Injury | കണ്ണൂരില്‍ കവര്‍ചാ ശ്രമത്തിനിടെ മൂന്നംഗ കുടുംബത്തിന് പരുക്കേറ്റ സംഭവത്തില്‍ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി


ഞായറാഴ്ച പുലര്‍ചെ നാലുമണിയോടെയാണ് സംഭവം
മോഷ്ടാക്കള്‍ അകത്ത് കടന്നത് വീടിന്റെ പിറക് വശത്തെ ഗ്രില്‍സ് തകര്‍ത്ത്
മോഷ്ടാക്കളെ തുരത്തിയത് മകന്‍ അഖിന്‍
കണ്ണൂര്‍: (KVARTHA) കണ്ണൂരില്‍ കവര്‍ചാ സംഘത്തിന്റെ ആക്രമണത്തില്‍ ദമ്പതികള്‍ക്കും മകനും പരുക്കേറ്റ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കണ്ണൂര്‍ നഗരത്തിനടുത്ത ചാലാട് അമ്പലത്തിന് സമീപത്തെ കിഷോര്‍, ഭാര്യ ലിനി, മകന്‍ അഖിന്‍ എന്നിവരെയാണ് മൂന്നംഗ സംഘം ആക്രമിച്ച് കടന്നു കളഞ്ഞത്. മാല പൊട്ടിക്കാനുള്ള ശ്രമം ചെറുത്തപ്പോഴാണ് കുടുംബത്തിന് നേരെ ആക്രമണമുണ്ടായതെന്നാണ് വിവരം.
ഞായറാഴ്ച പുലര്‍ചെ നാലുമണിയോടെയാണ് സംഭവം. വീടിന്റെ പിറക് വശത്തെ ഗ്രില്‍സ് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ ലിനിയുടെ കഴുത്തില്‍ നിന്നും സ്വര്‍ണമാല തട്ടിയെടുക്കാനുള്ള ശ്രമത്തിനിടയില്‍ ലിനി ബഹളം വെച്ചപ്പോള്‍ മകന്‍ അഖിന്‍ എത്തുകയും മോഷ്ടാക്കളെ കസേര കൊണ്ട് അടിക്കുകയും ചെയ്തതോടെ അക്രമിസംഘം അഖിനെ വടി കൊണ്ട് അടിച്ച് രക്ഷപ്പെടുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ പരാതി.
അക്രമികളുടെ അടിയേറ്റ് അഖിന്റെ തോളിന് പരുക്കേറ്റിട്ടുണ്ട്. മൂന്നംഗ സംഘമാണ് മോഷണത്തിനെത്തിയതെന്ന് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. രണ്ടുപേര്‍ മുഖം മൂടിയൊന്നും ധരിക്കാതെ വീട്ടിനകത്ത് കയറുകയായിരുന്നുവെന്നും ഒരാള്‍ വീടിന് പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞു. ഇവര്‍ വാഹനത്തിലാണ് വന്നതെന്ന് സംശയിക്കുന്നതായും കുടുംബം അറിയിച്ചു.
ഭാഗ്യം കൊണ്ടാണ് കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്നും മകന്‍ സന്ദര്‍ഭോചിതമായി ഇടപെട്ടതാണ് തങ്ങള്‍ക്ക് കൂടുതല്‍ പരുക്കേല്‍ക്കാതിരിക്കാന്‍ ഇടയായതെന്നും ഇവര്‍ പറഞ്ഞു. വിവരം അറിഞ്ഞ് സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പ്രതികളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പൊലീസ് പറഞ്ഞു. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.