വിജിലന്‍സിന് തോല്‍പ്പിക്കാനാവില്ല മക്കളെ: മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കെ എം ഷാജി

 


ADVERTISEMENT


കണ്ണൂര്‍: (www.kvartha.com 27.05.2020) മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് ദുരിതാശ്വാസ ഫണ്ടിനെതിരെ ആദ്യം വെടി പൊട്ടിച്ച നേതാവാണ് കെ എം ഷാജി എംഎല്‍എ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണശരങ്ങളെ നിഷ്പ്രഭമാകുന്ന വിധത്തിലായിരുന്നു ഉഗ്രസ്‌ഫോടന ശേഷിയുള്ള ഷാജിയുടെ വിമര്‍ശന വെടിക്കെട്ട്. തൊട്ടുപിന്നാലെ ഷാജിക്കെതിരെ സ്വന്തം മണ്ഡലത്തിലെ ഒരു സ്‌കൂളിനായി ഹയര്‍ സെക്കന്‍ഡറി അനുവദിച്ച് തരാമെന്ന് വാഗ്ധാനം ചെയ്ത് 25 ലക്ഷം കോഴ വാങ്ങിയെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണവും തുടങ്ങി.

എന്നാല്‍ ഇതുകൊണ്ടെന്നും തന്റെ വിമര്‍ശന ശരങ്ങളുടെ ആവനാഴി ഒഴിഞ്ഞിട്ടില്ലെന്ന് തെളിയിക്കുകയാണ് ഷാജി. വിദേശത്ത് നിന്നും എത്തുന്ന പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവ് വഹിക്കണമെന്ന കേരള സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ വിമര്‍ശനവുമായി കെ എം ഷാജി എംഎല്‍എ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്.

വിജിലന്‍സിന് തോല്‍പ്പിക്കാനാവില്ല മക്കളെ: മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കെ എം ഷാജി

കെ എം ഷാജിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം:

പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവ് അവര്‍ വഹിക്കണം എന്നാണല്ലോ 'കേ മു' വക പുതിയ ഉത്തരവ്. കേട്ടാല്‍ തോന്നും ഇത് വരെ വന്നവര്‍ക്ക് ഫൈവ് സ്റ്റാര്‍ ഫുഡും സ്യൂട്ടും സൗജന്യമായി കൊടുത്ത് മുടിഞ്ഞതാണെന്ന്. മരബെഞ്ചില്‍ കിടക്കാനും കമ്യൂണിറ്റി കിച്ചണിലെ കഞ്ഞിയും പയറും കൊടുക്കാനും ഒരു രൂപ ഖജനാവില്‍ നിന്ന് ചെലവായിട്ടില്ല!

അല്ലെങ്കിലും കോവിഡ് ദുരിതത്തില്‍ നിങ്ങള്‍ക്ക് ചെലവെത്ര വരവെത്ര എന്നൊന്ന് പറയുന്നത് നല്ലതാ.
കമ്മ്യൂണിറ്റി കിച്ചണ്‍ നടത്തുന്നത് പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും സന്നദ്ധ സംഘടനകളും;
സി എച്ച് സെന്ററിന്റെയും ശിഹാബ് തങ്ങള്‍ ട്രസ്റ്റിന്റെയും മറ്റ് സേവന സംഘങ്ങളുടെയും ആംബുലന്‍സുകള്‍;
ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ പല സമുദായ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹായത്താല്‍;
മറ്റ് സംസ്ഥാനങ്ങളിലെ മലയാളികളെ നാട്ടിലെത്തിക്കാന്‍ കോണ്‍ഗ്രസ്സ്, കെ എം സി സി പോലുള്ള പ്രസ്ഥാനങ്ങളുടെ വക ബസ്സുകള്‍;
ഗള്‍ഫില്‍ നിന്നും തിരിച്ചു വരാന്‍ പ്രയാസമനുഭവിക്കുന്ന പാവം പ്രവാസികള്‍ക്ക് വിമാനം കയറാന്‍ കെ എം സി സി അടക്കമുള്ള മലയാളി സംഘടനകളുടെ വക ടിക്കറ്റ്. (സി പി എമ്മിനും ഡിഫിക്കും 'പിണറായി ഡാ' പോസ്റ്റര്‍ തയ്യാറക്കുന്നതിലുള്ള അദ്ധ്വാനം മറക്കുന്നില്ല.)

ഇങ്ങനെയൊക്കെ സ്വന്തം നാട്ടില്‍ വന്നിറങ്ങുന്ന പാവങ്ങള്‍ക്ക് ലെഫ്റ്റും റൈറ്റും പറയാന്‍ നിങ്ങള്‍ പട്ടാള കമാന്ററല്ല; ഒരു ജനാധിപത്യ സര്‍ക്കാറിന്റെ നേതൃത്വം വഹിക്കുന്ന മനുഷ്യനാണ്. ഈ മഹാമാരി കേരളത്തില്‍ ഉണ്ടായതല്ലല്ലോ; ചൈനയില്‍ നിന്ന് പുറപ്പെട്ട് ലോകത്ത് പരന്നതല്ലേ. അപ്പോള്‍ പ്രവാസികളായിരിക്കും ഇതിന്റെ ഇരകളെന്നും മനസ്സിലാവാഞ്ഞിട്ടല്ലല്ലോ..

കളി തുടങ്ങുമ്പോള്‍ തന്നെ വിജയാരവം മുഴക്കിയ പോരാളിമാരും തളര്‍ന്ന ഭാവത്തിലാണല്ലോ.. ഹാഫ് ടൈം ആയിട്ടില്ല; ഒന്ന് വിശ്രമിച്ച് നാരങ്ങാ വെള്ളമൊക്കെ കുടിച്ച് വരാനുള്ള നേരമുണ്ട്!

വൈകുന്നേരത്തെ വായ്ത്താരിക്ക് കൂട്ടിരിക്കാന്‍ വരുന്ന സഹകളിക്കാര്‍ പോലും കൈകളില്‍ താടിയും താങ്ങി ഇരിക്കുന്നത് കണ്ടാല്‍ ഉറപ്പാണു കാലുറക്കാതായീന്ന്.

ഏത് ദുരന്തങ്ങളെയും നന്മ വാരി വിതറി തോല്‍പിക്കുന്ന മലയാളിയുടെ പടക്ക് മുമ്പില്‍ വന്ന് ബാനറുയര്‍ത്തി ആളാവുന്ന വമ്പ് പഴയത് പോലെ ഫലിക്കുന്നില്ല, അല്ലേ..

പി ആര്‍ ടീം പറയുന്നതല്ല കേരളം എന്ന് 'ഇമേജ് ബില്‍ഡിങ്ങിനിടയില്‍' ഓര്‍ക്കുന്നത് നല്ലതാ..

പണ്ട് ഗള്‍ഫില്‍ വെച്ച് ആഞ്ഞു തള്ളിയ ആ വാഗ്ദാനമില്ലേ, ജോലി ഇല്ലാതെ വരുന്ന പ്രവാസികള്‍ക്കുള്ള ആ ആറു മാസത്തെ ശമ്പളം; അതില്‍ നിന്ന് ക്വാറന്റൈന്‍ ചെലവെടുത്ത് ബാക്കി വരുന്നത് 'കൊലപാതകികളെ ജയിലിന്നിറക്കാന്‍ എടുത്തോളൂ' എന്ന് പറഞ്ഞാല്‍ വിജിലന്‍സ് കേസുണ്ടാവോ ആവോ..

ഒരു കാര്യം ഉറപ്പാണ്; നിങ്ങള്‍ ചെലവ് വഹിച്ചില്ലെങ്കിലും പ്രവാസികള്‍ വരും.. അവര്‍ക്ക് കിടക്കാന്‍ ഒരു പായയും കഴിക്കാന്‍ അല്‍പം പൊതിച്ചോറും പട്ടിണി കിടന്നിട്ടാണെങ്കിലും കേരളത്തിലെ സുമനസ്സുകള്‍ കരുതിയിട്ടുണ്ട്.

ആ സഹായ സന്നദ്ധതയുടെ ഫോട്ടോകളെടുത്ത് 'ഇതിഹാസം തീര്‍ത്ത രാജാ' എന്ന ബി ജി എമ്മും ഇട്ട് സര്‍ക്കാരിന്റെ ചെലവിലാക്കാന്‍ ആ വഴിക്ക് വന്നാല്‍ ജനം ചൂലു കൊണ്ട് പെരുമാറും..


വിജിലന്‍സിന് തോല്‍പ്പിക്കാനാവില്ല മക്കളെ: മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കെ എം ഷാജി

Keywords:  Kannur, News, Kerala, Facebook, post, MLA, Chief Minister, KM Shaji, Facebook post of KM Shaji MLA
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia