Legal Action | അരിയില്‍ ഷുക്കൂര്‍ വധക്കേസ്; പി ജയരാജനും ടിവി രാജേഷും വിചാരണ നേരിടണം; വിടുതല്‍ ഹര്‍ജി തള്ളി കോടതി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● സിബിഐ സ്‌പെഷല്‍ കോടതി ജഡ്ജ് പി ശബരിനാഥന്റേതാണ് ഉത്തരവ്
● ഹൈക്കോടതിയെ സമീപിക്കുകയാണ് ഇരുവരുടേയും ഇനിയുള്ള മാര്‍ഗം
കൊച്ചി: (KVARTHA) മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെയും മുന്‍ എംഎല്‍എ ടിവി രാജേഷിന്റെയും വിടുതല്‍ ഹര്‍ജി തള്ളി എറണാകുളം സിബിഐ സ്‌പെഷല്‍ കോടതി. ഇരുവരും വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടു. സിബിഐ സ്‌പെഷല്‍ കോടതി ജഡ്ജ് പി ശബരിനാഥന്റേതാണ് ഉത്തരവ്.
കേസില്‍ വിചാരണ കൂടാതെ വിടുതല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് 2023 ജനുവരിയിലാണ് പി ജയരാജനും ടിവി രാജേഷും സിബിഐ സ്‌പെഷല്‍ കോടതിയില്‍ സംയുക്തമായി വിടുതല്‍ ഹര്‍ജി നല്‍കിയത്. ഇതാണ് സിബിഐ സ്‌പെഷല്‍ കോടതി ജഡ്ജ് പി ശബരിനാഥന്‍ തള്ളിയത്.
നേരത്തെ സിബിഐ കുറ്റപത്രത്തില്‍ പി ജയരാജനും ടിവി രാജേഷിനുമെതിരെ കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിരുന്നു. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസില്‍ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ഒഴിവാക്കിയായിരുന്നു പി ജയരാജനും ടിവി രാജേഷിനുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. പിന്നീട് അബ്ദുല്‍ ഷുക്കൂറിന്റെ മാതാവ് ആത്തിക്ക സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി കേസന്വേഷണം സിബിഐക്ക് വിടുകയും കേസില്‍ തുടരന്വേഷണം നടത്താന്‍ ഉത്തരവിടുകയുമായിരുന്നു. ഇതോടെയാണ് ക്രിമിനല്‍ ഗൂഢാലോചന കുറ്റവും കൂടി ഉള്‍പ്പെടുത്തി സിബിഐ പി ജയരാജനും ടിവി രാജേഷിനുമേതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.
പി ജയരാജന്റെ വാഹനവ്യൂഹത്തിനു നേരെ കല്ലെറിഞ്ഞു എന്നാരോപിച്ച് 2012 ഫെബ്രുവരി 20ന് ഷുക്കൂറിനെ 30 ഓളം വരുന്ന സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടങ്കലില്‍ വച്ചു വിചാരണ ചെയ്തു കൊലപ്പെടുത്തി എന്നാണ് കേസ്. ഷുക്കൂറിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ വച്ചു നടന്നു എന്നാണ് സിബിഐ പറയുന്നത്.
കല്ലേറിനെ തുടര്‍ന്ന് ജയരാജനെയും രാജേഷിനേയും ഈ ആശുപത്രിയിലാണു പ്രവേശിപ്പിച്ചിരുന്നത്.
കേസില്‍ തങ്ങള്‍ക്കെതിരെ ഗൂഢാലോചന കുറ്റം അടക്കമുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ല എന്നും വിചാരണ ആവശ്യമില്ലെന്നുമായിരുന്നു ജയരാജനും രാജേഷും വിടുതല്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
വിടുതല്‍ ഹര്‍ജിയെ എതിര്‍ത്തു കൊണ്ട് ഷുക്കൂറിന്റെ മാതാവ് ആത്തിക്കയും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. തളിപ്പറമ്പ് ആശുപത്രിയിലെ 315ാം നമ്പര്‍ മുറിയില്‍ വച്ച് ജയരാജന്റെയും രാജേഷിന്റെയും നേതൃത്വത്തില്‍ ഗൂഢാലോചന നടന്നു എന്നും ഇതില്‍ പങ്കെടുത്ത രണ്ടുപേര്‍ ഷുക്കൂറിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും അത് സാധൂകരിക്കുന്ന ഫോണ്‍ വിളികളുടെ റെക്കോര്‍ഡുകളും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങളും തെളിവായുണ്ടെന്നുമാണു സിബിഐ വാദിച്ചത്.
മാത്രമല്ല, ഗൂഢാലോചന നേരിട്ട് കണ്ട ദൃക്സാക്ഷികളുടെ മൊഴികള്‍ ഉണ്ടെന്നും അതിനാല്‍ വിടുതല്‍ ഹര്‍ജി തള്ളണമെന്നും സിബിഐ വാദിച്ചിരുന്നു. തുടര്‍ന്നാണ് പി ജയരാജനും ടിവി രാജേഷും വിചാരണ നേരിടണമെന്നു കാട്ടി വിടുതല്‍ ഹര്‍ജി കോടതി തള്ളിയത്. ഈ ആവശ്യം കോടതി നിരാകരിച്ചതിനാല്‍ ഹൈക്കോടതിയെ സമീപിക്കുകയാണ് ഇനിയുള്ള മാര്‍ഗം. അല്ലാത്തപക്ഷം ഇരുവര്‍ക്കും കേസില്‍ വിചാരണ നേരിടേണ്ടിവരും.
#ShukoorMurderCase #PJayrajan #TVRajesh #KeralaCourt #CBI #CPM
