കോവിഡ് പടരാത്ത പാര്‍ടി സമ്മേളനങ്ങളും ഞായറാഴ്ചത്തെ നിയന്ത്രണങ്ങളും

 


ആദിത്യന്‍

തിരുവനന്തപുരം: (www.kvartha.com 21.01.2022) സംസ്ഥാനത്ത് കോവിഡിന്റെ മൂന്നാം തരംഗം പിടിമുറുക്കുമ്പോള്‍ സിപിഎം സമ്മേളനങ്ങളെ ഇതൊന്നും ബാധിക്കില്ലെന്നാണ് നേതാക്കളുടെ ന്യായീകരണം. കേരളത്തിലുടനീളം സമ്മേളനം നടത്തി രോഗം പടര്‍ത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. അതിനിടെ സര്‍കാര്‍ ഞായറാഴ്ച നിയന്ത്രണങ്ങളും ഏര്‍പെടുത്തി. എല്ലാത്തിനും ഇരയായി പൊതുജനം നട്ടംതിരിയുന്നു.

രോഗവ്യാപനം രൂക്ഷമാകുന്നതിന്റെ തുടക്കത്തിലാണ് തിരുവനന്തപുരത്തെ സഖാക്കള്‍ തിരുവാതിര സംഘടിപ്പിച്ചത്. അതിന്റെ വിമര്‍ശനങ്ങള്‍ പെയ്തിറങ്ങും മുമ്പ് തൃശൂരിലും തിരുവാതിര അരങ്ങേറി. ഇപ്പോഴിതാ സമ്മേളന നടത്തിപ്പിനായി കാസര്‍കോട് നിയന്ത്രണങ്ങളില്‍ വെള്ളംചേര്‍ത്തു. രോഗവ്യാപനം കാരണം ജനംദുരിതം അനുഭവിക്കുമ്പോള്‍ മുഖ്യമന്ത്രി അമേരികയിലെ ആശുപത്രിയില്‍ സുഖമായി ഇരുന്ന് ചിരിക്കുന്നു എന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആക്ഷേപിക്കുന്നത്.

കോവിഡ് പടരാത്ത പാര്‍ടി സമ്മേളനങ്ങളും ഞായറാഴ്ചത്തെ നിയന്ത്രണങ്ങളും

സംഗതി കൈവിട്ടുപോകുന്നു എന്ന് മനസിലായപ്പോള്‍ സമ്മേളനം നടത്തുന്നത് ശാസ്ത്രീയമായാണെന്ന താത്വിക അവലോകനവുമായി പാര്‍ടിയിലെ പ്രമുഖ ബുദ്ധിജീവി എംഎ ബേബി രംഗത്തെത്തി. ശാസ്ത്രീയമായി 500 അംഗനമാര്‍ തിരുവാതിര കളിക്കുന്നത് കണ്ട് കൈ കൊട്ടിയ ആളാണ് അദ്ദേഹം. സമ്മേളനങ്ങളില്‍ പോരായ്മകളുണ്ടെങ്കില്‍ തിരുത്തുമെന്നും ബേബി സഖാവ് ജനങ്ങള്‍ക്ക് ഉറപ്പും നല്‍കി.

നേതാക്കളും മന്ത്രിമാരും പാര്‍ടി സമ്മേളത്തിലും മുഖ്യമന്ത്രി അമേരികയിലും. കോവിഡിനെ കൂടാതെ നാട്ടിലെ ക്രമസമാധാനനിലയും തകര്‍ന്നിരിക്കുകയാണ്. മോഷണവും പിടിച്ചുപറിയും മാത്രമല്ല, കൊന്ന് പൊലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടിടുകയും പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്യുന്നു. നിരപരാധികളെ പൊലീസ് കൊലക്കേസുകളില്‍ പ്രതിയാക്കുന്നു. നീതി തേടിയെത്തുന്ന സാധാരണക്കാരെ പൊലീസുകാര്‍ അധിക്ഷേപിക്കുകയും മാനസികമായി തളര്‍ത്തുകയും ചെയ്യുന്നു. ആഭ്യന്തരവകുപ്പിനെതിരെ പാര്‍ടി സമ്മേളനങ്ങളില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നെങ്കിലും ഇതുവരെ ചികിത്സ ആരംഭിച്ചിട്ടില്ല.

തുടര്‍ചയായ കോവിഡ് ഡ്യൂടിയില്‍ പ്രതിഷേധിച്ച് ഹൗസ് സര്‍ജന്മാര്‍ പലയിടത്തും പ്രതിഷേധിക്കുന്നു. പല ആശുപത്രികളിലും മരുന്ന് അടക്കമുള്ള സാധനങ്ങളില്ല. ഇത്തരത്തിലുള്ള നിരവധിയായ അടിയന്തരപ്രാധാന്യം അര്‍ഹിക്കുന്ന വിഷയങ്ങള്‍ സര്‍കാരിന് മുന്നിലുണ്ടെങ്കിലും ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നില്ല. ഞായറാഴ്ചത്തെ നിയന്ത്രണം കൊണ്ട് മാത്രം കോവിഡിനെ പിടിച്ചുകെട്ടാനാകുമോ? യുകെയില്‍ മാസ്‌ക് നിര്‍ബന്ധമല്ലാതാക്കിയ വാര്‍ത്തയും പുറത്തുവന്നു.

Keywords:  Thiruvananthapuram, News, Kerala, COVID-19, Ministers, Chief Minister, Lockdown, Conference, Political party, Politics, Covid Non-Spreading Party Conferences and Sunday Restrictions.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia