Letter to PM | 'തൊഴില്‍ പരീക്ഷകള്‍ ഹിന്ദിയിലാക്കുന്നത് രാജ്യത്തെ വലിയ ശതമാനം ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നിഷേധിക്കപ്പെടാന്‍ കാരണമാകും': മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം: (www.kvartha.com) കേന്ദ്രസര്‍കാര്‍ ജോലിക്ക് ഹിന്ദി ഭാഷ അടിച്ചേല്‍പിക്കുന്നതിനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്നറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചു. കേന്ദ്രസര്‍വീസുകളിലേയ്ക്ക് നടത്തുന്ന പരീക്ഷകള്‍ ഹിന്ദിയിലാക്കാനും ഐഐടി, ഐഐഎം ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ്ഥാപനങ്ങളില്‍ ഹിന്ദി നിര്‍ബന്ധിത അധ്യയനഭാഷയാക്കാനുമുള്ള പാര്‍ലമെന്റിന്റെ ഔദ്യോഗിക ഭാഷാസമിതി ശുപാര്‍ശയെക്കുറിച്ചുള്ള മാധ്യമവാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് കേരളത്തിന്റെ നിലപാട് മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിച്ചത്.
സാംസ്‌കാരികവും ഭാഷാപരവുമായ വൈവിധ്യത്തെ അംഗീകരിക്കുന്ന 'നാനാത്വത്തില്‍ ഏകത്വമെന്ന' സങ്കല്പമാണ് ഇന്ത്യയുടെ സത്തയെ നിര്‍ണ്ണയിക്കുന്നത്. ഇതംഗീകരിച്ചുകൊണ്ട് വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സാഹോദര്യവും സഹിഷ്ണുതയും പരസ്പരബഹുമാനവുമാണ് നമ്മുടെ രാജ്യത്തെ നിലനിര്‍ത്തുന്നത്. ഏതെങ്കിലും ഒരു ഭാഷയെ മറ്റു ഭാഷകള്‍ക്ക് മുകളില്‍ അവരോധിക്കുന്നത് ഈ അഖണ്ഡതയെ തകര്‍ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള സവിശേഷതകള്‍ അംഗീകരിക്കേണ്ടതുണ്ട്. തൊഴില്‍ പരീക്ഷകള്‍ ഹിന്ദിയിലാക്കുന്നത് രാജ്യത്തെ ഒരു വലിയ ശതമാനം ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നിഷേധിക്കപ്പെടാന്‍ കാരണമാകും. മാത്രമല്ല, ഹിന്ദി അടിച്ചേല്‍പിക്കുന്നത് സഹകരണാത്മക ഫെഡറലിസം എന്ന തത്വത്തിന് വിരുദ്ധവുമാണ്. ഇക്കാരണങ്ങള്‍ കണക്കിലെടുത്ത് ഹിന്ദിവല്‍ക്കരണത്തിനുള്ള ശ്രമങ്ങളില്‍ നിന്ന് കേന്ദ്ര സര്‍കാര്‍ പിന്മാറണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Keywords: Thiruvananthapuram, News, Kerala, Chief Minister, Prime Minister, Hindi language for job: Chief Minister sent a letter to the Prime Minister.