SWISS-TOWER 24/07/2023

ആരും അറിയില്ല പി പി ഇ കിറ്റിനുള്ളിലെ നീറും സങ്കടങ്ങള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കണ്ണൂര്‍: (www.kvartha.com 16.04.2020) പി പി ഇ കിറ്റ് ധരിക്കുന്ന തങ്ങളെ കുറിച്ച് മറ്റുള്ളവര്‍ എന്താണ് വിചാരിക്കുന്നത് എന്നതിന്റെ നേര്‍കാഴ്ചയാണ് തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ഈ ഡോക്ടര്‍ക്ക് പറയാനുള്ളത്. പല രോഗികളും തങ്ങള്‍ ഈ കിറ്റണിയുന്നത് ഏറ്റവും സുഖകരമായ ഏര്‍പ്പാടായാണ് കണക്കാക്കുന്നത്. എന്നാല്‍ തമാശക്കാണെങ്കില്‍ പോലും അങ്ങനൊന്നും പറയല്ലെ സാറെയെന്ന് സുരാജ് വെഞ്ഞാറമൂട് ഒരു ചിത്രത്തില്‍ ദയനീയമായി പറയുന്ന ഡയലോഗാണ് തനിക്ക് ഇവരോട് പറയാനുള്ളതെന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഇ എന്‍ ടി ഡോക്ടര്‍ അഞ്ജു അരൂഷ് പറയുന്നു

പി പി ഇ കിറ്റുമായി ബന്ധപ്പെട്ട് തന്റെ അനുഭവം ഡോക്ടര്‍ ഇങ്ങനെയാണ് വിവരിക്കുന്നത്. പി പി ഇ കിറ്റും ധരിച്ച് ഡ്യൂട്ടിക്കെത്തിയ ഡോക്ടറോട് തമാശ രൂപത്തില്‍ രോഗിയായ ഒരാള്‍ ചോദിച്ചു; നിങ്ങള്‍ ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കുമൊക്കെ എന്താ... കണ്ണടയും മാസ്‌കും വെള്ളക്കുപ്പായവുമൊക്കെ ധരിച്ച് ഫുള്‍ സുരക്ഷയിലല്ലേ രോഗികള്‍ക്കടുത്തേക്ക് വരുന്നെ..? ഇതു കേട്ടപ്പോഴാണ് സുരാജിന്റെ ഡയലോഗ് ഡോക്ടറുടെ മനസ്സിലേക്ക് ഓടിയെത്തിയത്.

ആരും അറിയില്ല പി പി ഇ കിറ്റിനുള്ളിലെ നീറും സങ്കടങ്ങള്‍

കാരണം ഈ അഭിപ്രായപ്രകടനം അത്രമേല്‍ ആഴത്തില്‍ ഡോക്ടറെ വേദനിപ്പിച്ചിരുന്നു. പുറമെ നിന്ന് കാണുന്ന വെള്ള സുരക്ഷാ വസ്ത്രത്തിനുള്ളില്‍ ഇവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ അത്രമേല്‍ കഠിനമാണ്. അര മണിക്കൂറോളം സമയമെടുത്താണ് പി പി ഇ (പേഴ്‌സണല്‍ പ്രൊട്ടക്റ്റീവ് എക്വിപ്‌മെന്റ്) കിറ്റിനുള്ളിലേക്ക് ഒരോ ആരോഗ്യ പ്രവര്‍ത്തകരും ഇറങ്ങുന്നത്. ഈ ഉടുപ്പിന് അകത്ത് ഇറങ്ങി കുറച്ചു കഴിയുമ്പോള്‍ ഒരു അടച്ച മുറിക്കുള്ളില്‍ കുടുങ്ങിയതു പോലെ തോന്നും. പിന്നെ ചെറുതായി ചൂട് അറിയാന്‍ തുടങ്ങും. പിന്നെ വിയര്‍ക്കും. ധരിച്ച ഡ്രസ്സ് ഒക്കെ ദേഹത്ത് ഒട്ടിപ്പിടിക്കാന്‍ തുടങ്ങും.

വിയര്‍പ്പ് കണങ്ങള്‍ മുഖത്തും നെറ്റിയിലും ഉരുണ്ടു കൂടി കണ്ണിന് മുകളിലൂടെ ഒഴുകാന്‍ തുടങ്ങും. മാസ്‌ക് വെച്ചിരിക്കുന്ന മൂക്കിനും വായക്കു ചുറ്റിലും വിയര്‍ക്കും. ശ്വാസം കിട്ടാത്ത പോലെ തോന്നും. വിയര്‍പ്പ് കാലിലൂടെ ഒലിച്ചിറങ്ങുമ്പോള്‍ ചൊറിയാന്‍ തുടങ്ങും. ഇതൊക്കെ പറിച്ചു കളയാന്‍ തോന്നും. തൊണ്ട വരളും. പക്ഷെ ഇത് അഴിക്കുന്നതു വരെ ഒരു തുള്ളി വെള്ളം പോലും കുടിക്കാനാവില്ല. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കണമെങ്കില്‍ പോലും കിറ്റില്‍ നിന്ന് പുറത്തുകടക്കണം. ഇങ്ങനെ നാലോ അഞ്ചോ മണിക്കൂര്‍ നേരം വീര്‍പ്പുമുട്ടിയാണ് ഈ ചൂടന്‍ സുരക്ഷാ വസ്ത്രത്തില്‍ കഴിച്ചുകൂട്ടുന്നതെന്നും ഡോക്ടര്‍ കുറിക്കുന്നു.

ആരും അറിയില്ല പി പി ഇ കിറ്റിനുള്ളിലെ നീറും സങ്കടങ്ങള്‍

ഇത് അഞ്ജു ഡോക്ടറുടെ മാത്രം കഥയല്ല. കോവിഡുമായുള്ള പോരാട്ടത്തില്‍ നേര്‍ക്കുനേര്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകരും അനുഭവിക്കുന്ന കാര്യങ്ങളാണിത്. തങ്ങള്‍ക്കു മുന്നിലെത്തുന്ന ഒരോ ജീവനും രക്ഷിച്ചെടുക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലപ്പുറം ബുദ്ധിമുട്ടുകളെയാണ് ഇവര്‍ തരണം ചെയ്യുന്നതെന്ന് ഡോക്ടറുടെ കുറിപ്പിലൂടെ വ്യക്തമാകുന്നു.

 

Keywords:  Kannur, News, Kerala, Facebook, post, Doctor, Hospital, Anju Aroosh, PPE kit, Patients, Facebook post of Anju Aroosh
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia