Political Crisis | പ്രതിരോധത്തിന്റെ പത്മവ്യൂഹം ചമച്ച് സിപിഎം; അന്‍വറെന്ന പുകഞ്ഞ കൊള്ളി പുറത്തേക്കോ?
● വരും ദിവസങ്ങളില്‍ തിരിച്ചടി നല്‍കാന്‍ തീരുമാനം.
● പാര്‍ട്ടി അംഗത്വമില്ലാത്തതിനാല്‍ അച്ചടക്കനടപടി സ്വീകരിക്കാന്‍ പരിമിതി.
● രാഷ്ട്രീയബന്ധം അവസാനിപ്പിച്ചേക്കും.
/കനവ് കണ്ണൂർ
കണ്ണൂര്‍: (KVARTHA) മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ തുറന്ന പോരി നിറങ്ങിയ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരെ (PV Anwar) സി.പി.എം (CPM) നടപടി ശക്തമാക്കിയേക്കും പുകഞ്ഞ കൊള്ളി പുറത്തേക്കെന്ന ലൈനാണ് ഈ കാര്യത്തില്‍ സി.പി.എം സ്വീകരിക്കുക. നിലവില്‍ സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി അംഗമാണ് അന്‍വര്‍.
നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നും ഇടതു സ്വതന്ത്രനായാണ് മത്സരിച്ചു വിജയിച്ചതെങ്കിലും ഭരണകക്ഷി നിരയിലാണ് അന്‍വറിന്റെ സ്ഥാനം. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ വിലക്ക് ലംഘിച്ച് കടന്നാക്രമണം നടത്തുന്ന അന്‍വറിനെ ഇനിയും വെച്ചുപൊറുപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.എം സംസ്ഥാന നേതൃത്വം. പാര്‍ട്ടി എതിരാളിയായി തന്നെ കണ്ടുകൊണ്ടു അന്‍വറിന് വരും ദിവസങ്ങളില്‍ തിരിച്ചടി നല്‍കാനാണ് തീരുമാനം.
മുഖ്യമന്ത്രിക്കെതിരെ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശനങ്ങളുമായി കത്തിപ്പടര്‍ന്ന പി വി അന്‍വറിനെ നേരിടാന്‍ പാര്‍ട്ടി അച്ചടക്കനടപടി സ്വീകരിക്കാന്‍ പരിമിതികളുണ്ട്. പാര്‍ട്ടി അംഗത്വമില്ലാത്തതിനാല്‍ അന്‍വറിനെ പുറത്താക്കാന്‍ കഴിയില്ല. എന്നാല്‍ പി.വി
അന്‍വറുമായുള്ള രാഷ്ട്രീയബന്ധം അവസാനിപ്പിച്ച് ശക്തമായി തിരിച്ചടിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഇതിന് പ്രതിരോധമുയര്‍ത്തി കൊണ്ട് എംഎല്‍എ സ്ഥാനം രാജിവെക്കാതെ രണ്ടും കല്പിച്ചുള്ള പോരിനാണ് അന്‍വര്‍ കോപ്പുകൂട്ടുന്നത്.
ഇന്നലത്തെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ അന്‍വറിനെ പൂര്‍ണമായി തള്ളി കൊണ്ടായിരുന്നു സിപിഎം നേതാക്കളുടെ പ്രതികരണങ്ങള്‍. പാര്‍ട്ടി ശത്രുക്കളുടെ കയ്യിലെ പാവയായി അന്‍വര്‍ മാറിയെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍ പ്രതികരിച്ചു. വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിക്കയ്യായി അന്‍വര്‍ മാറിയെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും ആരോപിച്ചിട്ടുണ്ട്.
ഉത്തരം താങ്ങുന്നുവെന്ന് സ്വയംധരിക്കുന്ന പല്ലിയെ പോലെയാണ് പി വി അന്‍വറെന്ന് മന്ത്രി വി ശിവന്‍കുട്ടി വിമര്‍ശിച്ചു. അന്‍വര്‍ വലത് പക്ഷത്തിന്റെ കൈകോടാലിയാണെന്നും വലതു പക്ഷത്തിന്റെ കാലങ്ങളായുള്ള ജീര്‍ണ്ണിച്ച ജല്‍പ്പനങ്ങള്‍ അപ്പാടെ ഛര്‍ദ്ദിക്കുകയാണെന്നുമായിരുന്നു ഡിവൈഎഫ്‌ഐ നേതൃത്വം കടുത്ത ഭാഷയില്‍ പ്രതികരിച്ചത്.
എന്നാല്‍ പാര്‍ട്ടി നേതൃത്വം അതിശക്തമായി എതിര്‍ക്കുമ്പോഴും സൈബര്‍ ഇടങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അന്‍വറിനെ അനുകൂലിച്ചു കൊണ്ടാണ് രംഗത്തുവരുന്നത്. ഒരു കാലത്ത് മുഖ്യമന്ത്രിയുടെയും സിപിഎം സൈബര്‍ പോരാളികളുടെയും സ്വന്തം പിവി അന്‍വര്‍ ആണിപ്പോള്‍ കുരിശുയുദ്ധപ്രഖ്യാപനവുമായി കാഹളം മുഴക്കിയിരിക്കുന്നത്.
അന്‍വര്‍ തീയായപ്പോള്‍ കൂടുതല്‍ പൊള്ളലേറ്റത് മുഖ്യമന്ത്രി പിണറായിക്കും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മന്ത്രി മുഹമ്മദ് റിയാസിനുമാണ്. ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരെ അന്‍വര്‍ ആഞ്ഞടി തുടങ്ങിയിട്ട് ആഴ്ചകളെറെയായെങ്കിലും ആരാണ് നിലമ്പൂര്‍ എംഎല്‍എയുടെ യഥാര്‍ത്ഥ ലക്ഷ്യമെന്ന് വ്യക്തമായിരുന്നില്ല. ഒടുവില്‍ പാര്‍ട്ടിയെ ഞെട്ടിച്ച അന്‍വര്‍ പോര്‍മുഖം തുറന്നത് സാക്ഷാല്‍ പിണറായിക്ക് നേരെ തന്നെയാണ്.
എട്ട് വര്‍ഷത്തിനിടെ മുഖ്യമന്ത്രി നേരിടുന്ന അസാധാരണ വെല്ലുവിളിയാണ് പി വി അന്‍വര്‍ ഉയര്‍ത്തിയിരിക്കുന്നത്. സ്വതന്ത്ര എംഎല്‍എ ആയതിനാല്‍ പാര്‍ട്ടി അച്ചടക്കത്തിന്റെ വാളോങ്ങാന്‍ പരിമിതിയുണ്ട്. പക്ഷെ ഇനി ഒരിഞ്ചും വിട്ടുവീഴ്ചക്കില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്. പാര്‍ട്ടി ശത്രൂവായി അന്‍വര്‍ സ്വയം പ്രഖ്യാപിച്ച് കഴിഞ്ഞെന്ന് നേതാക്കള്‍ പറയുന്നു. ഇതോടെ താഴെതട്ടുമുതല്‍ അന്‍വറിനെതിരെ കടന്നാക്രമണത്തിന് കളമൊരുങ്ങിയിട്ടുണ്ട്.
എല്‍ഡിഎഫ് ബന്ധം അന്‍വര്‍ സ്വയം ഉപേക്ഷിച്ചെങ്കിലും പൊട്ടിച്ച ബോംബ് പാര്‍ട്ടിക്കുള്ളില്‍ ഇനിയും ആളിപ്പടരും. പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച അന്‍വറിനെ അകറ്റുമ്പോഴും ഉന്നയിച്ച പ്രശ്‌നങ്ങള്‍ പാര്‍ട്ടിയിലെ പലനേതാക്കള്‍ക്കും നേരത്തെയുണ്ട്. പാര്‍ട്ടിയിലും സര്‍ക്കാറിലും പിണറായിയുടെ അപ്രമാദിത്വം, മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസിന് കിട്ടുന്ന അമിതപ്രാധാന്യം, കോടിയേരിക്ക് കിട്ടാതെ പോയ അര്‍ഹിച്ച വിടവാങ്ങല്‍- ഇവയെല്ലാം സമ്മേളനകാലത്ത് ചര്‍ച്ചയാകും. അന്‍വറിന് പിന്നില്‍ പാര്‍ട്ടിയിലെ ചിലരുണ്ടെന്ന് സംസ്ഥാനനേതൃത്വത്തിന് സൂചന ലഭിച്ചിട്ടുണ്ട്..
അന്‍വറിനെതിരെ കടുപ്പിച്ചാല്‍ അവരെയും നിലക്ക് നിര്‍ത്താമെന്നാണ് പ്രതീക്ഷ. പക്ഷെ എംഎല്‍എ സ്ഥാനം വിടാതെ പാര്‍ട്ടിക്കെതിരെ കടന്നലാകാന്‍ അന്‍വര്‍ ഉറപ്പിക്കുമ്പോള്‍ എളുപ്പമല്ല സിപിഎമ്മിന് കാര്യങ്ങളെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അന്‍വറിന്റെ ആരോപണങ്ങള്‍ ഏറ്റെടുക്കാന്‍ മടിക്കുന്നത് സി.പി.എമ്മിനും സര്‍ക്കാരിനും ആശ്വാസമേകിയിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് സമദൂര സിദ്ധാന്തം സ്വീകരിക്കുന്നത് എത്ര നാളെന്ന ചോദ്യവും ഉയരുന്നുണ്ട്.
#KeralaPolitics #CPM #PVAnwar #PinarayiVijayan #IndiaPolitics #politicalcrisis #partysplit