Dispute | അര്‍ജുന്റെ കുടുംബവും ലോറി ഉടമയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ കൊഴുക്കുന്നു; മനാഫിന്റെ യുട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രൈബര്‍മാര്‍ കുത്തനെ കൂടി
● പല ഫണ്ടുകളും അയാള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ആരോപണം.
● 2.04 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരാണ് ചാനലിനുള്ളത്.
● അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് 13 ദിവസം മുന്‍പ്.
● പ്രതികരണവുമായി അര്‍ജുന്‍ ആക്ഷന്‍ കമ്മിറ്റി.
● വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ഈശ്വര്‍ മാല്‍പെയും.
കോഴിക്കോട്: (KVARTHA) ഷിരൂരില്‍ (Shirur) മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ (Arjun) കുടുംബം ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം ഉന്നയിച്ചത്. ഇമോഷനെ വിറ്റ് എല്ലാം ഒരാള്‍ ആണ് നടത്തിയതെന്ന് സ്ഥാപിക്കുകയാണെന്നും കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്യുന്നത് നിര്‍ത്തണമെന്ന് കാലുപിടിച്ച് പറഞ്ഞിരുന്നതായും ഇനിയും നിര്‍ത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അര്‍ജുന്റെ കുടുംബം വ്യക്തമാക്കിയിരുന്നു.
ഇത് നിര്‍ത്തിയില്ലെങ്കില്‍ മനാഫിനെതിരെ നിയമ നടപടി സ്വീകരിക്കും. പല ഫണ്ടുകളും അയാള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് പൈസ വേണ്ട. ഞങ്ങള്‍ ആരോടും പണം ആവശ്യപ്പെട്ടില്ല. ആരും പണം കൊടുക്കരുത്. മനാഫ് ഫണ്ട് പിരിവ് നടത്തിയെന്നല്ല പറയുന്നത്. പലരും അദ്ദേഹത്തിന്റെ കയ്യില്‍ പണം നല്‍കുന്നതായി അറിഞ്ഞിട്ടുണ്ട്. അങ്ങനെ ആരും പണം കൊടുക്കരുതെന്നാണ് പറയുന്നത്.
പലഘട്ടത്തിലായി പലരും കുടുംബത്തിന്റെ വൈകാരികത മാര്‍ക്കറ്റ് ചെയ്തുവെന്നും അര്‍ജുനെ കണ്ടെത്തിയശേഷം അഞ്ജു നടത്തിയ പ്രതികരണത്തില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നടന്നുവെന്നും അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ ആരോപിച്ചു. കുടുംബത്തെ ആക്ഷേപിക്കുകയാണ്. രണ്ട് സര്‍ക്കാരിന്റെയും ശ്രമത്തിന്റെയും ഫലം ആണ് അര്‍ജുനെ കിട്ടിയത്.
അര്‍ജുന്റെ കുട്ടിയെ വളര്‍ത്തുമെന്ന് എന്ത് അടിസ്ഥാനത്തിലാണ് മനാഫ് പറയുന്നത്. അദ്ദേഹത്തോട് ആരെങ്കിലും അത് ആവശ്യപ്പെട്ടിട്ടുണ്ടോ. ഞങ്ങള്‍ അതെല്ലാം ചെയ്യാന്‍ പ്രാപ്തരാണ്. ഇത്തരത്തില്‍ വൈകാരികമായ മാര്‍ക്കറ്റിങ് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് കുടുംബം നടത്തിയ ശ്രമങ്ങള്‍ എണ്ണിപറഞ്ഞുകൊണ്ടായിരുന്നു ജിതിന്‍ കഴിഞ്ഞ ദിവസം സംസാരിച്ചത്.
അര്‍ജുന്‍ നഷ്ടപ്പെട്ടുവെന്നത് യഥാര്‍ഥ്യമാണ്. അതിന്റെ പേരില്‍ പിച്ച തെണ്ടേണ്ട അവസ്ഥ ഇല്ല. അത് ആ വ്യക്തി മനസിലാക്കണം. സഹായിച്ചില്ലെങ്കിലും കുത്തി നോവിക്കരുത്. ഞങ്ങളുടെ ദാരിദ്യം ചൂണ്ടിക്കാട്ടി ചൂഷണം ചെയ്യുന്നു. അര്‍ഹതപ്പെട്ട ആളുകള്‍ക്ക് പണം കിട്ടട്ടെ ചില ആളുകള്‍ മീഡിയ പബ്ലിസിറ്റിക്കായി പണം കൊണ്ട് വരുന്നുകയാണെന്ന് അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ ആരോപിച്ചു.
മാല്‍പെയും മനാഫും നാടകം കളിച്ചു. തുടര്‍ന്ന് ആദ്യ രണ്ടു ദിവസം നഷ്ടം ആയി. എംഎല്‍എ ക്കും എസ്പിക്കും കാര്യം മനസിലായി മനാഫിന് യുട്യൂബ് ചാനല്‍ ഉണ്ട്. പ്രേക്ഷകരുടെ എണ്ണം ആയിരുന്നു അവരുടെ ചര്‍ച്ച. ഇതെല്ലാം ഈശ്വര മല്‍പെയും നടത്തിയ നാടകമാണെന്നും ജിതിന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
ഇത്തരത്തില്‍ അര്‍ജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ കൊഴുക്കുന്നതിനിടെ മനാഫിന്റെ യുട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രൈബര്‍മാര്‍ കുത്തനെ കൂടിയിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന്റെ വിവരങ്ങള്‍ മനാഫ് പങ്കുവച്ചിരുന്ന 'ലോറി ഉടമ മനാഫ്' എന്ന യുട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രൈബേഴ്‌സ് ഒറ്റ ദിവസം കൊണ്ട് പതിനായിരത്തില്‍നിന്ന് രണ്ട് ലക്ഷം കടന്നിരിക്കുകയാണ്. 2.04 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരാണ് ചാനലിനുള്ളത്. വിവാദം ഉടലെടുത്തതിനു പിന്നാലെയാണ് യുട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രൈബേഴ്‌സ് കുത്തനെ വര്‍ധിച്ചത്.
ആരോപണങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ മനാഫിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയതരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളാണു നിറയുന്നത്. അര്‍ജുന്റെ സഹോദരീഭര്‍ത്താവ് ജിതിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണവും നടക്കുന്നുണ്ട്. ഇങ്ങനെയൊരു ചാനലുണ്ടെന്നറിയിച്ച കുടുംബത്തിന് നന്ദിയെന്നും അളിയന്റെ ഈഗോ കാരണം മനാഫ് വീണ്ടും വലുതാവുകയാണെന്നുമെല്ലാം ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. അതേസമയം, മനാഫ് സെല്‍ഫ് പ്രമോഷന്‍ സ്റ്റാറാണെന്നും അര്‍ജുന്റെ കുടുംബം അദ്ദേഹത്തെ തുറന്ന് കാണിക്കുമ്പോള്‍ സമാധാനമെന്നും ചിലര്‍ പ്രതികരിച്ചിട്ടുണ്ട്.
ചാനലില്‍നിന്ന് അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത് 13 ദിവസം മുന്‍പാണ്. അര്‍ജുന്റെ ലോറി കണ്ടെത്തിയശേഷം യുട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടില്ല. അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും യഥാര്‍ഥ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിനുമാണു ചാനല്‍ തുടങ്ങിയതെന്നാണ് മനാഫിന്റെ വിശദീകരണം.
ഇതിനിടെ, അര്‍ജുന്റെ കുടുംബവുമായി സംസാരിച്ചും അറിയിച്ചുമാണ് എല്ലാകാര്യവും ചെയ്തതെന്നും മുഖ്യമന്ത്രിയെ കണ്ടതും നിവേദനം കൊടുത്തതും കുടുംബത്തെ അറിയിച്ചതിന് ശേഷമാണെന്നും ഫൈന്‍ഡ് അര്‍ജുന്‍ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ നൗഷാദ് തെക്കയില്‍ വ്യക്തമാക്കി. ആക്ഷന്‍ കമ്മിറ്റി ഒരു പണപിരിവും നടത്തിയിട്ടില്ലെന്നും ഏത് അന്വേഷണം നേരിടാന്‍ തയ്യാറാണെന്നും നൗഷാദ് പ്രതികരിച്ചു.
അതേസമയം, വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി കര്‍ണാടകയിലെ മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാല്‍പെയും രംഗത്തെത്തി. തനിക്കെതിരെ കേസെന്നത് വ്യാജപ്രചാരണമെന്ന് പ്രാദേശിക ഈശ്വര്‍ മാല്‍പെ പറഞ്ഞു. തനിക്കെതിരെ കേസുണ്ട് എന്നത് ചില മാധ്യമങ്ങളുടെ വ്യാജപ്രചാരണമെന്ന് ഈശ്വര്‍ മാല്‍പെ പറഞ്ഞു. ഷിരൂര്‍ തെരച്ചില്‍ വിഷയത്തില്‍ ഇനി ഒരു തരത്തിലും വിവാദത്തിനില്ല. താന്‍ ചെയ്തത് എന്തെന്നത് ദൈവത്തിനറിയാം, കണ്ട് നിന്നവര്‍ക്കുമറിയാം. താനത് ഒരു തരത്തിലും പ്രശസ്തിക്ക് വേണ്ടി ചെയ്തതല്ലെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞു.