SWISS-TOWER 24/07/2023

വനപാലകന്‍ വീടു കയറി മര്‍ദ്ദിച്ചു; നാട്ടുകാര്‍ ദേശീയ പാത ഉപരോധിച്ചു

 


ഇടുക്കി: (www.kvartha.com 22.07.2015) വനംവകുപ്പ് ഉദ്യോഗസ്ഥന്‍ യുവാവിനെയും കുടുംബത്തെയും വീട്ടില്‍ക്കയറി മര്‍ദ്ദിച്ചുവെന്നാരോപിച്ച് നാട്ടുകാര്‍ വനംവകുപ്പ് ചെക്‌പോസ്റ്റും കൊല്ലംതേനി ദേശീയപാതയും ഉപരോധിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. പെരിയാര്‍ കടുവാ സങ്കേതത്തിലെ ഡെപ്യൂട്ടി റെയിഞ്ചര്‍ അഖില്‍ബാവുവിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം.വനംവകുപ്പ് ചെക്‌പോസ്റ്റിനു സമീപം താമസിക്കുന്ന മുകേഷ്(30), ഭാര്യ ദീപ(25), മാതാവ് നളിനി(50) എന്നിവരെ മര്‍ദ്ദനമേറ്റ നിലയില്‍ കുമളി സര്‍ക്കാര്‍ ആശുപത്രിയിലും വനംവകുപ്പ ഉദ്യോഗസ്ഥനായ അഖില്‍ ബാബുവിനെ കുമളി പെരിയാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വാറണ്ടിന്റെ പേരില്‍ വീട്ടിലെത്തി തന്നെയും കുടുംബത്തെയും അഖില്‍ബാബു ആക്രമിക്കുകയായിരുന്നുവെന്നാണ് ആശുപത്രിയില്‍ കഴിയുന്ന മുകേഷ് പറയുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് ആദ്യം തേക്കടിയിലെ വനംവകുപ്പ് ചെക്‌പോസ്റ്റും രാത്രിയോടെ പോലിസ് സ്‌റ്റേഷനു മുമ്പില്‍ ദേശീയ പാതയും ഉപരോധിച്ചത്. അരമണിക്കൂറോളം ദേശീയ പാത ഉപരോധം നീണ്ടു നിന്നു. തുടര്‍ന്ന് കുമളി സി.ഐ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ആശുപത്രിയില്‍ കഴിയുന്നവരുടെ മൊഴി എടുത്ത ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥന്‍ കുറ്റക്കാരനാണെങ്കില്‍ ഇയാള്‍ക്കെതിരെ സ്ത്രീകളെ ഉള്‍പ്പെടെ ആക്രമിച്ചതിന്റെ പേരില്‍ കേസ്സെടുക്കുമെന്നും ഇതു സംബന്ധിച്ച് വകുപ്പ് തല നടപടിക്കായി ശുപാര്‍ശ ചെയ്യുമെന്നും പോലിസ് അറിയിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

എന്നാല്‍ വനംവകുപ്പിലെ മുന്‍ താല്‍ക്കാലിക ജീവനക്കരനാണ് മുകേഷെന്ന് വനംവകുപ്പ് ജീവനക്കാര്‍ പറയുന്നു. ഇയാള്‍ തേക്കടിയില്‍ അറ്റകുറ്റപ്പണികള്‍ക്കായി കരക്കു കയറ്റിയിട്ടുള്ള ബോട്ടില്‍ നിന്നും പതിനായിരക്കണക്കിന് രൂപയുടെ അലൂമിനിയം ഉള്‍പ്പെടെയുള്ളവ മോഷ്ടിച്ചതിനെ തുടര്‍ന്ന് ഒരു മാസത്തോളമായി മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നുവെന്നാണ് അഖില്‍ബാബു പറയുന്നത്. മദ്യപിച്ച ശേഷം ചെക്‌പോസ്റ്റിനു സമീപത്ത് വെച്ച് തന്നെ അസഭ്യം പറഞ്ഞുവെന്നും ഇത് ചോദ്യം ചെയ്യുകമാത്രമാണ് ചെയ്തതെന്നും അഖില്‍ബാബു പറയുന്നു.

വനപാലകന്‍ വീടു കയറി മര്‍ദ്ദിച്ചു; നാട്ടുകാര്‍ ദേശീയ പാത ഉപരോധിച്ചു


Keywords : Kerala, Idukki, Attack, Natives, Road, Forest Guard. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia