SWISS-TOWER 24/07/2023

'നഴ്‌സിംഗ് സമരത്തില്‍ കേസെടുക്കേണ്ടത് മന്ത്രി ഷിബു ബേബി ജോണിന്റെ പേരില്‍'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

'നഴ്‌സിംഗ് സമരത്തില്‍ കേസെടുക്കേണ്ടത് മന്ത്രി ഷിബു ബേബി ജോണിന്റെ പേരില്‍'
കൊച്ചി: കോതമംഗലം മാര്‍ ബസേലിയോസ് ഹോസ്പിറ്റലിലെ നഴ്‌സുമാരുടെ സമരത്തില്‍ കേസെടുക്കേണ്ടത് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്റേയും ആശുപത്രി സെക്രട്ടറി ഷിബു കുര്യാക്കോസിന്റെയും പേരിലാണെന്ന്‌ ക്രൈം മാഗസിന്‍ എഡിറ്റര്‍ നന്ദകുമാര്‍. നഴ്സിംഗ് സമരത്തെ തുടര്‍ന്ന് ഇരുന്നൂറോളം വരുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടേയും സമരസഹായസമിതിക്കാരുടേയും പേരില്‍ പോലീസ് കേസെടുത്ത് അറസ്റ്റ് തുടങ്ങിയ സാഹചര്യത്തിലാണ്‌ നന്ദകുമാര്‍ ഭരണകര്‍ത്താക്കള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

കോതമംഗലം മാര്‍ ബസേലിയോസ്‌ ഹോസ്‌പിറ്റല്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച ക്രൈം ചീഫ്‌ എഡിറ്റര്‍ നന്ദകുമാര്‍ നടത്തിയ പത്രവാര്‍ത്ത വിശദീകരണകുറിപ്പാണ്‌ ചുവടെ ചേര്‍ത്തിരിക്കുന്നത്.

കോതമംഗലം മാര്‍ ബസേലിയോസ് ഹോസ്പിറ്റലിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ സമരത്തെ തുടര്‍ന്ന് ഇരുന്നൂറോളംവരുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടേയും സമരസഹായസമിതിക്കാരുടേയും പേരില്‍ പോലീസ് കേസെടുത്ത് അറസ്റ്റ് തുടങ്ങിയിരിക്കുകയാണ്.

എന്നാല്‍, ഈ സമരത്തിന് കാരണക്കാരനായ ആശുപത്രി സെക്രട്ടറി ഷിബു കുര്യാക്കോസും, 115-ഓളം ദിവസം അവിടേയ്ക്ക് തിരിഞ്ഞുനോക്കാത്ത തൊഴില്‍മന്ത്രി ഷിബു ബേബി ജോണിന്റേയും പേരിലാണ് ജാമ്യം കിട്ടാത്ത വകുപ്പില്‍ കേസെടുക്കേണ്ടത്. മാത്രമല്ല, അവിടെയുണ്ടായ നഷ്ടങ്ങള്‍ ഇവരില്‍നിന്നുമാണ് ഈടാക്കേണ്ടത്.

നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ സമരത്തിന് കാരണം, 2012 മാര്‍ച്ച് അഞ്ചിന് ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ മാനേജ്‌മെന്റും നഴ്‌സിംഗ് സംഘടനയായ ഐ.എന്‍.എയും ചേര്‍ന്ന് ഉണ്ടാക്കിയ കരാര്‍ മാനേജ്‌മെന്റ് ലംഘിച്ചതാണ്. എന്നാല്‍ തൊഴില്‍ വകുപ്പുണ്ടാക്കിയ ലംഘിക്കപ്പെട്ടപ്പോള്‍ അതിനെതിരെ നടപടിയെടുക്കേണ്ട ഷിബു ബേബി ജോണ്‍, ആ പ്രദേശത്തേയ്ക്ക് തിരിഞ്ഞുനോക്കിയിരുന്നില്ല. പലരും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു. സി.ഐ.ടി.യു നേതാവായ ചന്ദ്രന്‍പിള്ള നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു.

ന്യൂസ് റിപ്പോര്‍ട്ടര്‍ പത്രത്തില്‍ സമരത്തെക്കുറിച്ച് നിരന്തരമായി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് ഇതിനിടയില്‍ ഷിബു കുര്യാക്കോസ് ന്യൂസ് റിപ്പോര്‍ട്ടര്‍“ചീഫ് എഡിറ്ററായ എന്നെ ബന്ധപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒത്തു തീര്‍പ്പ് ചര്‍ച്ചയ്ക്കായി ഞാന്‍ എത്തുന്നത്. ഈ കാര്യം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും അറിയിക്കുകയും അവര്‍ ഈ കാര്യത്തില്‍ പൂര്‍ണ പിന്തുണ നല്‍കുകയും സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിനെ ചര്‍ച്ചകള്‍ക്കായി അയക്കുകയും ചെയതു. ആറു തവണ ഇരുഭാഗത്തെയും വിളിച്ച് ചര്‍ച്ച നടത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ എല്ലാ കാര്യങ്ങളിലും മാനേജ്‌മെന്റിനെയും സമരക്കാരെയും തമ്മില്‍ ഒത്തു തീര്‍പ്പില്‍ എത്തിച്ചു. എന്നാല്‍, രണ്ടാമത്തെ ഷിഫ്റ്റിന്റെ കാര്യത്തില്‍ മാത്രം ചെറിയ അഭിപ്രായ വ്യത്യാസം നിലനില്‍ക്കെ മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച ഷിബു കുര്യാക്കോസ് റഷ്യയിലേയ്ക്ക് പോകുകയും തനിക്ക് യാതൊരു അധികാരവുമില്ലെന്നും സഭയാണ് തീരുമാനിക്കേണ്ടതെന്നും, പറഞ്ഞ് ഒഴിയുകയും ചെയ്തു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടപ്പോള്‍ തൊഴില്‍ വകുപ്പുമന്ത്രി ഷിബു ബേബി ജോണുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ അദ്ദേഹം ഫോണ്‍ പോലും അറ്റന്റ് ചെയ്തില്ല. ഇതിനിടയിലാണ് എല്ലാവരും കൈവിട്ടു എന്ന നിരാശ വന്നതോടെ 115 ദിവസം സമരം നടത്തി യാതൊരു ഫലപ്രാപ്തിയുമില്ലാത്തതിന്റെ പേരില്‍ മൂന്ന് നഴ്‌സുമാര്‍ ഹോസ്പിറ്റല്‍ ബില്‍ഡിങ്ങില്‍ കയറി ആത്മഹത്യയ്ക്ക് ഒരുങ്ങിയത്.

ഈ സംഭവത്തില്‍ വാര്‍ത്ത പുറത്തുവന്നതോടെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായി ബന്ധപ്പെട്ടു. മദ്ധ്യസ്ഥനായി പ്രവര്‍ത്തിച്ച എന്നോട് സംഭവസ്ഥലത്തുചെന്ന് എങ്ങനെയെങ്കിലും സമരം ഒത്തുതീര്‍പ്പാക്കാന്‍ ആവശ്യപ്പെട്ടു. കോതമംഗലത്ത് എത്തിയ ഉടനെ ഹോസ്പിറ്റല്‍ സെക്രട്ടറി ഷിബു കുര്യാക്കോസുമായും, സഭാ സെക്രട്ടറി തമ്പു ജോര്‍ജുമായും ബന്ധപ്പെട്ടപ്പോള്‍, അവര്‍ കൈമലര്‍ത്തുകയാണ് ചെയ്തത്. തുടര്‍ന്ന് അവിടെയെത്തി സമരക്കാരുമായും മൂവാറ്റുപുഴ ആര്‍.ഡി.ഒയും ലേബര്‍ കമ്മീഷണറുമായും സംഭവസ്ഥലത്ത് എന്നെ എത്തിച്ചു. മുഖ്യമന്ത്രി കൊല്ലത്തുള്ള ഷിബു ബേബി ജോണിനെ ഉത്തരവാദപ്പെടുത്തിയതായി അറിയിച്ചു. എന്നാല്‍, ഷിബു ബേബി ജോണുമായി ബന്ധപ്പെട്ടപ്പോള്‍ താന്‍ ബാംഗ്ലൂരിലേയ്ക്ക് പോകുകയാണെന്നും, 21-ാംതീയതി മടങ്ങിവന്നശേഷം മാത്രമേ ചര്‍ച്ചയ്ക്ക് തയ്യാറാകാന്‍ പറ്റുകയുള്ളൂവെന്നും അറിയിച്ചു. മൂന്നു കുട്ടികള്‍ മരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഘട്ടത്തില്‍, നാടും നഗരവും ഇളകിമറിയുമ്പോള്‍ സുഖവാസത്തിന് ബാംഗ്ലൂരിലേയ്ക്ക് പോയ തൊഴില്‍മന്ത്രിയുടെ ഇത്തരത്തിലുള്ള ധാര്‍ഷ്ട്യംനിറഞ്ഞ സമീപത്തെ ഞാന്‍ ചോദ്യം ചെയ്തത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല.

സമരക്കാരുമായും ആര്‍.ഡി.ഒയുമായും ഏകദേശം എട്ടുമണിക്കൂറോളം സമയം സംസാരിച്ചാണ് അവസാനം ഒത്തു തീര്‍പ്പുണ്ടാക്കിയത്. മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ആരും വരാത്തതിനാല്‍ നേരത്തെ സമരക്കാരുമായും ഹോസ്പിറ്റലുമായും ഉണ്ടാക്കിയ മിനിട്‌സ് പ്രകാരമുള്ള ധാരണകള്‍, കളക്ടറുമായി സംസാരിച്ച് ആര്‍.ഡി.ഒ ഉത്തരവിറക്കിയതോടെയാണ് സമരം അവസാനിപ്പിച്ച് താഴെയിറങ്ങാന്‍ മൂന്നു പെണ്‍കുട്ടികളും തയ്യാറായത്. അപ്പോള്‍ മുതല്‍ ജോലിയില്‍ പ്രവേശിക്കാന്‍ യാതൊരു തടസ്സവുമില്ലെന്ന് ആര്‍.ഡി.ഒ ഉറപ്പുനല്‍കി. എന്നാല്‍ ഹോസ്പിറ്റല്‍ അധികൃതര്‍ രജിസ്റ്റര്‍ ബുക്കില്‍ ഒപ്പിടാന്‍ സമ്മതിക്കാത്തതോടെയാണ് വീണ്ടും സമരം തുടര്‍ന്നത്.

പിറ്റേദിവസം തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ നടക്കുന്ന കേസിന്റെ ആവശ്യത്തിന് സമരനേതാക്കളുടെ അറിവോടെ കോതമംഗലത്തുനിന്നും തിരുവനന്തപുരത്തേയ്ക്ക് പോയതെങ്കിലും അവിടെ ചെന്നും സമരം തീരുന്നതുവരെ ഞാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കാത്തിരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സംഭവ സ്ഥലത്തെത്തിയ ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി.ജോര്‍ജ് ഏകദേശം ഏഴുമണിയോടെ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ഒപ്പിട്ടു എന്ന് മുഖ്യമന്ത്രിയെ അറിയിച്ചതോടെയാണ് ഞാന്‍ തിരുവനന്തപുരത്തുനിന്ന് മടങ്ങിയത്.

എന്നാല്‍, ഇതിനിടെ, തൊഴില്‍മന്ത്രി ഷിബു ബേബി ജോണിന്റെ അഭ്യര്‍ത്ഥനപ്രകാരം പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ സംഭവസ്ഥലത്ത് എത്തുന്ന വിവരമറിഞ്ഞ് അദ്ദേഹവുംകൂടി എത്തിയശേഷം അദ്ദേഹത്തിന്റെ അഭിപ്രായംകൂടി ഉള്‍പ്പെടുത്തി ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. ഇങ്ങനെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുപോലെ പരിശ്രമിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ സമരം അവസാനിച്ചത്.

ആലുവയില്‍ തുടര്‍ന്നുനടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് എന്നെ നിര്‍ബന്ധിച്ച് വരുത്തിച്ചത് ഐ.എന്‍.എ നേതാക്കന്മാരാണ്. എന്നാല്‍, ബാംഗ്ലൂരില്‍ സുഖവാസത്തിനുപോയതിനെ ചോദ്യംചെയ്തതിന്റെ പേരിലുള്ള വിദ്വേഷം കാരണം തൊഴില്‍മന്ത്രി ഷിബു ബേബിജോണാണ് എന്നെ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍നിന്ന് ഒഴിവാക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞത്.

എന്നാല്‍, ഞാന്‍ ആലുവയില്‍ എത്തിയത് ദുരൂഹമാണെന്ന ഒരു കെട്ടുകഥയുണ്ടാക്കാനാണ്, ലാവ്‌ലിന്‍ കേസിലുള്ള വിരോധം കാരണം പിണറായി വിജയനും ദേശാഭിമാനി പത്രവും കൈരളി ചാനലും ശ്രമിച്ചിട്ടുള്ളത്.

യഥാര്‍ത്ഥത്തില്‍ കുറ്റവാളികള്‍ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണും ഹോസ്പിറ്റല്‍ സെക്രട്ടറി ഷിബു കുര്യാക്കോസുമാണ്. ഇത്രയധികം കലാപങ്ങള്‍ക്ക് കാരണമായത് ഇവരുടെ നിരുത്തരവാദിത്വപരമായ സമീപനം കൊണ്ട് മാത്രമാണ്. അവര്‍ക്കെതിരെയാണ് കേസ് എടുക്കേണ്ടത്, സമരക്കാര്‍ക്കെതിരെയല്ല.

Key Words: Kerala, Crime-magazine, Nurses Strike, Kothamangalam, Kochi, Shibu Baby John, Case,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia