തൊഴിലാളി സമരം; മൂന്നാറില്‍ വ്യാപക സംഘര്‍ഷം

 


ഇടുക്കി: (www.kvartha.com 07.08.2015) ബോണസ് വര്‍ധനവ് ആവശ്യപ്പെട്ട് ട്രേഡ് യൂണിയനുകളെ ഒഴിവാക്കി തോട്ടം തൊഴിലാളികള്‍ മൂന്നാറില്‍ നടത്തുന്ന സമരം ഇന്നലെ കൂടുതല്‍ അക്രമാസക്തമായി. ഐ.എന്‍.ടി.യു.സി ഓഫീസ് അടിച്ചു തകര്‍ത്ത 5000ത്തോളം വരുന്ന സ്ത്രീകളടങ്ങുന്ന സംഘം ബി.എം.എസ് പ്രകടനത്തെ ആക്രമിച്ചു. ജി്‌ലാ പ്രസിഡന്റടക്കം നാലു പേര്‍ക്ക് പരിക്കേറ്റു. ഫോറസ്റ്റ് ഐ.ബിക്ക് നേരെയും ആക്രമണമുണ്ടായി.ഐ.ബി ജീവനക്കാരനും പരിക്കുണ്ട്. ബി.ജെ.പി ഇന്ന് ജില്ലാ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

ദേവികുളം ആര്‍.ഡി.ഒയുടെ ചുമതലയുളള ഡെപ്യൂട്ടി കലക്ടര്‍ പി.രാജീവിനെയും ടാറ്റാ ടീയുടെ കെ.ഡി.എച്ച്.പി കമ്പനി മാനേജിംഗ് ഡയറക്ടര്‍ മാത്യു എബ്രാഹമിനെയും ആറു മണിക്കൂര്‍ ബന്ദിയാക്കി. കൊച്ചിധനുഷ്‌കോടി ദേശീയ പാത അടക്കം ഉപരോധിച്ചതിനെ തുടര്‍ന്ന് മൂന്നാര്‍ ഒറ്റപ്പെട്ടു. വനിതകളെ മുന്‍ നിര്‍ത്തി നടത്തുന്ന സമരത്തെ വനിതാ പോലീസ് കുറവായതിനാല്‍ നേരിടാന്‍ പോലീസിന് കഴിഞ്ഞില്ല. വൈകിട്ട് സമരക്കാര്‍ പിരിഞ്ഞു പോയതോടെയാണ് ഒരു പകല്‍ നീണ്ട സംഘര്‍ഷാവസ്ഥക്ക് അയവുവന്നത്. ബി.എം.എസ് ജില്ലാ പ്രസിഡന്റിനെതിരെ നടന്ന വധ ശ്രമത്തില്‍ പ്രതിഷേധിച്ചും യൂണിയന്‍ നേതാക്കളുടെ വഞ്ചനക്ക് എതിരെ സമരം ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമാണ്  ബി.ജെ.പി ഹര്‍ത്താല്‍. ജില്ലാ പോലീസ് മേധാവി കെ.വി ജോസഫിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നു.

കേരളത്തിലെ ട്രേഡ യൂണിയന്‍ ശക്തി കേന്ദ്രമായ മൂന്നാറില്‍ യൂണിയനുകള്‍ക്കെതിരെ പൊടുന്നനെ ഉയര്‍ന്നു വന്ന തൊഴിലാളി വികാരത്തിന് പിന്നില്‍ ചില തമിഴ്‌സംഘടനകളുടെ ഇടപെടല്‍ സംശയിക്കുന്നുണ്ട്. തമിഴ വികാരം ആളിക്കത്തിച്ചുളള പ്രവര്‍ത്തനങ്ങള്‍ നാളുകളായി തോട്ടം മേഖലയില്‍ നടന്നുവന്നതിന്റെ പ്രതിഫലനമാണ് രണ്ടു ദിവസമായി നടന്നു വരുന്ന സംഭവങ്ങളെന്ന് രഹസ്യാന്വേഷണ വിഭാഗം ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

10 ശതമാനം ബോണസാണ് ഇത്തവണ കമ്പനി പ്രഖ്യാപിച്ചത്. 20 ശതമാനം ലഭിക്കാതെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്ന നിലപാടിലാണ് തൊഴിലാളികള്‍. കഴിഞ്ഞ വര്‍ഷം ഇത് 17 ശതമാനമായിരുന്നു.ഇന്നലെ രാവിലെ ഡെപ്യൂട്ടി കലക്ടര്‍ പി.രാജീവിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചര്‍ച്ച അലസി. ഇതോടെയാണ് ക.ഡി.എച്ച്.പി കമ്പനി മാനേജിംഗ് ഡയറക്ടറെ തൊഴിലാളികള്‍ ബന്ദിയാക്കിയത്. പിന്നീട് ഐ.എന്‍.ടി.യു.സി ഓഫീസും ഐ.ബിയും ആക്രമിച്ചു. ഇതിനിടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്ന ബി.എം.എസ് പ്രകടനക്കാരെ അവര്‍ തുരത്തിയോടിച്ചു. ജില്ലാ പ്രസിഡന്റ് രവീന്ദ്രന്‍, ബി.ജെ.പി ജില്ലാ നേതാക്കളായ സോജന്‍ ജോസഫ്, മുത്തുകുമാര്‍ വി.എന്‍ സുരേഷ് എന്നിവരെ പരിക്കുകളോടെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഐ.ബി ജീവനക്കാരന്‍ സന്തോഷിനും പരിക്കേറ്റിട്ടുണ്ട്. കൊളുന്തുമായി വന്ന പിക്കപ്പ വാന്‍ തടഞ്ഞ് കൊളുന്ത് നശിപ്പിച്ചു. ഉച്ചയോടെ കനത്ത മഴ പെയ്തപ്പോഴാണ് സംഘര്‍ഷം അയഞ്ഞു തുടങ്ങിയത്. ജില്ലയിലെ എല്ലാ സ്‌റ്റേഷനുകളില്‍ നിന്നും വനിതാ പോലീസുകാരെ മൂന്നാറില്‍ എത്തിച്ചു. മലയാളം മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണ ഭീഷണിയുണ്ടാകുന്നുണ്ട്.

ഒരു വ്യവസ്ഥാപിത നേതൃത്വം സമരത്തിന് ഇല്ലാത്തതിനാല്‍ ആരുമായി ചര്‍ച്ച നടത്തണമെന്ന് അറിയാത്ത സ്ഥിതിയിലാണ് അധികൃതര്‍. ഇന്ന് രാവിലെ എട്ടു മണിക്ക് സമരം വീണ്ടും ആരംഭിക്കുമെന്ന് തൊഴിലാളികള്‍ അറിയിച്ചിട്ടുണ്ട്. വീണ്ടും അക്രമത്തിന് സാധ്യതയുളളതിനാല്‍ പോലീസ് കനത്ത ജാഗ്രതയിലാണ്.

തൊഴിലാളി സമരം; മൂന്നാറില്‍ വ്യാപക സംഘര്‍ഷം

Keywords : Idukki, Strike, Munnar, Idukki, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia