Criticism | മുഖ്യമന്ത്രിക്ക് പിന്നാലെ പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്ക് ക്ലീന്‍ ചിറ്റ് നല്‍കി സിപിഎം

 
CPM clears PV Anwar's allegations against CM's political secretary P Shashi
CPM clears PV Anwar's allegations against CM's political secretary P Shashi

Photo Credit: Facebook / CPIM

● ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍
● സമ്മേളനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിവാദങ്ങളിലേക്ക് കടക്കേണ്ടെന്നും തീരുമാനം

തിരുവനന്തപുരം: (KVARTHA) നിലമ്പൂര്‍ എം എല്‍ എ പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്ക് ക്ലീന്‍ ചിറ്റ് നല്‍കി സിപിഎം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും അന്‍വറിനെ തള്ളിപ്പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച വാര്‍ത്താസമ്മേളനം നടത്തുന്നതിനിടയിലാണ് പി ശശിക്കെതിരെ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും മാതൃകാപരമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ നിലപാട് അതേപടി സ്വീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം വേണ്ടെന്ന തീരുമാനത്തില്‍ പാര്‍ട്ടിയും എത്തിയത്. 

അന്‍വര്‍ ഉന്നയിച്ച ഏതെങ്കിലും ഒരു കാര്യം പ്രഥമദൃഷ്ട്യാ ശശിയുമായി ബന്ധപ്പെട്ട് ഉണ്ടെന്ന് പറയാന്‍ സാധിക്കില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍  വ്യക്തമാക്കിയിരിക്കുന്നത്. ശശിയും ഞങ്ങളും സംഘടനാപരമായും രാഷ്ട്രീയമായും ഒപ്പം പ്രവര്‍ത്തിച്ചുവന്ന സഖാക്കളാണെന്നും എത്രയോ പതിറ്റാണ്ടുകളുടെ അനുഭവം ഞങ്ങള്‍ക്കുണ്ടെന്നും പറഞ്ഞ സംസ്ഥാന സെക്രട്ടറി ഈ പറഞ്ഞ കാര്യങ്ങളിലൊന്നും ശശിക്ക് ബന്ധമുണ്ടെന്ന് പറയാന്‍ സാധിക്കില്ലെന്നും ആവശ്യമായ പരിശോധന നടത്തുമെന്നും വ്യക്തമാക്കി.

ശശിക്കെതിരെയും എഡിജിപി എംആര്‍ അജിത് കുമാറിനെതിരെയും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പിവി അന്‍വര്‍ എംഎല്‍എ പാര്‍ട്ടിക്ക് കത്തു നല്‍കിയിരുന്നു. അന്‍വര്‍ ശശിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് പാര്‍ട്ടിയുടെ  വിലയിരുത്തല്‍. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിവാദങ്ങളിലേക്ക് കടക്കേണ്ടെന്നുമാണ് തീരുമാനം.

അജിത് കുമാറിനെതിരെ അന്വേഷണം നടക്കുന്ന സാഹചര്യം കണക്കിലെടുത്ത് പാര്‍ട്ടിയെ വിശ്വാസമുണ്ടെന്നും, നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അന്‍വര്‍ പറഞ്ഞിരുന്നു. ആ പ്രതീക്ഷ വെറുതെയായി. പിവി അന്‍വര്‍ എംഎല്‍എക്കു സ്വര്‍ണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്ന പരോക്ഷ സൂചനയാണ് കഴിഞ്ഞദിവസം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി നല്‍കിയത്. പി ശശിക്കെതിരെ ഒരു അന്വേഷണവും ആവശ്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

പി ശശി മാതൃകപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കാത്തതിന്റെ പേരില്‍ ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ നടപടി എടുക്കാനാവില്ലെന്നും അന്‍വറിന്റെ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞിരുന്നു. മാത്രമല്ല, തുടര്‍ച്ചയായി ഫോണ്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും എം എല്‍ എയെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അന്‍വര്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ ആവശ്യപ്പെട്ടു എന്ന വ്യാഖ്യാനങ്ങള്‍ക്ക് ഇട നല്‍കുന്നതായി മുഖ്യമന്ത്രിയുടെ മറുപടി. പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ അന്‍വര്‍ ചോര്‍ത്തി പുറത്തുവിട്ടതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. അന്‍വര്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശം മാനിക്കാതെ വാര്‍ത്താ സമ്മേളനം നടത്തിയതും നീരസത്തിനിടയാക്കി. ഒരുതവണ അല്ല, നിരവധി തവണയാണ് അന്‍വര്‍ മാധ്യമങ്ങളെ കണ്ടത്. 

ശശി സ്വര്‍ണക്കള്ളക്കടത്തു സംഘങ്ങളില്‍നിന്നു പങ്ക് കൈപ്പറ്റിയതായി സംശയിക്കുന്നു എന്നാണ് അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇകെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ ശശിയെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റിയത് എന്തു കാരണത്താലാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ഇന്നുവരെ ശശിയെ സമീപിച്ചിട്ടില്ലെന്നും അന്‍വര്‍ വ്യക്തമാക്കിയിരുന്നു.

#CPM #PVAnwar #PShashi #KeralaPolitics #CleanChit #Allegations

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia