെയ്ത സംഭവത്തെ തുടര്‍ന്നു ഹര്‍ത്താല്‍ നടത്തണമെന്നു സി.പി.എം ആവശ്യപ്പെട്ടുവെങ്കിലും സി.പി.ഐ സഹകരിച്ചില്ല. അപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അത് അവശ്യമില്ലെന്നായിരുന്നു പാര്‍ട്ടിയുടെ നിലപാടെന്നും സി.പി.ഐ വ്യക്തമാക്കുന്നു.

മൂന്നാറില്‍ നടന്ന സി.പി.എം ജില്ലാ സമ്മേളനത്തില്‍ സി.പി.ഐയെ ആളില്ലാ പാര്‍ട്ടിയെന്നു പരിഹസിക്കുകയും നിലപാടുകളെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിനുളള മറുവെടിയാണ് സി.പി.ഐ പ്രവര്‍ത്തന റിപ്പോര്‍ട്ട്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

സി.പി.എമ്മിന് കൈയേറ്റ മാഫിയ ബന്ധം: കടന്നാക്രമണവുമായി സി.പി.ഐ പ്രവര്‍ത്തന റിപ്പോര്‍ട്ട്

Keywords : CPM, Idukki, Conference, Kerala, Mafia, CPI. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia