Myth Controversy | സ്പീകറുടെ സയന്റിഫിക് ടെംപര്‍ സിദ്ധാന്തം; മിത്ത് വിവാദത്തില്‍ നിന്നും തലയൂരാന്‍ സിപിഎം; തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോയെന്ന ആശങ്കയില്‍ കേന്ദ്ര നേതൃത്വം

 


ഭാമനാവത്ത്

കണ്ണൂര്‍: (www.kvartha.com) സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ നേരത്തെയെടുത്ത മിത്ത് (Myth) വിവാദത്തില്‍ നിന്നും തകിടം മറിഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളായി നിറയുമ്പോള്‍ പ്രതിസന്ധിയിലായത് പാര്‍ടി നേതൃത്വം കൂടിയാണ്. ഗണപതി മിത്താണെന്ന് ആദ്യം പറയുകയും പിന്നീട് താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഡെല്‍ഹിയില്‍ തിരുത്തി പറയുകയും ചെയ്തത് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണെന്നാണ് സൂചന. 

എന്നാല്‍ വിശ്വാസ വിഷയത്തില്‍ ശാസ്ത്രീയത ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഒരുമാറ്റവുമില്ലെന്ന കര്‍ക്കശനിലപാട് സ്വീകരിച്ച എം വി ഗോവിന്ദന്‍ പിന്നീട് പിന്നോട്ടുപോയത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിടാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണെന്നാണ് വിവരം. ദേശീയ അടിസ്ഥാനത്തില്‍ രൂപീകരിച്ച ഇന്ത്യാ സഖ്യത്തില്‍ പങ്കാളികളാണെങ്കില്‍ കേരളത്തില്‍ യുഡിഎഫുമായാണ് സിപിഎം ഏറ്റുമുട്ടുന്നത്. 

Myth Controversy |  സ്പീകറുടെ സയന്റിഫിക് ടെംപര്‍ സിദ്ധാന്തം; മിത്ത് വിവാദത്തില്‍ നിന്നും തലയൂരാന്‍ സിപിഎം; തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോയെന്ന ആശങ്കയില്‍ കേന്ദ്ര നേതൃത്വം

വിശ്വാസ സംരക്ഷണവും ഹൈന്ദവവികാരവും സ്പീകര്‍ എ എന്‍ ശംസീറിന്റെ പ്രസംഗത്തെ ചൂണ്ടിക്കാട്ടി ബിജെപിയും എന്‍എസ്എസും നാമജപ ഘോഷയാത്രവഴി ആളിക്കത്തിക്കുന്നുണ്ടെങ്കിലും അതു ഫലത്തില്‍ ഗുണം ചെയ്യുക യുഡിഎഫിനാണെന്ന വിലയിരുത്തലാണ് പാര്‍ടിക്കുളളത്. ശബരിവിഷയത്തിന് ശേഷം നടന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം അണികള്‍ പോലും കൈവിട്ട് പാര്‍ടി കോട്ടകള്‍ പോലും തകര്‍ന്നുവീണ ദുരനുഭവവും സിപിഎമിനുണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിശ്വാസവുമായി ബന്ധപ്പെട്ട മിത്ത് വിവാദം അധികം വളര്‍ത്തേണ്ടതില്ലെന്ന നിലപാട് കേന്ദ്ര നേതൃത്വം സ്വീകരിച്ചത്. 

ദേശീയ തലത്തില്‍ തന്നെ സിപിഎമിന് ആകെ എന്തെങ്കിലും സീറ്റുകള്‍ കിട്ടാന്‍ സാധ്യതയുളളത് കേരളത്തില്‍ നിന്നുമാത്രമാണ്. ബംഗാളും ത്രിപുരയും പ്രതീക്ഷയില്ല. തമിഴ്നാട്ടില്‍ സ്റ്റാലിന്‍ കനിഞ്ഞാല്‍ ഒന്നോരണ്ടോ സീറ്റുകള്‍ ലഭിച്ചേക്കാം. അതുകൊണ്ടു തന്നെ വിരലില്‍ എണ്ണാവുന്ന സീറ്റുകള്‍ മാത്രം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്ന സിപിഎം അതുകൂടി കളഞ്ഞ് ദേശീയ പാര്‍ടിയെന്ന പദവി നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു തന്നെയാണ് പാര്‍ടി സംസ്ഥാന സെക്രടറിക്ക് തിരുത്തലുമായി കേന്ദ്ര നേതൃത്വവും രംഗത്തുവന്നിരിക്കുന്നത്. ഒരു തിരുത്തലും ഈക്കാര്യത്തിലില്ലെന്നു മന്ത്രി മുഹമ്മദ് റിയാസ് പറയുന്നുണ്ടെങ്കിലും എന്‍എസ്എസ് പ്രതിഷേധം തണുപ്പിക്കാന്‍ സ്പീകര്‍ എ എന്‍ ശംസീര്‍ നിയമസഭയില്‍ തിരുത്താനോ മാപ്പുപറയാനോ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. 

ശംസീര്‍ നിയമസഭയില്‍ ഖേദപ്രകടനം നടത്തിയാല്‍ മതിയെന്ന നിലപാടിലാണ് സിപിഎം നേതൃത്വമെന്നാണ് വിവരം. സഭാനാഥനായ സ്പീകര്‍ക്കെതിരെ വരുന്ന നിയമസഭാ സമ്മേളനത്തില്‍ വിവാദപരാമര്‍ശത്തിന്റെ പേരില്‍ പ്രതിപക്ഷം ചോദ്യശരങ്ങളുന്നയിക്കുമെന്നത് ഉറപ്പാണ്. അതുകൊണ്ടുതന്നെ സഭ ചേരുന്ന ദിവസം തന്നെ ഈക്കാര്യത്തില്‍ തന്റെ സയന്റിഫ് ടെംപര്‍ സിദ്ധാന്തം ഉയര്‍ത്തിപിടിച്ചുകൊണ്ടു സ്പീകര്‍ വിശ്വാസികളില്‍ തെറ്റിദ്ധാരണ വന്നിട്ടുണ്ടെങ്കില്‍ ഖേദപ്രകടനം നടത്തുന്നുവെന്ന് ചെയറിയിലിരുന്നു പറയാനാണ് സാധ്യത. ഇതോടെ വിവാദങ്ങളില്‍ നിന്നും തടിയൂരാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് സിപിഎം. 

എന്നാല്‍ സ്പീകര്‍ വാര്‍ത്താസമ്മേളനം നടത്തി ഖേദപ്രകടനത്തിന്റെ രൂപത്തില്‍ സംസാരിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിനു തടസം നിന്നത് ഒരു മണിക്കൂര്‍ മുന്‍പെ പാര്‍ടി സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ നടത്തിയ വാര്‍ത്താസമ്മേളനമാണെന്ന വിമര്‍ശനവും പാര്‍ടിക്കുളളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. സ്പീകറെക്കാള്‍ കൂടുതല്‍ പ്രശ്നം വഷളാക്കുകയും എരതീയില്‍ എണ്ണയൊഴിക്കുന്നതുമായിരുന്നു എം വി ഗോവിന്ദന്‍ മിത്ത് പ്രയോഗം അടിവരയിട്ടു ആവര്‍ത്തിച്ചത് എന്നാണ് വിലയിരുത്തല്‍. 

കോടിയേരി ബാലകൃഷ്ണനായിരുന്നു സംസ്ഥാന സെക്രടറിയായിരുന്നുവെങ്കില്‍ ഇലയ്ക്കും മുളളിനും കോടില്ലാതെ അതിസൂഷ്മമായി കൈക്കാര്യം ചെയ്യുന്ന വിഷയം എം വി ഗോവിന്ദന്‍ വഷളാക്കി നശിപ്പിച്ചുവെന്ന ആരോപണവും സിപിഎം സംസ്ഥാന നേതൃത്വത്തില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.

Keywords: Kannur, News, Kerala, Politics, CPM, Myth Controversy, Congress, BJP, CPM and Myth Controversy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia