Death | ആരോഗ്യ വകുപ്പ് ജീവനക്കാരിയുടെ മരണം: മെഡിക്കൽ ഓഫീസർക്കെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ്; സമഗ്രമായ അന്വേഷണം നടത്തണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ


● എൻ.ആർ.എച്ച്.എം ഫണ്ട് തിരിമറി ചോദ്യം ചെയ്തതിനാണ് പീഡനമെന്ന് കോൺഗ്രസ്
● വ്യാജ രേഖകൾ ഉപയോഗിച്ച് പണം തട്ടിയെന്നും ആരോപണം.
● ഡോക്ടറെ സസ്പെൻഡ് ചെയ്യണമെന്നും ആവശ്യം.
കണ്ണൂർ: (KVARTHA) കുടിയാന്മല കുടുംബാരോഗ്യ കേന്ദ്രത്തിലെ സീനിയർ ക്ലർക്ക് കരിമ്പം ഒറ്റപ്പാല നഗറിലെ കെ പി ഉഷാകുമാരി ജീവനൊടുക്കിയ സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പാർട്ടികളും സംഘടനകളും. ഒടുവള്ളി കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ മെഡിക്കൽ ഓഫീസർ ഡോ. അനിതയുടെ അഴിമതി കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ജീവനക്കാരി ഉഷാകുമാരിയെ മാനസികമായി പീഡിപ്പിച്ചതാണ് അവർ ജീവനൊടുക്കാൻ കാരണമെന്ന് തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി കെ സരസ്വതിയും ജനറൽ സെക്രട്ടറി എംഎൻ പൂമംഗലവും ആരോപിച്ചു.
ഡോ. അനിത എൻ.ആർ.എച്ച്.എം. ഫണ്ട് തിരിമറി നടത്തിയതിന് കൂട്ടുനിൽക്കാത്തതിനാണ് ഉഷാകുമാരിയെ മാനസികമായി പീഡിപ്പിച്ചത് എന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു, കെ.എൽ.13 എ.എഫ്-5859 നമ്പർ വാഹനം ഒടുവള്ളി സി.എച്ച്.സിക്ക് വേണ്ടി ഓടിയെന്ന് പറഞ്ഞ് ഡോ. അനിത നൽകിയ വൗച്ചർ കണ്ണൂർ-പയ്യാവൂർ റൂട്ടിൽ ഓടുന്ന ഒരു ബസിൻ്റേതാണെന്ന് ഉഷാകുമാരി കണ്ടെത്തിയിരുന്നുവെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
നടത്താത്ത പരിപാടിയുടെ പരസ്യം, പെട്രോൾ-ഭക്ഷണ ചെലവുകൾ എന്നിവയുടെ ബില്ലുകളും കൃത്രിമമായിരുന്നുവെന്ന് ഉഷാകുമാരി ചൂണ്ടിക്കാണിച്ചു, ഈ പണമെല്ലാം കല്യാശ്ശേരിയിലെ ഒരാളുടെ അക്കൗണ്ടിലേക്കാണ് മാറ്റിയെടുത്തതെന്നും കണ്ടെത്തി. ഇത് ചോദ്യം ചെയ്തതിലുള്ള വിരോധം ഡോ. അനിതയ്ക്ക് ഉഷാകുമാരിയോടുണ്ടായിരുന്നു.
ഈ പക കാരണമാണ് വിരമിക്കാൻ ഒരു വർഷവും 5 മാസവും ബാക്കിയിരിക്കെ അസുഖബാധിതയായതിനാൽ വി.ആർ.എസ് എടുത്ത് വിരമിക്കാനുള്ള ഇവരുടെ അപേക്ഷ ഡോ. അനിത ക്ലിയറൻസ് കൊടുക്കാതെ തടഞ്ഞതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ഡോ. അനിതയുടെ പേരിൽ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്നും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ഉഷാകുമാരി ജീവനൊടുക്കിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജില്ല പ്രസിഡന്റ് കെ.പി. ഗിരീഷ് കുമാർ, ജില്ല സെക്രട്ടറി പ്രഫ. അനീസ് മുഹമ്മദ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ കർശന നിയമ നടപടിയെടുക്കണം.
ഒടുവള്ളിത്തട്ട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ എൻ.എച്ച്.എം ഫണ്ട് വിനിയോഗിച്ചതിലെ ക്രമക്കേട് സംബന്ധിച്ച ഉഷാകുമാരിയുടെ പരാതിയും വിരമിക്കാൻ ചുരുങ്ങിയ ദിവസങ്ങളും ബാക്കിനിൽക്കെ സ്ഥലം മാറ്റിയതും സർവീസിൽ നിന്ന് വി.ആർ.എസ് നൽകി വിരമിക്കാനുള്ള അപേക്ഷയിൽ കാലതാമസം വരുത്താൻ ഇടയാക്കിയതും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നും ഇരുവരും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഇവർ ആത്മഹത്യ ചെയ്യാൻ കാരണം മേൽ ഉദ്യോഗസ്ഥരുടെ പീഡനമാണെന്ന് ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ഇരുവരും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ജനുവരി 26-നാണ് ഉഷാകുമാരി കരിമ്പം ഒറ്റപ്പാലനഗറിലെ വീട്ടുകിണറ്റിൽ ചാടി ജീവനോടുക്കിയത്. ഉഷാകുമാരിയുടെ ആത്മഹത്യാകുറിപ്പിൽ ഈ കാര്യങ്ങൾ വിശദീകരിച്ചിരുന്നുവെന്നും എന്നാൽ പോലീസ് കാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്നാണ് ബന്ധുക്കളുടെ പരാതി.
Congress alleges that the suicide of a health department employee in Oduvalli was due to harassment by the medical officer after she questioned the officer's corruption. They demand a case be filed against the doctor and her suspension.
#HealthDepartment #Suicide #Corruption #Kerala #Oduvalli #Congress