Criticism | ജി സുകുമാരൻ നായരുടെ ശ്രമം കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി പദവിയിലിരുത്താനോ? ചെന്നിത്തലയ്ക്ക് നിരാശപ്പെടേണ്ടി വരും!

 
G Sukumaran Nair’s Political Maneuvers: Is KC Venugopal the Next CM?
G Sukumaran Nair’s Political Maneuvers: Is KC Venugopal the Next CM?

Photo Credit: Facebook/KC Venugopal, Ramesh Chennithala

● താക്കോൽ സ്ഥാനത്തിനായി ചരടുവലികൾ സജീവം 
● വി ഡി സതീശൻ സുകുമാരൻ നായരെ പിന്തുണക്കുന്ന ആളല്ല.
● കെ സി വേണുഗോപാൽ ഹൈക്കമാൻഡിൽ ശക്തമായ സ്വാധീനമുള്ള നേതാവാണ്

സോണിച്ചൻ ജോസഫ്

(KVARTHA) തങ്ങളുടെ സമുദായത്തിന് കേരളത്തിലെ താക്കോൽ സ്ഥാനത്തിനു വേണ്ടിയുള്ള കളിയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ ഇപ്പോൾ നടത്തുന്നത്. താക്കോൽ തൻ്റെ കൈവശം തരുന്ന സ്വസമുദായത്തിലെ ഒരു നേതാവ് കേരളം ഭരിക്കണമെന്ന ചിന്ത ജി സുകുമാരൻ നായർക്ക് തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ന്യൂനപക്ഷ സർക്കാരിനെ നയിച്ച ഉമ്മൻ ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റി സ്വസമുദായത്തിൽപ്പെട്ട രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്ത് കൊണ്ടുവരാൻ സുകുമാരൻ നായർ കളിച്ച കളിയൊക്കെ ജനം അന്ന് കണ്ടതാണ്. 

ഒടുവിൽ രമേശ് ചെന്നിത്തലയ്ക്ക് കയ്യിൽ അതുവരെ ഉണ്ടായിരുന്ന കെ.പി.സി.സി പ്രസിഡൻ്റ് സ്ഥാനം രാജിവെച്ച് കേരളത്തിലെ ആഭ്യന്തരമന്ത്രി സ്ഥാനം ഏൽക്കേണ്ടി വന്നു. സ്വസമുദായത്തിലെ തിരുവഞ്ചൂർ രാധാകൃഷ്ണനെ തട്ടിയെറിഞ്ഞാണ് തൻ്റെ കയ്യിൽ താക്കോൽ തരുന്ന രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിൽ ആഭ്യന്തരമന്ത്രിയാക്കാൻ സുകുമാരൻ നായർ കളിച്ചത്. ആഭ്യന്തര പദത്തിൽ ഏറിയ ചെന്നിത്തല ആ സ്ഥാനത്തിരുന്നുകൊണ്ട് ഉമ്മൻ ചാണ്ടിയുടെ മുഖ്യമന്ത്രി സ്ഥാനം തെറിപ്പിച്ച് മുഖ്യമന്ത്രിയാകുമെന്ന് പലരും കണക്ക് കൂട്ടിയിരിക്കാം. എന്നാൽ ഈ കണക്ക് കൂട്ടലുകൾ എല്ലാം അസ്ഥാനത്ത് ആവുകയായിരുന്നു. 

ഉമ്മൻ ചാണ്ടിക്കെതിരെ സോളാർ സരിതയുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങൾ ഉയർന്നുവന്നത് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായി ഇരുന്നപ്പോൾ ആയിരുന്നു എന്ന കാര്യം വിസ്മരിക്കരുത്. അതിനെയെല്ലാം ഉമ്മൻ ചാണ്ടി അതിജീവിച്ച് കേവല ഭൂരിപക്ഷം മാത്രമുള്ള യുഡിഎഫ് സർക്കാരിനെ 5 വർഷക്കാലം അധികാരത്തിൽ താങ്ങി നിർത്തുന്നതാണ് കണ്ടത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അധികാരത്തിൽ തിരിച്ചെത്താമായിരുന്നെങ്കിലും നേതാക്കൾ മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി ചരട് വലിച്ച് ഗ്രൂപ്പ് കളിച്ച് ഭരണം നഷ്ടപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നിൽ എല്ലാം ജി സുകുമാരൻ നായർ എന്ന നേതാവിന്റെ അദൃശ്യകരമുണ്ടായിരുന്നുവെന്നത് വിസ്മരിക്കാനാവുന്നതല്ല. 

ടി.പി ചന്ദ്രശേഖരൻ കൊലക്കേസിലെ മുഴുവൻ പ്രതികളെയും പിടിച്ച് അകത്താക്കിയ സർക്കാർ ആയിരുന്നു അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ. അന്ന് അഭ്യന്തരം കൈകാര്യം ചെയ്തിരുന്നത് രമേശ് ചെന്നിത്തലയ്ക്ക് മുൻപുള്ള തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നു. അദ്ദേഹം ആ വീരപരിവേഷത്തിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണനെ ആഭ്യന്തര മന്ത്രി സ്ഥാനത്തു നിന്ന് മാറ്റി എൻഎസ്എസിൻ്റെ സമ്മർദ്ദം മൂലം രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കിയത്. ഇത് ജനങ്ങളുടെ നീരസത്തിന് ഇടയാക്കിയ ഒരു കാര്യമായിരുന്നു. ഇക്കാര്യത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ മുറുമുറുപ്പും കണ്ടതാണ്. 

പിന്നീട് ഭരണം നഷ്ടപ്പെട്ട യുഡിഎഫിനെ പ്രതിപക്ഷത്ത് ഇരുന്ന് നയിച്ചത് രമേശ് ചെന്നിത്തലയായിരുന്നു. രമേശ് ചെന്നിത്തലയ്ക്ക് വലിയ ആത്മവിശ്വാസം തന്നെയായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ എത്തുമെന്ന്. അന്നൊക്കെ ഒന്നിടവിട്ട് മുന്നണികൾ ഭരിക്കുന്ന സാഹചര്യമായിരുന്നു ചെന്നിത്തലയുടെ അമിത ആത്മവിശ്വാസത്തിന് പിന്നിൽ. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിൽ എത്തുന്നതാണ് കണ്ടത്. പ്രതിപക്ഷ നേതാവായ തൻ്റെ സ്വന്തം സമുദായ നേതാവ് മുഖ്യമന്ത്രിയാകുമെന്ന് ഉറച്ച വിശ്വസിച്ച ജി സുകുമാരൻ നായർക്കും മുഖ്യമന്ത്രിപദവി സ്വപ്നം കണ്ട് നടന്ന രമേശ് ചെന്നിത്തലയ്ക്കും കരണത്തിനേറ്റ അടിയായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്. 

പിന്നീട് പ്രതിപക്ഷ നേതാവ് ആകാൻ ചെന്നിത്തലയും ആ സ്ഥാനത്തേയ്ക്ക് ചെന്നിത്തലയെ കൊണ്ടുവരാൻ ജി സുകുമാരൻ നായരും ആഗ്രഹിച്ചെങ്കിലും കോൺഗസ് നേതാക്കളും അണികളും പ്രതിപക്ഷ നേതാവായി ചെന്നിത്തല വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് എംഎൽഎ മാത്രം ആയിരുന്ന വി.ഡി സതീശൻ പ്രതിപക്ഷ നേതാവ് ആയത്. ഇനി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഒരു തിരിച്ചു വരവ് രമേശ് ചെന്നിത്തലയ്ക്ക് ഉണ്ടാവില്ലെന്നത് മറ്റാരെക്കാളും നന്നായി അറിയാവുന്ന ജി സുകുമാരൻ നായർക്ക് തന്നെയാണ്. പണ്ട് കെ കരുണാകരനു ശേഷം കേന്ദ്രത്തിൽ കോൺഗ്രസ് ഹൈക്കമാൻ്റിൽ ഏറ്റവും പിടിയുണ്ടായിരുന്നത് ചെന്നിത്തലയ്ക്ക് ആയിരുന്നു. ഇപ്പോൾ ആ പിടിയും ഇല്ല. അവിടെ ഇപ്പോൾ രമേശ് ചെന്നിത്തലയുടെ ശിഷ്യൻ്റെ കളിയാണ്. 

രാഹുൽ ഒരു വിരൽ അനക്കണമെങ്കിൽ കെ.സി വേണുഗോപാൽ പറയണമെന്ന അവസ്ഥ. ഇത് എങ്ങനെ മുതലാക്കണമെന്നുള്ള ഗവേഷണത്തിലാണ് ജി സുകുമാരൻ നായർ. രമേശ് ചെന്നിത്തലയെ മുന്നിൽ നിർത്തി കളിപ്പിച്ച് വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കി കൊണ്ടുവരാനുള്ള കളിയാണ് ജി സുകുമാരൻ നായർ ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് വിലയിരുത്തൽ. പാവം ചെന്നിത്തലയ്ക്ക് ആണെങ്കിൽ ഇത് മനസ്സിലാകുന്നുമില്ല. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ സംസ്ഥാന കോൺഗ്രസിലെ ഒരുപാട് നേതാക്കാൾ മുഖ്യമന്ത്രി കോട്ട് തയ്പ്പിച്ച് നിൽക്കുന്നുണ്ട്. പല സമുദായത്തിൻ്റെ നോമിനികളായി എത്താൻ താല്പര്യപ്പെടുന്നവരും ഉണ്ട്. എന്നാൽ താക്കോൽ സ്ഥാനം എൻഎസ്എസിന് വേണമെന്ന വിചാരം സുകുമാരൻ നായരെ ഭരിക്കുന്നു എന്നതാണ് സത്യം. 

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നായർ ആണെങ്കിൽ സുകുമാരൻ നായരെ അംഗീകരിക്കുന്ന ആളല്ല. കെ മുരളീധരൻ ആണെങ്കിൽ എൻ.എസ്.എസ് പോലെ മറ്റ് എല്ലാ സമുദായങ്ങളും ആയി നല്ല ബന്ധമുണ്ട്. അങ്ങനെ നോക്കുമ്പോൾ വേണുഗോപാൽ തന്നെയാണ് ഉത്തമം. പണ്ട് വേണുഗോപാലുമായി ചേർച്ചക്കുറവ് ഉണ്ടായിരുന്നെങ്കിലും വേണു കോൺഗ്രസ് ഹൈക്കമാൻ്റിൽ ആധിപത്യം സ്ഥാപിച്ചതോടെ ഇപ്പോൾ അതെല്ലാം അങ്ങ് കെട്ടടങ്ങി. വരുന്ന തെരഞ്ഞെടുപ്പിൽ ഇവിടെ മുഖ്യമന്ത്രി സ്ഥാനത്തിന് കോൺഗ്രസ് നേതാക്കൾ തമ്മിലടിക്കുമ്പോൾ ഹൈക്കമാൻ്റ് നോമിനിയായി കെ സി വേണുഗോപാൽ വരാനുള്ള സാഹചര്യം പരസ്യമായ രഹസ്യമാണ്. 

മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ജി സുകുമാരൻ നായർ ഇപ്പോൾ രമേശ് ചെന്നിത്തലയെ ഉയർത്തിക്കാട്ടുമ്പോൾ തർക്കം ഒഴിവാക്കാനും എൻ.എസ്.എസിനെ തൃപ്തിപ്പെടുത്താനും മൂന്നാമതായി കെ.സി വേണുഗോപാലിനെ കോൺഗ്രസ് ഹൈക്കമാൻ്റ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയർത്തിക്കാട്ടുമെന്ന് ജി സുകുമാരൻ നായർ കരുതുന്നുണ്ടാവും. എൻഎസ്എസിനെ തൃപ്തിപ്പെടുത്താൻ അല്ലെങ്കിൽ കൂടി അങ്ങനെ വരുത്തി അത് തൻ്റെ അക്കൗണ്ടിൽ ആക്കാനാണ് ജി സുകുമാരൻ നായർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വേല വേലായുധനോട് തന്നെ, പാവം രമേശ് ചെന്നിത്തല!

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.

G Sukumaran Nair is strategically positioning KC Venugopal for the CM role in Kerala, sidelining Ramesh Chennithala to gain power for his community.

#KeralaPolitics #KCVenugopal #G_Sukumaran_Nair #RameshChennithala #NSS #Congress

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia