കോഴിക്കോട്: (KVARTHA) വയനാട്ടിലെ ഉരുള്‍പൊട്ടല്‍ കെടുതിയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ രണ്ട് കോടി രൂപയുടെ പുനരധിവാസ പദ്ധതി ഒരുക്കുമെന്ന് ഐ സി എഫ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ അറിയിച്ചു. നൂറു കണക്കിന് പേരുടെ ജീവനെടുക്കുകയും ആയിരങ്ങള്‍ക്ക് കിടപ്പാടം നഷ്ടമാവുകയും ചെയ്ത ദുരന്തത്തില്‍ സഹജീവികളെ ചേര്‍ത്തുപിടിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതികള്‍.
കേരള സര്‍ക്കാരുമായി ചേർന്ന് മാതൃ സംഘടനയായ കേരള മുസ്‌ലിം ജമാഅത് നടത്തുന്ന പുനരധിവാസ പദ്ധതികളാണ് ഐ സി എഫ് ഏറ്റെടുക്കുക.
ദുരന്തത്തിന്റെ വ്യാപ്തി പഠിച്ച് ഏത് തരത്തിലുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്ത് നടപ്പിലാക്കേണ്ടതെന്ന് പരിശോധിക്കും. തുടര്‍ന്ന് ഇതിനായി പ്രത്യേക വിഷന്‍ രൂപം നല്‍കുകയും നടപ്പിലാക്കുകയും ചെയ്യും. വീട് നിര്‍മാണം ഉള്‍പ്പെടെയുള്ള പദ്ധതികളാണ് പ്രഥമ പരിഗണന. ഐ സി എഫിന്റെ വിവിധ ഘടകങ്ങള്‍ ഇതിന് ആവശ്യമായ സമാഹരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും.
മുന്‍കാലങ്ങളില്‍ പ്രവാസ ലോകത്തും കേരളത്തില്‍ ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഐ സി എഫിന്റെ കീഴില്‍ നടപ്പിലാക്കിയ നിരവധി ദുരിതാശ്വാസ പദ്ധതികളുടെയും അവശ്യ സേവനങ്ങളുടെയും മാതൃകകള്‍ പിന്തുടര്‍ന്നാണ് പുനരധിവാസ പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കുക.
2018 ലെ പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ട ധാരാളം ആളുകൾക്ക് ഐ സി എഫ് വീട് നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. കോവിഡ് കാലത്ത് സര്‍ക്കാര്‍ നിര്‍ദേശപ്രകാരവും ഫീല്‍ഡ് പഠനത്തിന്റെ അടിസ്ഥാനത്തിലും ഓക്സിജൻ പ്ലാന്റ് ഉൾപ്പെടെയുള്ള വന്‍കിട പദ്ധതികള്‍ ഐ സി എഫ് ഏറ്റെടുത്ത് സമൂഹത്തിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
സാധാരണക്കാരായ പ്രവാസികളുടെ അകമഴിഞ്ഞ സഹായത്താലാണ് ഇവയെല്ലാം സാധ്യമാക്കിയത്. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ പിന്തുണ പൊതുസമൂഹത്തില്‍ നിന്നും പ്രതീക്ഷിക്കുകയാണ്.
ദുരന്തത്തിന്റെ അനന്തര ഫലങ്ങള്‍ നേരിടാന്‍ പൊതുസമൂഹം എല്ലാം മറന്ന് ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിത് എന്നും ഐ സി എഫ് പറഞ്ഞു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി കഷ്ടപ്പെടുന്നവരെ ചേര്‍ത്തുപിടിക്കാനും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുമുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ഐ സി എഫ് അറിയിച്ചു.
ചൂരല്‍മല, മുണ്ടക്കൈ മണ്ണിടിച്ചില്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് പൂര്‍ണ സഹായം ലഭ്യമാക്കാനും മനുഷ്യസാധ്യമായ എല്ലാ വഴികളിലൂടെയും ദുരിതബാധിതരെ സഹായിക്കാനും കേന്ദ്ര, കേരള സര്‍ക്കാരുകള്‍ മുന്നോട്ട് വരണമെന്നും ഐ സി എഫ് ആവശ്യപ്പെട്ടു.
കടുത്ത പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് ദുരന്തമുഖത്ത് സേവനം ചെയ്യുന്ന ഇന്ത്യൻ ആർമി, സർക്കാർ ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ തുടങ്ങി എല്ലാവരെയും ഹൃദയം തൊട്ട് അഭിവാദ്യം ചെയ്യുന്നതായും ഐ സി എഫ് പ്രസ്താവനയിൽ പറഞ്ഞു.