CPM | പാര്‍ടി രഹസ്യം പുറത്തുപറഞ്ഞാല്‍ കാരാഗൃഹമോ, ആകാശ് തില്ലങ്കേരിയുടെ അറസ്റ്റിലൂടെ സിപിഎം ലക്ഷ്യമിടുന്നത് അണികള്‍ക്കുളള മുന്നറിയിപ്പോ?
Feb 28, 2023, 14:13 IST
/ ഭാമനാവത്ത്
കണ്ണൂര്‍: (www.kvartha.com) പാര്‍ടി നടത്തിയ കൊല്ലും കൊലയും പുറത്തുപറഞ്ഞാല്‍ ശിക്ഷ മരണമോ, കളളക്കേസോയാണെന്നാണ് കണ്ണൂരിലെ സിപിഎമിന്റെ നടപ്പുരീതിയെന്ന് ആക്ഷേപം. പാര്‍ടിക്കുളളില്‍ നിന്നും പുറത്തുപോവുന്നവരെയാണ് സിപിഎം എപ്പോഴും രാഷ്ട്രീയ ശത്രുക്കളെക്കാള്‍ ഭയപ്പെട്ടിരുന്നത്. സിപിഐക്കാരെ പാര്‍ടി കൂടെ കൊണ്ടു നടക്കുമ്പോഴും പിന്നിലൂടെ ചവുട്ടി വീഴ്ത്തുന്നതും അതുകൊണ്ടുതന്നെയാണ്. എപ്പോഴെങ്കിലും ഒറ്റുമെന്ന ഭയം ഇപ്പോഴും ഒരേ മുന്നണിയില്‍ കഴിയുമ്പോഴും സിപിഎം നേതൃത്വത്തിന്റെ ഉളളിലുണ്ട്. ഇതു അണികളിലേക്കും സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞതോടെയാണ് പക താഴെത്തട്ടിലേക്ക് വളരാന്‍ തുടങ്ങിയത്.
പാര്‍ടി വിട്ടവന് ഏറ്റവും ചുരുങ്ങിയത് 51 വെട്ടേറ്റുളള ദാരുണമരണമെന്ന് ടിപി ചന്ദ്രശേഖരന് വധത്തില്‍ കേരളം കണ്ടതാണ്. പല നേതാക്കളുടെയും ഒക്കചങ്ങാതി കൂടിയായിരുന്നു ടിപി. എന്നിട്ടും പാര്‍ടി കോടതി മരണ ശിക്ഷ വിധിച്ചപ്പോള്‍ തരിമ്പും ആ സ്നേഹവുമൊന്നും കാണിച്ചില്ല. എന്നാല്‍ ടിപിയല്ല ആകാശ് തില്ലങ്കേരി, പാര്‍ടിയെ സംബന്ധിച്ചു വളരെ ചെറിയ പുഴുവാണ് തില്ലങ്കേരിയിലെ ഈ ചെറുക്കന്. എന്നിട്ടും മരണശിക്ഷ വിധിക്കാത്തത് ഇതിനിടെയില്‍ ആകാശിന്റെ പിതാവെന്ന പാര്‍ടി മെംബറും അയാളുടെ കൂടെ തില്ലങ്കേരിയിലെയും പുറത്തെയും പാര്‍ടിക്കാരില്‍ ചിലരുമുണ്ടായതു കൊണ്ടാണ്. അതുകൊണ്ടാണ് അതിനു പകരം നിയമത്തിന്റെ വഴി പാര്‍ടി തേടിയത്.
സൈബര്‍ പോരാളികള്‍ക്ക് താക്കീതോ
ഈ നീക്കങ്ങള്ക്കിടെയില് ആകാശിനെയും ജിജോ തില്ലങ്കേരിയെയും പൊലീസിനെ കൊണ്ടു കാപ കുരുക്കിട്ട് സിപിഎം പൂട്ടിയപ്പോള്‍ ചെങ്കൊടി തണലില്‍ വളര്‍ന്നു പാര്‍ടിക്ക് മുകളില്‍ പന്തലിച്ച സൈബര്‍ പോരാളികള്‍ക്ക് താക്കീത് നല്കാന് കഴിഞ്ഞുവെന്ന ആശ്വാസത്തിലാണ് ഇപ്പോള്‍ കണ്ണൂരിലെ നേതൃത്വം. ഡിവൈഎഫ്ഐ വനിതാ നേതാവിനെ ഫേസ്ബുകിലൂടെ സ്ത്രീത്വത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ കമന്റിട്ട കേസില്‍ ആകാശ് തില്ലങ്കേരി തലനാരിഴയ്ക്കാണ് പൊലീസിന്റെ പിടിയില്‍ നിന്നും വഴുതി മാറിയത്. സൃഹുത്തുക്കളായ ജിജോ തില്ലങ്കേരിക്കും ജയപ്രകാശിനും ജാമ്യം കിട്ടിയതിന് തൊട്ടുപിന്നാലെ ആകാശ് തില്ലങ്കേരിയും മട്ടന്നൂര്‍ കോടതിയില്‍ ഹാജരായി ജാമ്യം നേടുകയായിരുന്നു.
ആകാശിനെതിരെ വീണ്ടും കാപ ചുമത്താന്‍ അന്നുതന്നെ പൊലീസ് അണിയറ നീക്കം തുടങ്ങിയിരുന്നു. മുന്‍പും ആകാശിനെതിരെ കാപ ചുമത്താന്‍ പൊലീസ് റിപോർട് നല്‍കിയിരുന്നുവെങ്കിലും ബോര്‍ഡ് അംഗീകരിച്ചിരുന്നില്ല. ഇത്തവണ കൂട്ടാളിയായ ജിജോയെയും കാപയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ജിജോവിനെതിരെയും പത്തോളം കേസുകളുണ്ട്. ഇവര്‍ക്കെതിരെ നിയമപരമായ നടപടിയെന്നു പറയുമ്പോഴും ആകാശിനെതിരായ നീക്കം പാര്‍ടിയെ പ്രതിസന്ധിയിലാക്കിയ ഫേസ്ബുക് കുറിപ്പിന്റെ പേരില്‍ തന്നെയാണെന്നു വ്യക്തമാണ്. കോടതിയില്‍ നിന്നും ജാമ്യം കിട്ടുന്ന വകുപ്പുകളുളള കേസില്‍ ആകാശിനെ അറസ്റ്റു ചെയ്യാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതില്‍ നിന്നു തന്നെ അമിത താല്പര്യം വെളിവായിരുന്നു.
ആകാശിനോടു താല്പര്യം തീരെയില്ലെന്നു പൊതുസമൂഹത്തിന് മുന്പില് തെളിയിക്കാനും പൊലീസ് നടപടി ഉപകരിക്കുമെന്നു സിപിഎം കരുതുന്നു. ആകാശിനെ നേരത്തെ തന്നെ തളളിപറഞ്ഞാതാണെന്ന് പറയുമ്പോഴും ആരുടെയൊക്കെയോ പിന്തുണ ആകാശിനു കൂട്ടാളികള്ക്കുമുണ്ടെന്നു തില്ലങ്കേരിയിലടക്കമുളള സിപിഎം അണികള്‍ വിശ്വസിക്കുന്നുണ്ട്. ഇതു തിരുത്താനാണ് കഴിഞ്ഞ 20ന് തില്ലങ്കേരിയില്‍ സിപിഎം രാഷ്ട്രീയ വിശദീകരണം നടത്തിയതും പി ജയരാജനും എം ഷാജറുമടക്കമുളള നേതാക്കളെ കൊണ്ടു ആകാശിനെ തളളിപറയിച്ചതും
നാടകമോ അറസ്റ്റ്?
ആകാശ് തില്ലങ്കേരിയുടെ അറസ്റ്റ് പാര്‍ടിയിലെ ചില നേതാക്കളും തില്ലങ്കേരി സഖാക്കളും നടത്തുന്ന നാടകത്തിന്റെ ഭാഗമാണെന്നു വിശ്വസിക്കുന്നവരും സിപിഎമിനെ നന്നായി അറിയാവുന്നവരിലുണ്ട്.
ഗുണ്ടാനിയമപ്രകാരം അറസ്റ്റു ചെയ്തുവെങ്കിലും കാപ ബോര്‍ഡിനു മുന്പില് അപീല്‍ നല്കാന് ആകാശിനും ജിജോയ്ക്കും കഴിയും. ഇതു പ്രകാരം രണ്ടാഴ്ചയ്ക്കുളളില്‍ ആകാശും ജിജോയും പാട്ടും പാടി പുറത്തിറങ്ങുമെന്നാണ് സിപിഎമിനെ നിരീക്ഷിക്കുന്ന ചിലര്‍ പറയുന്നത്. ചെളളിനെ തിന്നാല്‍ പശുവിന്റെ കടിയും മാറും കാക്കയുടെ വിശപ്പും മാറുമെന്നു പറയുന്നതു പോലെയാണ് കാര്യങ്ങളെന്നു കരുതുന്നവരുമുണ്ട്.
ആകാശ് കുറച്ചുദിവസം അകത്തു കിടക്കുമ്പോള്‍ ക്വടേഷന്‍ വിവാദത്തില്‍ പാര്‍ടി ശക്തമായി നടപടിയെടുത്തുവെന്ന് അണികളെ വിശ്വസിപ്പിക്കാം. ആകാശിനെതിരെ കലിതുളളുന്ന പാര്‍ടിയിലെ എതിരാളികള്‍ക്കും ആശ്വാസമാകും. ആകാശിന് ഇരയുടെ പരിവേഷം കിട്ടുകയും ചെയ്യും. ഇത്തരത്തിലുളള ബഹുമുഖ പ്രയോജനങ്ങളാണ് കാപക്കേസിലെ അറസ്റ്റുനാടകം കൊണ്ടുലഭിക്കുന്നത്.
ആകാശിന് കേസുകള്‍ അലങ്കാരം
മട്ടന്നൂര്‍ ശുഐബ് വധക്കേസ്, ആര്‍എസ്എസ് പ്രവര്ത്തകന് വിനീഷ് വധക്കേസ്, നേരത്തെയുളള അടിപിടി കേസുകള്‍ എന്നിവയ്ക്ക് പുറമേ ഫേസ്ബുക് കുറിപ്പുകളുടെ പേരിലുളള രണ്ടുകേസുകളും കൂടി ഉള്‍പെടെ ആകാശിന്റെ പേരില്‍ കേസുകള്‍ ഒരുപാടെണ്ണമുണ്ട്. കാപ ചുമത്താന്‍ സര്‍വഥാ യോഗ്യനാണ് ആകാശും കൂട്ടുകാരന് ജിജോ തില്ലങ്കേരിയും.
ആകാശിന്റെ പേരില്‍ കണ്ണൂര്‍ സിറ്റി, റൂറല്‍ പൊലീസ് ജില്ലകളുടെ പരിധിയില്‍ ഏതെങ്കിലും കേസുകളുണ്ടോയെന്ന് ദിവസങ്ങള്‍ക്കകം വിവരം ശേഖരിച്ച പൊലീസ് അതീവ രഹസ്യമായാണ് ബാക്കി നടപടികള്‍ നീക്കിയത്. പാര്‍ടിക്കായി എതിരാളികളുടെ ചോരയൊഴുക്കിയ സൈബര്‍ സഖാവും കൂട്ടാളികളും കാരിരുമ്പ് അഴിക്കുളളിലാകുമ്പോള് പാര്‍ടി രഹസ്യങ്ങള്‍ വിളിച്ചു പറയുന്നവന് മരണമോ കാരാഗൃഹമോയായിരിക്കും ശിക്ഷയെന്ന മുന്നറിയിപ്പു നല്‍കുകയാണ് കണ്ണൂരിലെ സിപിഎം നേതൃത്വമെന്നാണ് ആക്ഷേപം.
Keywords: Kannur, News, Kerala, CPM, Politics, CPM's aim through arrest of Akash Tillankeri.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.