Exploitation | പൂജാരി ചമഞ്ഞ് ബാലികയെ പീഡിപ്പിച്ച കേസ്: പ്രതികൾക്ക് കഠിന തടവും പിഴയും
● പ്രതി വിനോദിന് 40 വർഷം കഠിന തടവ്.
● രണ്ടാം പ്രതി വിദ്യയ്ക്ക് 23 വർഷം തടവ്.
● പാലക്കാട് പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
പാലക്കാട്: (KVARTHA) അസുഖം മാറ്റാമെന്ന് വിശ്വസിപ്പിച്ച് ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി. വിനോദ് (42), വിദ്യ (37) എന്നിവരെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്.
ഒന്നാം പ്രതി വിനോദിന് വിവിധ വകുപ്പുകൾ പ്രകാരം 40 വർഷം കഠിന തടവും 1,30,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും മൂന്ന് മാസവും അധിക തടവ് അനുഭവിക്കണം. രണ്ടാം പ്രതി വിദ്യയ്ക്ക് 23 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷൻ വാദം ഇപ്രകാരമായിരുന്നു: ഒന്നാം പ്രതി വിനോദ് അതിജീവിതയുടെ വീട്ടിലും ബന്ധുവീട്ടിലും പൂജാരിയായി വേഷമിട്ട് അസുഖം മാറ്റാമെന്ന് വിശ്വസിപ്പിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചു. രണ്ടാം പ്രതി വിദ്യ ഇതിന് ഒത്താശ ചെയ്തു.
ആലത്തൂർ സബ് ഇൻസ്പെക്ടർ ആയിരുന്ന എം.ആർ. അരുൺകുമാർ രജിസ്റ്റർ ചെയ്ത കേസ്, ഇൻസ്പെക്ടർമാരായ ടി.എൻ. ഉണ്ണികൃഷ്ണൻ, രജീഷ്.ആർ എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. അന്വേഷണത്തിൽ സബ് ഇൻസ്പെക്ടർ താജുദ്ദീൻ, എ.എസ്.ഐ. സുലേഖ, വത്സൻ എന്നിവർ സഹായിച്ചു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ ടി. ശോഭന, സി. രമിക എന്നിവർ ഹാജരായി. ലൈസൻ ഓഫീസർ എ.എസ്.ഐ. സതി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പിഴത്തുക കൂടാതെ അതിജീവിതയ്ക്ക് അധിക ധനസഹായത്തിനും കോടതി ഉത്തരവിട്ടു.
#ChildAbuse #POCSO #KeralaCrime #CourtVerdict #JusticeServed #Palakkad