'ജയലളിതായുഗം അവസാനിക്കുന്നതോടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാകും'; ബി ജെ പി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍

 


കോഴിക്കോട്: (www.kvartha.com 06.12.2016) തിങ്കളാഴ്ച രാത്രി അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്നതിനിടെ ബി ജെ പി നേതാവ് കെ സുരേന്ദ്രനിട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. 'ജയലളിതായുഗം അവസാനിക്കുന്നതോടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഗുണപരമായ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. വ്യക്തിപൂജയിലും പ്രാദേശിക വികാരത്തിലും അധിഷ്ഠിതമായ ദ്രാവിഡരാഷ്ട്രീയം പതുക്കെ പതുക്കെ ദേശീയരാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരും എന്ന് നമുക്ക് പ്രതീക്ഷിക്കാം. പനീര്‍ശെല്‍വത്തിന്റെ കീഴില്‍ വളരെയൊന്നും മുന്നോട്ട് പോകാന്‍ എ ഐ ഡി എം കെ ക്കു കഴിയില്ല. ഏതായാലും നമുക്ക് കാത്തിരുന്നു കാണാം- എന്നായിരുന്നു കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ജയലളിത മരണത്തോട് മല്ലിടുമ്പോള്‍ ഇത്തരത്തിലൊരു ഫേസ്ബുക്ക് പോസ്റ്റിട്ടത് വലിയ വിവാദമുണ്ടാക്കി. പലരും കെ സുരേന്ദ്രനെതിരെ രംഗത്ത് വന്നു. 'വളരെ അവസരോചിതമായ പോസ്റ്റ് സുരേന്ദ്രന്‍ജി. ഒരാള്‍ മരണവുമായി മല്ലിട്ടു ആശുപത്രിയില്‍ കിടക്കും നേരം, ഒരു ജനത മൊത്തം അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥനകളുമായി കാത്തിരിക്കും നേരം, അമ്മയെന്നും ദൈവമെന്നും പലരും മനസ്സില്‍ രൂപമേകി കണ്ണീരോടു കൂടി അവര്‍ തിരികെ വരും എന്നു കാത്തിരിക്കും നേരം, ആള്‍ മരിച്ചേ ശേഷം എന്തു ചെയ്യാം എന്നു ആണു ചിന്താ വേണ്ടൂ, എങ്ങിനെ അതിനെ രാഷ്ട്രീയമായി മുതലാക്കാം എന്നു തന്നെ ഇന്നേരം ചിന്തിക്കണം. അഭിനന്ദനങ്ങള്‍...

അവസാന ശ്വാസം ഒന്നങ്ങു പോകട്ടെ സര്‍. ഇത്രയ്ക്കു ചീപ്പാവരുത് ഒരാളും, പ്രത്യേകിച്ച് ഒരു നേതാവ്.

ഇത്രയ്ക്കും തിരക്ക് കൂട്ടണോ?? അങ്ങയുടെ നേതാവ് മോഡി പറഞ്ഞിരിക്കുന്നത് ജയലളിതയ്ക്കായി പ്രാര്‍ത്ഥിക്കാനാണ്.... ഇത്തരം 'കഴുകന്‍' പോസ്റ്റുകള്‍ ഇടാനല്ല....എന്നിങ്ങനെ പോകുന്നു വിമര്‍ശനങ്ങള്‍.

ഇതോടെ തന്റെ വിവാദ പോസ്റ്റിന് വിശദീകരണവുമായി കെ സുരേന്ദ്രന്‍ മറ്റൊരു കുറിപ്പിട്ടു. നവമാധ്യമങ്ങളുടെ ശക്തിയും ദൗര്‍ബല്യവും മനസ്സിലാക്കാന്‍ കഴിയാത്തവരാണ് വസ്തുതകളുടെ സ്ഥാനത്ത് വികാരപ്രകടനം നടത്തുന്നത്. ഫേസ്ബുക്കുകളില്‍ ഉണരുകയും ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്ന പലരും അതിനു പുറത്തു വേറൊരു ലോകമില്ലെന്നു കരുതുന്നത് അവരുടെ കുറ്റമല്ല. ജനങ്ങള്‍ക്കിടയില്‍ കഴിയുന്നവര്‍ക്ക് ഇതു തിരിച്ചറിയാന്‍ ലൈക്കിന്റെ എണ്ണവും വരുന്ന കമന്റുകളുടെ നിലവാരവും നോക്കേണ്ട കാര്യമില്ല. ഇന്നലെ അര്‍ധരാത്രി അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി കുമാരി ജയലളിതയെ ഏറ്റവും സത്യസന്ധമായി വിലയിരുത്തി ഞാന്‍ ഇന്നലെ കാലത്ത് ഈ പേജില്‍ എഴുതിയകുറിപ്പ് എല്ലാവരും കണ്ടതല്ലേ? അവരുടെ ജനപ്രീതിയും ഭരണപാടവവും അറിയാത്ത ഒരാളല്ല ഞാന്‍. എന്നാല്‍ അവര്‍ക്കുശേഷം തമിഴകരാഷ്ട്രീയത്തില്‍ എന്തുസംഭവിക്കുമെന്ന് വിലയിരുത്തുന്നത് ഇത്ര വലിയ പാതകമാണോ? ഇന്നലെ ദേശീയമാധ്യമങ്ങളും മലയാളമാധ്യമങ്ങളും പ്രസക്തമായ ഈ ചോദ്യം ചര്‍ച്ച ചെയ്തത് വിമര്‍ശകരാരും കണ്ടില്ലേ? പിന്നെ പറഞ്ഞ സമയം ഉചിതമായില്ല എന്നു ചിലര്‍ പറയുന്നുണ്ട്. എല്ലാവരും നാളെ പറയുന്നത് ഇന്നലെ പറയാനാണ് എനിക്കു താല്‍പര്യം. എല്ലാ വിമര്‍ശനങ്ങളേയും സ്വാഗതം ചെയ്യുന്നു. എല്ലാവരുടേയും പ്രിയപ്പെട്ട അമ്മയായ ജയലളിതുടെ ആത്മാവിനു നിത്യശാന്തി നേരുന്നു.- എന്നായിരുന്നു കുറിപ്പ്.

കെ സുരേന്ദ്രന്‍ ഡിസംബര്‍ അഞ്ചിന് രാവിലെ ജയലളിതയെ പുകഴ്ത്തിയുള്ള മറ്റൊരു കുറിപ്പും പോസ്റ്റ് ചെയ്തിരുന്നു. എന്തുകൊണ്ട് ജയലളിതയെ ജനങ്ങള്‍ ഇത്രമാത്രം സ്‌നേഹിക്കുന്നു എന്നുള്ളത് എല്ലാവരും ചോദിക്കുന്ന ചോദ്യമാണ്. അതിനുള്ള ഉത്തരം അറിയാന്‍ അവര്‍ പാവപ്പെട്ടവര്‍ക്കുവേണ്ടി ചെയ്തുകൊണ്ടിരിക്കുന്ന ക്ഷേമപദ്ധതികള്‍ പരിശോധിച്ചാല്‍ മതിയാവും. ആരോഗ്യം, പാര്‍പ്പിടം, ഭക്ഷ്യസുരക്ഷ തുടങ്ങിയ കാര്യങ്ങളില്‍ ഒരുപാട് സൗജന്യങ്ങള്‍ അവര്‍ പാവപ്പെട്ടവര്‍ക്കുവേണ്ടി നല്‍കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും വനിതകള്‍ക്കുമൊക്കെ ഒട്ടേറെ ആനുകൂല്യങ്ങള്‍ അവിടെ ലഭിക്കുന്നുണ്ട്. ഈയിടെ ചെന്നെയില്‍ പോയപ്പോള്‍ പ്രാതല്‍ കഴിക്കാന്‍ അമ്മ ടീ സ്ടാളില്‍ കയറി. നല്ല വലിപ്പമുള്ള നാല് ഇഡ്ഡലി, ചൂടുള്ള സാമ്പാര്‍, ഒന്നാന്തരം ചട്ണി, ചായ ഇതിനെല്ലാംകൂടി വെറും അഞ്ചു രൂപ. ഊണിനു പത്തു രൂപയേ ഉള്ളൂ. വൃത്തിയും വെടിപ്പുമുള്ള കടകളാണ്. ഇത്തരം നൂറു കടകള്‍ നഗരത്തില്‍ മാത്രം ഉണ്ടത്രേ. ഇങ്ങനെ പലപല കാര്യങ്ങളുണ്ട്. ഭരണം സുതാര്യമാണെന്നോ അവിടെ അഴിമതി ഇല്ലെന്നോ എന്നൊന്നും പറയാനാവില്ല. എന്നാല്‍ പാവപ്പെട്ടവര്‍ക്ക് അവര്‍ എന്നെന്നും കണ്‍കണ്ട ദൈവമാണ്- എന്നതായിരുന്നു ആ പോസ്റ്റ്.

തിങ്കളാഴ്ച രാത്രി 11.30 മണിയോടെയാണ് തമിഴരുടെ അമ്മ ഇഹലോക വാസം വെടിഞ്ഞത്.

'ജയലളിതായുഗം അവസാനിക്കുന്നതോടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാകും'; ബി ജെ പി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍




Keywords : Tamilnadu, Chief Minister, Jayalalitha, BJP, Leader, K. Surendran, Kerala, Facebook, Controversy on K Surendran's facebook post.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia