Promise | അര്‍ജുന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് ഈശ്വര്‍ മാല്‍പെ; മൃതദേഹമെങ്കിലും വീട്ടില്‍ എത്തിക്കുമെന്ന് അമ്മയ്ക്ക് വാക്ക് നല്‍കി
കോഴിക്കോട്: (KVARTHA) കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ വീട്ടിലെത്തി തിരച്ചിലിന് നേതൃത്വം നല്‍കുന്ന ഈശ്വര്‍ മാല്‍പെ. ഉച്ചയോടെയാണ് ഈശ്വര്‍ മാല്‍പെ കണ്ണാടിക്കലിലെ വീട്ടിലെത്തിയത്. അര്‍ജുന്റെ വീട്ടിലെത്തിയത് കുടുംബത്തെ സമാധാനിപ്പിക്കാനാണെന്ന് പറഞ്ഞ ഈശ്വര്‍ മാല്‍പെ തിരച്ചില്‍ നടത്തുമ്പോള്‍ വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നുവെന്നും വെളിപ്പെടുത്തി. വെള്ളത്തില്‍ കാണാതാകുന്നവര്‍ക്കായി തിരച്ചില്‍ നടത്തുന്ന സന്നദ്ധ പ്രവര്‍ത്തകനാണ് കര്‍ണാടക സ്വദേശിയായ ഈശ്വര്‍ മാല്‍പെ.
ഈശ്വര്‍ മാല്‍പെയോട് മകനെ കണ്ടെത്തില്ലേ എന്നായിരുന്നു അമ്മയുടെ ചോദ്യം. കാണാതായി ഒരുമാസമായ ഈ വേളയില്‍ അര്‍ജുന്റെ മൃതദേഹമെങ്കിലും വീട്ടില്‍ എത്തിക്കുമെന്ന് അമ്മയ്ക്ക് വാക്ക് നല്‍കിയിരുന്നു. ഞങ്ങളുടെ സംഘത്തില്‍ പത്ത് പേരുണ്ട്. അര്‍ജുനെ കണ്ടെത്തുക എന്നത് ഞങ്ങള്‍ പ്രതിജ്ഞയാക്കി എടുത്തിരിക്കുകയാണെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞു.
കുടുംബം പോറ്റാന്‍ 20-ാമത്തെ വയസ്സില്‍ വളയം പിടിച്ച അര്‍ജുന്‍ അനിയത്തിയുടെ വിവാഹ നിശ്ചയം നടത്തണം, മകനെ മൂകാംബികയില്‍ എഴുത്തിനിരുത്തണം തുടങ്ങി ഒരുപാട് സ്വപ്നങ്ങളുമായാണ് അവസാനം വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന് വീട്ടുകാര്‍ പറയുന്നു. സ്വപ്നങ്ങള്‍ക്ക് മേല്‍ അന്ന് ഒലിച്ചിറങ്ങിയ മണ്ണിനടിയിലെവിടോ മകനുണ്ടെന്ന് ഓര്‍ക്കുമ്പോള്‍ അമ്മയുടെ ഉള്ള് പിടയുന്നുണ്ട്. ആ അമ്മയ്ക്കും കുടുംബത്തിനും അര്‍ജുനെ കണ്ടെത്തുമെന്ന് വാക്കുനല്‍കിയാണ് മാല്‍പെയുടെ മടക്കം.
തിരച്ചില്‍ നടത്തുമ്പോള്‍ അനുമതി നേടുന്നതിനാണ് ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിട്ടതെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞു. ഒരു ദിവസം വെള്ളത്തില്‍ ഇറങ്ങാന്‍ അനുവദിച്ചാല്‍ അടുത്ത രണ്ട് ദിവസം അനുമതി നിഷേധിക്കും. മണ്ണിടിച്ചിലില്‍പ്പെട്ട എട്ട് പേരുടെ മൃതദേഹം കിട്ടി. മൂന്ന് പേരെ ഇനിയും കിട്ടാനുണ്ട്. അര്‍ജുന്റെ വണ്ടിയുടെ ജാക്കിയും കയറും മാത്രമാണ് കണ്ടെടുക്കാനായത്. കയറ് കിട്ടിയ സ്ഥലത്ത് ഒരുപാട് മണ്ണ് നീക്കം ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡ്രജിങ് മെഷിന്‍ കൊണ്ടുവന്ന് മണ്ണ് നീക്കാനുള്ള ശ്രമമാണ് ഇനി നടക്കേണ്ടത്. അഞ്ച് ദിവസമെങ്കിലും ഡ്രജിങ് നടത്തേണ്ടി വരും. 30 അടിയില്‍ മണ്ണ് അടിഞ്ഞിട്ടുണ്ട്. ഡ്രജര്‍ എത്തിക്കാനുള്ള ഫണ്ട് ഇല്ലാത്ത രീതിയിലാണ് കര്‍ണാടക സര്‍കാരിന്റെ നിലപാട്. കേരള സര്‍കാരും വിഷയത്തില്‍ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കോട്ടയ്ക്കലില്‍ നിന്നും ടൈലുമായി മൈസൂരിലേക്കു പോയ അര്‍ജുന്‍ ജൂലായ് 15-നാണ് ബെല്‍ഗാമില്‍ നിന്നും തടിയുമായി എടവണ്ണയിലേക്ക് തിരിച്ചത്. 16-ന് രാവിലെ ഷിരൂരില്‍ ഗംഗാവാലിപ്പുഴയ്ക്ക് സമീപം വണ്ടി നിര്‍ത്തി വിശ്രമിക്കുന്നതിനിടെ മണ്ണിടിച്ചിലില്‍ പെട്ടു.
അര്‍ജുനെ കാണാതായ വിവരം കേരളത്തിലെ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതോടെയാണ് ഇഴഞ്ഞു നീങ്ങിയ തിരിച്ചില്‍ വേഗത്തിലായത്. മണ്ണ് നീക്കിയിട്ടും ലോറി കണ്ടെത്താനായതോടെ തിരച്ചില്‍ പിന്നീട് ഗംഗാവലിപുഴയിലേക്ക് മാറ്റി.
ശക്തമായ മഴ കാരണം പുഴയിലെ അടിയൊഴുക്ക് വര്‍ധിച്ചു. ഇതുകാരണം നേവിക്കും ഈശ്വര്‍ മാല്‍പെയ്ക്കും വെള്ളത്തില്‍ മുങ്ങി തിരച്ചില്‍ നടത്താനായില്ല. തുടര്‍ന്ന് തിരച്ചില്‍ നിര്‍ത്തിവെച്ചുവെങ്കിലും വീണ്ടും ആരംഭിച്ചു. അന്നു മുതല്‍ അര്‍ജുനെക്കുറിച്ച് എന്തെങ്കിലും സൂചന കിട്ടും എന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ഇപ്പോള്‍ വീണ്ടും അനിശ്ചിതത്വം ഉടലെടുത്തെങ്കിലും മാല്‍പയുടെ ഉറപ്പിന്റെ പ്രതീക്ഷയിലാണ് ഇവര്‍ കഴിയുന്നത്.
#ArjunRescue, #KarnatakaLandslide, #EeshwarMalpe, #FamilyReassurance, #KeralaNews, #Tragedy