വിജിലന്‍സിലെ അഴിമതിക്കാര്‍ ഉന്നത ഉദ്യോഗസ്ഥനെയും സമീപിച്ചു

 


തിരുവനന്തപുരം: വിജിലന്‍സ് കേസ് ഒതുക്കിത്തീര്‍ക്കാന്‍ പരാതിക്കാരെയും പ്രതിസ്ഥാനത്തുള്ളവരെയും ഒരുപോലെ സമീപിച്ച് വന്‍തുക സമ്പാദിക്കുന്ന വിജിലന്‍സ് ഉദ്യോഗസ്ഥരുടെ കള്ളക്കളിക്ക് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥനും സാക്ഷി. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ (വി.എ.സി.ബി)യിലെ പരാതികള്‍ ഒതുക്കിത്തീര്‍ക്കാന്‍ പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്കെതിരെ ഉന്നതതല അന്വേഷണം ആരംഭിച്ചിരിക്കെയാണ് ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.

പണം കൊടുത്ത് പരാതി തീര്‍പാക്കാന്‍ പ്രതിയുടെ മധ്യസ്ഥരായി ഇടപെട്ട പോലീസുകാര്‍ക്കെതിരായ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ എ.ഡി.ജി.പി ആര്‍ ശ്രീലേഖയ്ക്കു ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ചിറയിന്‍കീഴ് സ്വദേശിയായ പ്രവാസി മലയാളിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇടപെട്ടെന്നാണു പരാതിയെങ്കില്‍, സസ്‌പെന്‍ഷനു കാരണമായ വിജിലന്‍സ് അന്വേഷണം ഇല്ലാതാക്കിക്കൊടുക്കാം എന്നു വാഗ്ദാനം ചെയ്താണു നേരത്തേ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഉന്നത ഉദ്യോഗസ്ഥനെ സമീപിച്ചത്. എന്നാല്‍ അദ്ദേഹം വഴങ്ങിയില്ല.

അദ്ദേഹം ഉള്‍പെടെ, പ്രമുഖ പൊതുമേഖലാ സ്ഥാപനത്തിലെ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരായ കള്ളക്കേസ് എടുക്കാതിരിക്കാന്‍ ആയിരുന്നു ഈ ഇടപെടല്‍. വിജിലന്‍സ് കേസെടുക്കുകയും ഇരുവരെയും സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി. ഇന്നത്തെ മുഖ്യ വിവരാവകാശ കമ്മീഷണര്‍ സിബി മാത്യു വിജിലന്‍സ് എ.ഡി.ജിപി ആയിരിക്കെ, 2003ല്‍ നടന്ന ആ അന്വേഷണത്തിനൊടുവില്‍ വിജിലന്‍സിനു പറ്റിയ വസ്തുതാപരമായ പിഴവ് ( മിസ്റ്റേക്ക് ഓഫ് ഫാക്ട്) ആയിരുന്നു എന്ന് ഹൈക്കോടതിയില്‍ വിശദീകരിച്ചാണ് കേസ് അവസാനിപ്പിച്ചത്.

വിജിലന്‍സിലെ അഴിമതിക്കാര്‍ ഉന്നത ഉദ്യോഗസ്ഥനെയും സമീപിച്ചുപണം നല്‍കാത്തതിനെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ വിജിലന്‍സ് കേസെടുക്കുകയും രണ്ടു പേരെയും സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് സര്‍ക്കാരിനോട് ശുപര്‍ശ ചെയ്യുകയുമാണുണ്ടായത്. തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍. ഇതേതുടര്‍ന്ന് ഇരുവരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രണ്ടുപേരുടെയും നിരപരാധിത്വം ഹൈക്കോടതിക്ക് മുന്നില്‍ പറയാതെ വയ്യ എന്ന സ്ഥിതി വന്നപ്പോഴാണ് മിസ്‌റ്റേക്ക് ഓഫ് ഫാക്റ്റ് ആണെന്ന റിപോര്‍ട്ട് നല്‍കിയത്. ഇരുവരുടെയും സസ്‌പെന്‍ഷന്‍ കാലയളവിലെ മുഴുവന്‍ ശമ്പളവും നല്‍കി തിരിച്ചെടുക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്.

അതേ പൊതുമേഖലാ സ്ഥാപനത്തില്‍ സ്ഥിരം തസ്തികയില്‍ രണ്ടാമനായി പ്രവര്‍ത്തിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥന്‍ ഇന്ന് മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്ത് ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുകയാണ്. അഴിമതിരഹിത നിലപാടുകളുടെയും ഇടപെടലുകളുടെയും പേരില്‍ സര്‍ക്കാര്‍ തലത്തില്‍ മികച്ച പേരുള്ളയാളാണ് ഈ ഉദ്യോഗസ്ഥന്‍.

പണം തന്നാല്‍ വിജിലന്‍സ് കേസ് എടുക്കാതിരിക്കാന്‍ സഹായിക്കാമെന്ന് 2003ലെ കേസിന്റെ സമയത്ത് അഞ്ജാതനായ ഒരാള്‍ ഫോണില്‍ വിളിച്ചാണു പറഞ്ഞത്. ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥന് വേണ്ടി ഇടപെടുകയായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. തലസ്ഥാനത്തെ പാളയം പള്ളിക്കു സമീപത്തുള്ള ഒരു സ്ഥലം നിര്‍ദേശിക്കുകയും അവിടെ എത്തിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാമെന്നുമാണ് വിളിച്ചയാള്‍ പറഞ്ഞത്. എന്നാല്‍ തങ്ങള്‍ക്കെതിരെയുള്ളത് കള്ളക്കേസാണെന്നും അന്വേഷണത്തെ ഭയമില്ലെന്നുമായിരുന്നു ഉന്നത ഉദ്യോഗസ്ഥന്റെ പ്രതികരണം.

അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ വിജിലന്‍സ് ആസ്ഥാനത്ത് ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്നുണ്ട് എന്നതാണു കൂടുതല്‍ ഞെട്ടിക്കുന്ന കാര്യം. മാത്രമല്ല, മന്ത്രി ഇടപെട്ടിരിക്കുന്ന ഇപ്പോഴത്തെ പരാതി സംബന്ധിച്ച അന്വേഷണത്തിന്റെ ചുമതല ഇദ്ദേഹത്തിനുകൂടിയാണ്. വിജിലന്‍സ് ആസ്ഥാനത്തു നിന്ന് ചിറയിന്‍കീഴ് സ്വദേശിയെ വിളിച്ചത് ആരാണെന്നു കണ്ടുപിടിക്കാന്‍ ഇദ്ദേഹത്തിന്റെ കൂടി നേതൃത്വത്തിലാണു ശ്രമം നടക്കുന്നത്.

Keywords : Thiruvananthapuram, Kerala, Vigilance Case, Police, Investigation, Rank, Complaint, Report, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia